മാലേഗാവ് വിധി രാജ്യത്തോട് പറയുന്നത്

ഗാന്ധിവധത്തോടെയാണ് ഭീകരപ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കപ്പെട്ടത് എന്ന് വിലയിരുത്താമെങ്കിലും തുടർന്നുള്ള ദശകങ്ങളിൽ ഹിന്ദുത്വഭീകരവാദം എന്ന സംജ്ഞ ഇന്ത്യയുടെ രാഷ്‌ട്രീയ വ്യവഹാരങ്ങളിൽ അത്ര പ്രത്യക്ഷമല്ലായിരുന്നു. മാലേഗാവ് സ്‌ഫോടനക്കേസിൽ ആർഎസ്‌എസുമായി അടുത്ത ബന്ധമുള്ള അഭിനവ് ഭാരത് എന്ന സംഘടനയിലെ പ്രഗ്യാ സിങ് ഠാക്കൂർ അടക്കമുള്ളവരെ മഹാരാഷ്‌ട്രയിലെ ആന്റി ടെററിസം സ്‌ക്വാഡ് പിടികൂടിയതോടെയാണ് ഹിന്ദുത്വഭീകരർ സംഘടിതമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ രാജ്യത്തെ ഞെട്ടിക്കുന്ന സ്‌ഫോടനങ്ങൾ നടത്തുന്നുണ്ടെന്നും വ്യക്തമാകുന്നത്.
അതുവരെ പാർലമെന്റിലും മറ്റും ബിജെപിക്കാർ പ്രചരിപ്പിച്ചു വന്നത് ‘എല്ലാ മുസ്ലിങ്ങളും ഭീകരരല്ല, പക്ഷേ ഭീകരരെല്ലാം മുസ്ലിങ്ങളാണ്’ എന്നായിരുന്നു. ഭീകരരിൽ ഒരു ഹിന്ദുപോലും ഇല്ലെന്നും ഹിന്ദുക്കൾക്ക് ഭീകരരാകാൻ സാധിക്കില്ലെന്നുമുള്ള വാദം ആ ലളിതയുക്തിയിൽ അന്തർലീനമായിരുന്നു. ഭീകരപ്രവർത്തനം മുസ്ലിങ്ങൾ മാത്രം നടത്തുന്ന ഗൂഢപ്രവൃത്തിയാണെന്ന ആ ആഖ്യാനമാണ് മാലേഗാവ് കേസിൽ പ്രഗ്യാ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത്, മേജർ രമേശ് ഉപാധ്യായ, അജയ് രാഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരെ പിടികൂടിയതോടെ റദ്ദാക്കപ്പെട്ടത്. ഇവരെ കുറ്റവിമുക്തരാക്കിക്കൊണ്ടാണ് വ്യാഴാഴ്‌ചത്തെ എൻഐഎ പ്രത്യേക കോടതി വിധി. ഇന്ത്യൻ ഭരണസംവിധാനത്തിൽ സംഘപരിവാറിനുള്ള ഇടപെടൽശേഷിയെക്കുറിച്ച് അറിയാവുന്ന ആരെയും ഇത് അത്‌ഭുതപ്പെടുത്തുന്നില്ല. ദേശീയ അന്വേഷണ ഏജൻസിക്ക് മാലേഗാവ് കേസ് കൈമാറിയപ്പോൾത്തന്നെ ഈ കേസിന്റെ ഗതി പ്രവചിക്കപ്പെട്ടിരുന്നു.
മഹാരാഷ്‌ട്രയിലെ മാലേഗാവിൽ പള്ളിക്ക് സമീപം മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറ് പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെപ്പേർക്ക് പരിക്കേറ്റു. ചില മുസ്ലിം സംഘടനകൾക്കുമേൽ കുറ്റം ചാരി. കുറേ മുസ്ലിങ്ങളെ ഭേദ്യംചെയ്‌ത് തടവിലിട്ടു. എന്നാൽ ഹേമന്ത് കർക്കറെ എന്ന ധീരനായ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ യഥാർഥ പ്രതികളെ പിടികൂടിയപ്പോൾ ലഭിച്ച വിവരം മഞ്ഞുമലയുടെ മുകളറ്റം മാത്രമായിരുന്നു. 2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപ്പത്തിന് സമീപം സംഝോത എക്‌സ്‌പ്രസിൽ 67 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനും ഹൈദരാബാദ് മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും പിന്നിൽ ഇതേ ശക്തികളാണെന്ന് പിന്നീട് തെളിഞ്ഞു. അതിനും മുമ്പ് 2006 സെപ്തംബറിൽ മാലേഗാവിലെ ഒരു പള്ളിയിലെ ഖബർസ്ഥാനിൽ സൈക്കിളിനോട് ചേർത്തുവച്ച ഇരട്ട ബോംബുകൾ പൊട്ടിത്തെറിച്ച് നാൽപ്പതിലധികം പേർ കൊല്ലപ്പെട്ടിരുന്നു. 2007 ഒക്ടോബർ 11ന് അജ്മീറിലെ ഖ്വാജ മൊയ്നുദീൻ ദർഗയിൽ സംഘപരിവാർ സംഘം നടത്തിയ സ്‌ഫോടനത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞില്ല, മഹാരാഷ്‌ട്രയിലെ ജൽനയിലും പർബാനിയിലും ഗുജറാത്തിലെ മൊദാസയിലും സ്‌ഫോടനം നടത്തി സംഘപരിവാർ ഭീകരർ. 17 വർഷത്തിനുശേഷം പ്രഗ്യാ സിങ് അടക്കമുള്ളവരെ പ്രത്യേക എൻഐഎ കോടതി കുറ്റവിമുക്തരാക്കുമ്പോൾ ആർഎസ്‌എസ് എന്ന ഭീകരസംഘടനയ്‌ക്കു കീഴിലുള്ള ഭൂതഗണങ്ങളെ മോദി സർക്കാർ എത്ര അരുമയോടെയാണ് പരിപാലിക്കുന്നതെന്ന് വ്യക്തമാകുകയാണ്. 2019ൽ ഭോപാൽ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ബിജെപി ടിക്കറ്റിൽ പ്രഗ്യാ സിങ്ങിനെ മത്സരിപ്പിച്ചപ്പോൾ ഭീകരതയ്‌ക്കാണ് ബിജെപി നേതൃത്വം തുല്യം ചാർത്തിയത്. വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി എൻഐഎ പ്രത്യേക കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കുമ്പോൾ രോഹിണി സാലിയാൻ എന്ന മുൻ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വാക്കുകൾ അത്രമേൽ പ്രസക്തമാണ്. പ്രഗ്യാ സിങ്ങിന്റെ ബൈക്കിലാണ് ബോംബ് വച്ചത് എന്നതിനും ബോംബ് നിർമിച്ചത് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് ആണെന്നതിനും തെളിവില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുമ്പോൾ രോഹിണി സാലിയാൻ നേരത്തേ ഭയപ്പെട്ടതുതന്നെ സംഭവിച്ചിരിക്കുന്നു. പ്രതികൾക്കെതിരെയുള്ള നിലപാടുകൾ നേർപ്പിക്കാൻ തന്നോടാവശ്യപ്പെട്ടിരുന്നു എന്ന് അവർ വിധി വന്നശേഷവും ആവർത്തിച്ചു. സംഘപരിവാറുകാർ പ്രതികളായ എല്ലാ കേസുകളിലും ഇതുതന്നെയാണ് സംഭവിച്ചത്. അല്ലെങ്കിൽ കൊടുംഭീകരനായ അസീമാനന്ദയെപ്പോലുള്ളവർ നിയമത്തിന്റെ കൈകളിൽനിന്ന് രക്ഷപ്പെടില്ലായിരുന്നു.
ഈ സാഹചര്യത്തിൽ ഹേമന്ത് കർക്കറെയുടെ ദുരൂഹമരണവും ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രഗ്യാ സിങ്ങിനെയും കൂട്ടരെയും അറസ്‌റ്റ് ചെയ്‌തതുമുതൽ കർക്കറെയെ വേട്ടയാടുകയായിരുന്നു ബിജെപി നേതാക്കൾ. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനിടെയാണ് കർക്കറെ ദുരൂഹമായി കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റ് മോർച്ചറിയിൽനിന്ന് നിഗൂഢമായി അപ്രത്യക്ഷമായിരുന്നു. ഹിന്ദുത്വ എന്ന അർബുദം രാഷ്‌ട്രശരീരത്തെ എത്രമാത്രം ഗ്രസിച്ചിരിക്കുന്നു എന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്.









0 comments