വിജയമുറപ്പിക്കാൻ ഇടതുപക്ഷം

wayanad housewife suicide
വെബ് ഡെസ്ക്

Published on Nov 13, 2025, 12:01 AM | 2 min read


വീണ്ടും ഒരു തദ്ദേശ തെരഞ്ഞെടുപ്പിന് നാടൊരുങ്ങി. രണ്ടുഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പുനടപടികൾ പൂർത്തിയാകുക. പെരുമാറ്റച്ചട്ടം നിലവില്‍വന്നു. 14ന് വിജ്ഞാപനം ഇറങ്ങിയാല്‍ നാമനിര്‍ദേശപത്രിക സ്വീകരിച്ചുതുടങ്ങും. ഡിസംബര്‍ ഒന്പതിനും 11നുമായാണ് തെരഞ്ഞെടുപ്പ്. 13ന് വോട്ടെണ്ണലും. പുതിയ ഭരണസമിതികള്‍ 20ന് നിലവില്‍വരും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി സംസ്ഥാനത്താകെ 23,612 ജനപ്രതിനിധികളാണ് ചുമതലയേൽക്കുക. വാര്‍ഡ് വിഭജനത്തെ തുടര്‍ന്ന് 2020നേക്കാള്‍ 1712 ജനപ്രതിനിധികളെ കൂടുതല്‍ തെരഞ്ഞെടുക്കണം.


നാട്ടിലാകെ പ്രചാരണപ്രവർത്തനങ്ങള്‍ ആരംഭിച്ചു. പരമ്പരാഗതരീതികൾക്കപ്പുറം സമൂഹമാധ്യമങ്ങൾവഴിയാണ് ഇക്കുറി പോരാട്ടത്തിന് തുടക്കമായത്. മുഖ്യമായും രണ്ടു മുന്നണിയാണ് നേര്‍ക്കുനേര്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നത്. സിപിഐ എം നേതൃത്വം നൽകുന്ന എൽഡിഎഫും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും. കാലാകാലങ്ങളില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനുതന്നെയാണ് മേൽക്കൈ. ഇത്തവണയും അതിന്‌ മാറ്റംവരാൻ ഇടയില്ലെന്നുമാത്രമല്ല, ഒരിക്കലും ഇടതുപക്ഷത്തോട് ആഭിമുഖ്യം കാണിക്കാതിരുന്ന പ്രദേശങ്ങള്‍പോലും മാറി ചിന്തിക്കുന്ന അവസ്ഥയാണ്. വര്‍ധിതമായ ആത്മവിശ്വാസത്തോടുകൂടിയാണ് എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ഒമ്പതരവർഷമായി സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും നാട്ടിലാകെ നടപ്പാക്കിയ വികസനപദ്ധതികളും ജനങ്ങൾ വിലയിരുത്തും. എണ്ണിയെണ്ണി പറയാവുന്ന നേട്ടങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്.


തദ്ദേശസമിതികള്‍വഴി വികസന, ക്ഷേമ പ്രവര്‍ത്തനം കൃത്യമായി നടപ്പാക്കാനും അത് എല്ലാ വിഭാഗം ജനങ്ങളിൽ എത്തിക്കാനും സാധിച്ചു. വ്യവസായസംരംഭം തുടങ്ങുന്നതിന്, വിജ്ഞാനാധിഷ്ഠിത തൊഴില്‍പരിശീലനത്തിന്, അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍, കിടപ്പാടം ഇല്ലാത്തവര്‍ക്ക് വീട് ഉറപ്പാക്കാന്‍, അതിദാരിദ്ര്യം ഇല്ലാതാക്കാൻ എന്നിങ്ങനെ എല്ലാ ജനകീയ ഇടപെടലും ഏറെ പ്രശംസനീയമായ വിധത്തില്‍ നടപ്പാക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചു. ഫണ്ട് വിനിയോഗത്തിലും തദ്ദേശസമിതികളില്‍ ഭൂരിപക്ഷവും കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നത്. അതില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതികളാണ് മുന്നില്‍ നില്‍ക്കുന്നത്. ഇതിന്റെ തുടര്‍ച്ച നാടിന്റെ ആവശ്യമാണ്. ഇത്തരത്തില്‍ വികസന, ജനക്ഷേമ പദ്ധതികൾ തയ്യാറാക്കാനും അവ ഫലപ്രദമായി നടപ്പാക്കാനും സാധിക്കുന്നത് മാറിമാറി വന്ന എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നടപ്പാക്കിയ അധികാരവികേന്ദ്രീകരണത്തിന്റെ ഫലമാണ്.


സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ഇ എം എസിന്റെ നേതൃത്വത്തില്‍ തുടങ്ങിവച്ച നടപടികളാണ് നാടിന്റെ മുഖച്ഛായ മാറ്റിയത്. ജനകീയാസൂത്രണപ്രക്രിയ നടപ്പാക്കിയതും വാര്‍ഡ്, ഗ്രാമസഭകള്‍ ചേര്‍ന്ന് ജനകീയാവശ്യങ്ങള്‍ അറിഞ്ഞ് തദ്ദേശസ്ഥാപനത്തിന്റെ പദ്ധതിപ്രവര്‍ത്തനം മുന്നോട്ട്‌ കൊണ്ടുപോകുന്നതിന് തുടക്കമിട്ടതും ഇടതുപക്ഷ സര്‍ക്കാരുകളാണ്. ജനകീയ അഭിലാഷങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ രാജ്യത്തിനുതന്നെ മാതൃകയായ ഭരണനിര്‍വഹണ നടപടികളാണ് കേരളത്തിൽ നിലവിലുള്ളത്. അതിന്റെ തുടര്‍പ്രവര്‍ത്തനത്തിനാണ് ഈ തെരഞ്ഞെടുപ്പിലൂടെ ജനം വിധിയെഴുതുക. തീര്‍ച്ചയായും അത് എ‍ല്‍ഡിഎഫിന് അനുകൂലമാകുമെന്ന്‌ ഉറപ്പാണ്‌.


തികഞ്ഞ ശുഭാപ‍്തിവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. നവകേരളസൃഷ്ടി ലക്ഷ്യംവച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ഇതിനകം വലിയ പിന്തുണയാണ് എല്ലാ മേഖലയില്‍നിന്നും ലഭിച്ചിട്ടുള്ളത്. പ്രചാരണത്തിന്റെ ഭാഗമായ എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍ തുടങ്ങി. സ്ഥാനാര്‍ഥികളുടെ പ്രചാരണവും തുടങ്ങി. അതേസമയം, ചേരിതിരിഞ്ഞ് തമ്മിലടിയുടെ വാര്‍ത്തകളാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍നിന്ന് വരുന്നത്. അതില്‍ ആ മുന്നണിയിലെ ‌ഒരു ഘടകകക്ഷിയും വേറിട്ട് നില്‍ക്കുന്നില്ല. അധികാരമില്ലെങ്കില്‍ ഭ്രാന്തുപിടിക്കുന്ന അവസ്ഥയില്‍, ഏതുവിധത്തിലും അധികാരം നേടുക എന്ന ലക്ഷ്യത്തോടെ എല്ലാതരത്തിലുമുള്ള വര്‍ഗീയകൂട്ടുകെട്ടിനും അവര്‍ പ്രവര്‍ത്തനം തുടങ്ങി. മുമ്പ് രഹസ്യമായിരുന്നെങ്കില്‍ ഇപ്പോള്‍ പരസ്യമായിത്തന്നെയാണ് വര്‍ഗീയകക്ഷികളുമായി യുഡിഎഫ് ധാരണയുണ്ടാക്കുന്നത്.


വികസനം മാത്രമല്ല, സാമൂഹ്യാന്തരീക്ഷത്തിന് പോറലേല്‍ക്കാത്തവിധം ജനങ്ങളെ ജാതി, മത ധ്രുവീകരണത്തില്‍നിന്ന് മാറ്റി ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കാന്‍ ഇടയാക്കിയത് ഇടതുപക്ഷത്തിന്റെ ഇടപെടലാണെന്നത് പരക്കെ അംഗീകരിച്ചതാണ്. അതിനാല്‍ വികസന, ക്ഷേമ പ്രവര്‍ത്തനത്തിനൊപ്പം ഐക്യവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാനും വർഗീയ ശക്തികളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് നാടിന്റെയാകെ ആവശ്യമാണ്. വ്യക്തിപരമായ സൗഹൃദങ്ങളിലൂന്നിയല്ല വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് വ്യക്തം. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയെന്ന നിലയിലും ഈ വോട്ടെടുപ്പിന്റെ പ്രാധാന്യം ഏറെയാണ്. അത് മനസ്സിലാക്കി സമ്മതിദാനം വിനിയോഗിക്കുന്നതില്‍ ഏവരുടെയും പങ്കാളിത്തം ഉറപ്പാക്കണം.



deshabhimani section

Related News

View More
0 comments
Sort by

Home