അനുഭവിച്ചറിയാം അക്ഷരങ്ങളെ

അക്ഷരമ്യൂസിയത്തിൽ ഭാഷാവളർച്ചയുടെ ഘട്ടങ്ങൾ കാണുന്ന അലൻ ബി തോമസ്, എം എം കൃഷ്ണമീര, എൻ വി റാഫിദ എന്നിവർ
കോട്ടയം
‘ക്ലാസിന്റെ ഇടവേളകളിൽ ചായകുടിക്കാൻ പോകുമ്പോഴും സൗഹൃദചർച്ചകളിലും എന്നും ഇൗ കെട്ടിടം ചർച്ചാവിഷയമായിരുന്നു. എന്തായിരിക്കും അതിനകത്തെന്ന കൗതുകമായിരുന്നു മനസ് നിറയെ. അകത്ത് കയറിയപ്പോഴാണ് അറിവിന്റെ വിസ്‌മയമാണ് ഒരുക്കിയതെന്ന് മനസ്സിലായത്. എത്ര ലിപികളാ. ഇവിടെ വന്നാൽ മലയാള ഭാഷയുടെ ചരിത്രമറിയാം. വാമൊഴിയിൽനിന്ന് ഗുഹാവരകളായും ചിത്രലിപികളായും ഭാഷ പരിണമിക്കുന്നതുമറിയാം. ഞങ്ങളെപ്പോലുള്ള വിദ്യാർഥികൾക്കുൾപ്പെടെ ഭാഷയെക്കുറിച്ച് അറിയാനുള്ള ഒരിടമാണിത് ’– നാട്ടകം ഗവ. കോളേജിലെ വിദ്യാർഥികളായ എൻ വി റാഫിദയ്‌ക്കും അലൻ ബി തോമസിനും എം എം കൃഷ്ണമീരയ്‌ക്കും അക്ഷരം മ്യൂസിയത്തിൽ കണ്ട അത്ഭുത കാഴ്ചകളായിരുന്നു വാക്കുകളിലത്രയും. അടിസ്ഥാന വികസനങ്ങൾക്കൊപ്പം അറിവിന്റെ ലോകത്തെയും മുറുകെപ്പിടിച്ചുള്ള മുന്നേറ്റമാണ് എൽഡിഎഫ് സർക്കാർ ജില്ലയ്‌ക്ക് സമ്മാനിച്ചത്. അതിന്റെ ഇച്ഛാശക്തിയിൽ അക്ഷരനഗരിയിൽ നാട്ടകത്ത് ഒരുങ്ങിയത് ഇന്ത്യയിലെ ആദ്യ ഭാഷാ- സാഹിത്യ- സാംസ്കാരിക മ്യൂസിയവും. അക്ഷരങ്ങൾ കഥപറയുന്നൊരിടം. കാലത്തിന്റെ കൈയൊപ്പുകളിലൂടെയും ലോകഭാഷയുടെ അവിസ്‌മരണീയ യാത്രയാണ് നാട്ടകത്തെ അക്ഷരം മ്യൂസിയം. സംസ്ഥാന സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പ്രവർത്തനം. ഇന്ത്യയിലെയും ലോകത്തെലെയും ഭാഷകളുടെയും ലിപികളുടെയും പരിണാമ ചരിത്രം, മലയാള കവിത സാഹിത്യ ചരിത്രം, ഗദ്യ സാഹിത്യ ചരിത്രം, വൈജ്ഞാനിക സാഹിത്യം എന്നിവ അടങ്ങുന്ന വിപുലമായ ഗാലറികളാണ് ഒരുക്കിട്ടുള്ളത്. ആക്ടിവിറ്റി കോർണറുകൾ, ഡിജിറ്റൈസേഷൻ ലാബ്, ഓഡിയോ- വീഡിയോ സ്റ്റുഡിയോ, കുട്ടികളുടെ പാർക്ക്, വിപുലമായ പുരാരേഖാ--–പുരാവസ്തു ശേഖരങ്ങൾ തുടങ്ങിയവയും ഉൾപ്പെടുന്നു. 15 കോടിയോളം രൂപ ചെലവഴിച്ചാണ് മ്യൂസിയത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾക്കായി 14.98 കോടി രൂപയുടെ ഭരണാനുമതിയായി.









0 comments