മണിപ്പുർ : തിരിച്ചടി ഭയന്ന്‌ രാഷ്‌ട്രപതിഭരണം

manipur president's rule
വെബ് ഡെസ്ക്

Published on Feb 15, 2025, 12:00 AM | 2 min read


2023 മെയ്‌ മൂന്നിന്‌ ആരംഭിച്ച്‌ ഇപ്പോഴും നിലയ്‌ക്കാത്ത കലാപങ്ങളിൽ ആഴത്തിൽ പരിക്കേറ്റ ഒരു ജനത. മണിപ്പുരിലെ ആ പാവം മനുഷ്യരുടെ ചോരകിനിയുന്ന മുറിവുകളിൽ ഉപ്പുതേച്ചുകൊണ്ട്‌ അവിടെ രാഷ്‌ട്രപതി ഭരണം അടിച്ചേൽപ്പിച്ചിരിക്കുന്നു മോദി സർക്കാർ. കുക്കി– മെയ്‌ത്തീ വിഭാഗക്കാരെ തമ്മിലടിപ്പിച്ച്‌ ഇടയ്‌ക്കുനിന്ന്‌ ചോരകുടിച്ചു ചീർത്ത ബിജെപിക്ക്‌ സമീപകാലത്തുണ്ടായ വൻ രാഷ്‌ട്രീയ തിരിച്ചടി മറയ്‌ക്കുന്നതിനുകൂടിയാണ്‌ ഭരണഘടനയുടെ 356–-ാം വകുപ്പിന്റെ പ്രയോഗം. പാർലമെന്റ്‌ സമ്മേളനം കഴിഞ്ഞ്‌ മണിക്കൂറുകൾക്കകം, പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിലാണ്‌ നിർണായകമായ ഈ തീരുമാനം. മോദി അമേരിക്കൻ സന്ദർശനം കഴിഞ്ഞ്‌ തിരിച്ചെത്തിയശേഷമേ കേന്ദ്രമന്ത്രിസഭ മുൻകാല പ്രാബല്യത്തോടെ തീരുമാനത്തിന്‌ അംഗീകാരം നൽകൂ. രണ്ട്‌ നിയമസഭാ സമ്മേളനങ്ങൾക്കിടയിൽ ആറുമാസത്തിൽക്കൂടിയ ഇടവേള പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽക്കൂടിയാണ്‌ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചത്‌.


മണിപ്പുരിന്റെ ചരിത്രത്തിൽ പതിനൊന്നാം തവണയാണ് രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കുന്നത്‌. ഇതുവരെ രണ്ടു മുഖ്യമന്ത്രിമാർക്ക്‌ (റിഷാങ്‌ കെയ്‌ഷിങ്‌, ഇബോബി സിങ്‌) മാത്രമേ ഭരണത്തിൽ അഞ്ചുവർഷം പൂർത്തിയാക്കാനായിട്ടുള്ളൂ.

കേന്ദ്രഭരണം കൈയാളുന്ന ബിജെപിതന്നെ സംസ്ഥാനവും ഭരിക്കുമ്പോൾ അത്‌ ഇരട്ട എൻജിൻ സർക്കാരാകുമെന്ന വാചകമടിയുടെ പൊള്ളത്തരം വ്യക്തമാകുന്ന സംഭവവികാസങ്ങളാണ്‌ മണിപ്പുരിലേത്‌. ഭരണസ്ഥിരതയും വികസനവുമൊക്കെ അനായാസം നേടാനാകുമെന്നാണ്‌ ഈ അവകാശവാദത്തിന്റെ കാതൽ.


എന്നാൽ, മുന്നൂറിലധികം പേർ കൊല്ലപ്പെടുന്നതിനും അറുപതിനായിരത്തിലേറെ പേർ കുടിയൊഴിക്കപ്പെടുന്നതിനും സാക്ഷിയായ ഈ വടക്കുകിഴക്കൻ സംസ്ഥാനത്ത്‌ ഒരിക്കലെങ്കിലും ശമനൗഷധമാകാൻ ഈ ഇരട്ട എൻജിൻ സർക്കാരിന്‌ കഴിഞ്ഞില്ല. കലാപം നിയന്ത്രിക്കുന്നതിന്‌ പകരം ഒരു പക്ഷംചേർന്ന്‌ മുഖ്യമന്ത്രി ബിരേൻ സിങ് പ്രവർത്തിച്ചതിന്റെ ശബ്‌ദരേഖകൾ പുറത്തുവന്നത്‌ രാജ്യം ഞെട്ടലോടെയാണ്‌ കണ്ടത്‌. ജനങ്ങളെ ഒരുമിപ്പിക്കുന്നതിലല്ല, അവരെ തമ്മിൽ തല്ലിച്ച്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തുന്നതിലാണ്‌ തങ്ങൾക്ക്‌ താൽപ്പര്യമെന്ന്‌ ബിജെപി നേതൃത്വം ഇതിനുമുമ്പും തെളിയിച്ചിട്ടുണ്ട്‌. 2002ലെ ഗുജറാത്ത്‌ വംശഹത്യക്കാലത്ത്‌ സായുധരായ സംഘപരിവാർ അക്രമികൾ അഴിഞ്ഞാടുമ്പോൾ അവർക്ക്‌ മൗനംകൊണ്ട്‌ പിന്തുണ നൽകിയ, അവരെ നിയന്ത്രിക്കാൻ പൊലീസിന്‌ നിർദേശം നൽകാതിരുന്ന പഴയ ഗുജറാത്ത്‌ മുഖ്യമന്ത്രിയാണ്‌ ഇന്നത്തെ പ്രധാനമന്ത്രി എന്നോർക്കണം. ഇന്ത്യൻ ജനത ലോകത്തിനു മുന്നിൽ ഇത്രയും അപമാനിതരായ ഒരു കാലം ഉണ്ടായിട്ടില്ല.


മണിപ്പുരിന്റെ ചരിത്രത്തിലില്ലാത്തത്രയും ദീർഘമായ കലാപങ്ങൾക്കും പരിഹരിക്കാനാകാത്ത കെടുതികൾക്കും ഉത്തരവാദിയായ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപോലും രക്ഷിക്കാനാകാത്ത അവസ്ഥയിലാണ്‌ അദ്ദേഹത്തോട്‌ രാജിവയ്‌ക്കാൻ കേന്ദ്ര നേതൃത്വം നിർദേശിച്ചത്‌. ബിരേൻ സിങ്ങിന്‌ പകരക്കാരനെ കണ്ടെത്താൻ കഴിയാതെ ഉഴറിയ സാഹചര്യത്തിൽക്കൂടിയാണ്‌ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചത്‌. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മാരത്തൺ ചർച്ചകൾ നടത്തിയിട്ടും ഫലമില്ലാതായപ്പോഴാണ്‌ രാഷ്‌ട്രപതി ഭരണമെന്ന ഒറ്റമൂലി.


രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കുക എന്നാൽ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പൂർണമായി കവരുക എന്നാണർഥം. ജനഹിതം പൂർണമായും ബിജെപി നേതൃത്വത്തിന്‌ എതിരാണ്‌. സ്വന്തം പാർടിയിലെ എംഎൽഎമാർപോലും പിന്തുണയ്‌ക്കാൻ ഇല്ലാത്ത ദുരവസ്ഥയിലാണ്‌ ബിരേൻ സിങ് രാജിവച്ചത്‌. ജനഹിതം എതിരാണെന്ന്‌ സമ്മതിച്ച്‌ തെരഞ്ഞെടുപ്പ്‌ നേരിടാൻ ബിജെപിയുടെ ഇരട്ട എൻജിന്‌ പവറില്ലാതെ പോയിരിക്കുന്നു. തെരഞ്ഞെടുപ്പ്‌ നടന്നാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന ഭീതിയിലാണ്‌ പുതിയ നീക്കം.

കലാപത്തിന്‌ രണ്ടു വർഷം പിന്നിടാൻ ഇനി മൂന്നു മാസം തികച്ചില്ല. ഇത്രയും മരണങ്ങളുണ്ടായിട്ടും മണിപ്പുർ സന്ദർശിക്കാനോ ആ ജനതയ്‌ക്ക്‌ സാന്ത്വനമേകുന്ന രണ്ടു വാക്ക്‌ പറയാനോ തയ്യാറായിട്ടില്ല പ്രധാനമന്ത്രി.


പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രാലയം കൈയാളുന്ന അമിത്‌ ഷായുടെയും ദയനീയ പരാജയംതന്നെയാണ്‌ മണിപ്പുർ കാണിച്ചുതരുന്നത്‌. പരസ്‌പരം കലഹിക്കുന്ന ഗോത്രങ്ങളുടെ കലാപഭൂമിയാക്കി മണിപ്പുരിനെയും മറ്റ്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും മാറ്റിയതിനു പിന്നിൽ അധികാര ദുരമൂത്ത ബിജെപിയുടെ വിഭാഗീയ രാഷ്‌ട്രീയത്തിന്‌ വലിയപങ്കുണ്ട്‌. ജനങ്ങളെ ഭിന്നതമറന്ന്‌ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ക്ഷുദ്രമായ രാഷ്‌ട്രീയനേട്ടങ്ങൾക്കായി അവരെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന്റെ അനിവാര്യദുരന്തമാണ്‌ മണിപ്പുരിലെ സംഭവവികാസങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Home