തദ്ദേശവികസനത്തിന്റെ കരുത്തിൽ ക്ഷേമവും കരുതലും

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുവിജ്ഞാപനം വന്ന ഉടൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുകമാത്രമല്ല, നാലാംദിവസംതന്നെ പ്രകടനപത്രികയും പുറത്തിറക്കി. അതിദാരിദ്ര്യമുക്തമായ കേരളം ഇനി കേവലദാരിദ്ര്യവും തുടച്ചുനീക്കുമെന്നതുൾപ്പെടെ നാടിന് ക്ഷേമവും വികസനത്തുടർച്ചയും ഉറപ്പാക്കുന്നതാണ് ‘എൽഡിഎഫ്–2025 തദ്ദേശ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ’.
ആദ്യ ഇ എം എസ് സർക്കാരിന്റെ കാലംമുതൽ ഇടതുപക്ഷ സർക്കാരുകളുടെ ജനപക്ഷ വികസനകാഴ്‌ചപ്പാടും അധികാരവികേന്ദ്രീകരണത്തിലും സ്‌ത്രീശാക്തീകരണത്തിലും രാജ്യത്തിനുതന്നെ മാതൃകയായ നയവുമാണ് കേരളത്തെ മുൻനിരയിലേക്ക് ഉയർത്തിയത്. 1996ൽ ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ജനകീയാസൂത്രണ പദ്ധതി തദ്ദേശഭരണസ്ഥാപനങ്ങളെ ശക്തമാക്കാൻ അടിത്തറയിട്ടു. 2021ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വാഗ്‌ദാനമായിരുന്നു കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കും എന്നത്. വീണ്ടും അധികാരത്തിൽ വന്ന പിണറായി സർക്കാർ അത് യാഥാർഥ്യമാക്കി.
എല്ലാവർക്കും വീടും ഭക്ഷണവും മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ചികിത്സാസംവിധാനവും ഉറപ്പാക്കൽ, വ്യവസായസൗഹൃദ സംസ്ഥാനമാക്കൽ, വൈജ്ഞാനികസമൂഹം സൃഷ്‌ടിക്കുക എന്നീ ലക്ഷ്യത്തോടെ നവകേരള നിർമാണപ്രക്രിയയുടെ ഭാഗമായ മറ്റു പദ്ധതികളും അതിവേഗം മുന്നേറുകയാണ്.
കേന്ദ്രസർക്കാർ സൃഷ്‌ടിക്കുന്ന സാന്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള എൽഡിഎഫ് നയം സംസ്ഥാന സർക്കാർ ഉയർത്തിപ്പിടിക്കുന്നു. 2011–16ലെ യുഡിഎഫ് സർക്കാർ 30,000 കോടി രൂപയിൽ താഴെമാത്രം തദ്ദേശസ്ഥാപനങ്ങൾക്ക് ഗ്രാന്റ് നൽകിയപ്പോൾ ഇപ്പോഴത്തെ (2021–26) എൽഡിഎഫ് സർക്കാർ 70,000 കോടിയാണ് നൽകിയത്. 25 വർഷംകൊണ്ട് ജീവിതനിലവാരത്തിൽ വികസിത, മധ്യവരുമാന രാഷ്‌ട്രങ്ങൾക്കൊപ്പം കേരളത്തെ ഉയർത്തുക എന്ന വികസനകാഴ്‌ചപ്പാടോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്.
കോർപറേറ്റുവൽക്കരണത്തിലൂടെയും വർഗീയവൽക്കരണത്തിലൂടെയും ജനങ്ങളെ പൊറുതിമുട്ടിക്കുന്ന കേന്ദ്രസർക്കാർ ഫെഡറൽസംവിധാനം കാറ്റിൽപ്പറത്തി കേരളത്തിന് കിട്ടേണ്ട പദ്ധതിവിഹിതവും സാന്പത്തികസഹായവും നിഷേധിക്കുന്പോഴാണ് കേരളം അതിജീവനപാതയിൽ മുന്നേറുന്നത്. കേരളത്തെ ഇങ്ങനെ സാന്പത്തികമായി ഞെരുക്കുന്പോഴും രാഷ്‌ട്രീയവിരോധത്തിന്റെപേരിൽ കേന്ദ്രത്തിന് കൂട്ടുനിൽക്കുന്ന സമീപനമാണ് കോൺഗ്രസ് തുടരുന്നത്.
ഇൗ സവിശേഷ സാഹചര്യത്തിലാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളുടെ പ്രസക്തി വർധിക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുവികസനത്തോടൊപ്പം ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ തൊട്ടറിഞ്ഞുള്ള വികസനവും ദുർബലവിഭാഗങ്ങളെ കൈപിടിച്ചുയർത്തി ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ക്ഷേമപദ്ധതികളും പ്രകടനപത്രിക മുന്നോട്ടുവയ്‌ക്കുന്നു.
അതിദാരിദ്ര്യത്തിൽനിന്ന് കരകയറ്റുമെന്ന തെരഞ്ഞെടുപ്പുവാഗ്‌ദാനം 64,006 കുടുംബങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും ജീവനോപാധികളും നൽകി നടപ്പാക്കി. അടുത്തഘട്ടമായി കേവലദാരിദ്ര്യമുള്ള കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യമുക്തമാക്കും എന്നതാണ് പ്രധാന വാഗ്‌ദാനമായി മുന്നോട്ടുവയ്‌ക്കുന്നത്. 4.71 ലക്ഷം വീടുകൾ നിർമിച്ച്, 5.29 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ലൈഫ് ഭവനപദ്ധതി. ഇതിൽ ഉൾപ്പെടാതെപോയ കുടുംബങ്ങളുണ്ടെങ്കിൽ അവർക്കും അഞ്ചുവർഷത്തിനുള്ളിൽ വീട് ലഭ്യമാക്കുമെന്ന വാഗ്‌ദാനവും ഭവനരഹിതർക്ക് ഗുണമാകും. കുടുംബശ്രീ പ്രസ്ഥാനത്തിന് കൂടുതൽ ഗ്രാന്റ് അനുവദിക്കുമെന്നും കുടുംബശ്രീയും വിജ്ഞാനകേരളവും ചേർന്ന് 20 ലക്ഷം സ്‌ത്രീകൾക്ക് തൊഴിൽ നൽകുമെന്നുമുള്ള പദ്ധതി ഗ്രാമീണസ്‌ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തും. എല്ലാവർക്കും ഭക്ഷണം എന്ന ലക്ഷ്യത്തോടെ കൊച്ചിയിലെ ‘സമൃദ്ധി’യുടെ മാതൃകയിൽ കൂടുതൽ ജനകീയ ഭക്ഷണശാലകൾ ആരംഭിക്കും. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും രണ്ടുനേരം ഒപി, ജീവിതശൈലീരോഗമുള്ള വയോജനങ്ങൾക്ക് സൗജന്യമായി മരുന്ന്, കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് സേവനം എന്നിവ എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുകളാണ്. ഭിന്നശേഷി പുനരധിവാസകേന്ദ്രം സ്ഥാപിക്കും. ബഡ്‌സ് സ്‌കൂളുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. തെരുവുനായപ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതിയും വന്യജീവിസംഘർഷം ലഘൂകരിക്കാനുള്ള പ്രതിരോധപദ്ധതിയുമുണ്ട്. എല്ലാ തദ്ദേശസ്ഥാപനത്തിലും മിനി വ്യവസായ പാർക്കും അഭ്യസ്‌തവിദ്യരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയുമുണ്ട്.
സംസ്ഥാന സർക്കാർ ഓരോ വർഷവും അവതരിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടിന്റെ മാതൃകയിൽ, തദ്ദേശസ്ഥാപനങ്ങളിലെ എൽഡിഎഫ് ഭരണസമിതികളും വാഗ്‌ദാനങ്ങൾ നടപ്പാക്കിയത് അവലോകനം ചെയ്‌ത് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവും ശ്ലാഘനീയമാണ്.
നടപ്പാക്കുമെന്ന് ഉറപ്പുള്ള വാഗ്‌ദാനങ്ങളാണ് എൽഡിഎഫ് ജനങ്ങളുടെ മുന്നിൽ വയ്‌ക്കുന്നത്. കഴിഞ്ഞ ഒന്പതരവർഷം തദ്ദേശസ്ഥാപനങ്ങളെ ചേർത്തുനിർത്തി സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന, ക്ഷേമ പദ്ധതികളുടെ വിജയവും അതാണ് തെളിയിക്കുന്നത്. ഇൗ നേട്ടങ്ങളുടെ കരുത്തിലാണ് ജീവിതനിലവാരത്തിലും വിദ്യാഭ്യാസ, സാന്പത്തിക, വ്യവസായ വളർച്ചയിലും സാമൂഹ്യക്ഷേമ പദ്ധതികളിലും കേരളം ലോകത്തിന് മാതൃകയാകുന്നതും. നവകേരളത്തിലേക്കുള്ള ഇൗ മുന്നേറ്റത്തിന് കരുത്തുപകരുന്നതാണ് ‘വികസനത്തുടർച്ചയ്‌ക്ക്, ജനക്ഷേമത്തിന്, മതനിരപേക്ഷതയ്‌ക്ക് ഇടതുപക്ഷത്തിനൊപ്പം’ എന്ന മുദ്രാവാക്യമുയർത്തുന്ന ‘എൽഡിഎഫ്–2025 തദ്ദേശ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ’. വികസനവും ക്ഷേമവും അധികാരവികേന്ദ്രീകരണവും തുടരണമെന്ന ജനാഭിലാഷം യാഥാർഥ്യമാക്കാൻ എൽഡിഎഫിന്റെ വിജയം ഉറപ്പാക്കുന്നതാണ് ഇൗ പ്രകടനപത്രിക.







0 comments