പുതിയ കുതിപ്പിന് വികസന സദസ്സുകൾ

അധികാരം ജനങ്ങളിലേക്ക് എന്ന ജനാധിപത്യലക്ഷ്യത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ് തിങ്കളാഴ്ച സംസ്ഥാനത്ത് ആരംഭംകുറിച്ച തദ്ദേശസ്ഥാപനങ്ങളിലെ വികസന സദസ്സുകൾ. പ്രദേശത്തെ വികസനം സംബന്ധിച്ച് ജനങ്ങളിൽനിന്ന് ആശയങ്ങൾ സ്വീകരിക്കുകയാണ് വികസന സദസ്സുകളുടെ ലക്ഷ്യം. പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന് പഞ്ചായത്തുതലത്തിലും നഗരസഭ, കോർപറേഷൻ തലങ്ങളിലും വികസന സദസ്സുകൾ സംഘടിപ്പിക്കും. പൊതുജനങ്ങൾക്ക് നേരിട്ടും ഓൺലൈനായും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാം. പ്രാദേശിക വികസന പദ്ധതികൾക്ക് രൂപംനൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പൊതുജനാഭിപ്രായം മാർഗനിർദേശകമാകും. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിൽ ഓരോ പ്രദേശത്തിന്റെയും പ്രത്യേകവും തനതുമായ വികസന പദ്ധതികൾ ഉൾക്കൊള്ളിക്കുന്നതിനും വികസന സദസ്സുകൾ ഉപയുക്തമാകും. ഫലത്തിൽ സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളെയും പ്രത്യേകമായി പരിഗണിക്കുന്നതും സർവതോമുഖമായ വളർച്ചയ്ക്ക് ഉതകുന്നതുമായ വികസനമാതൃക രൂപപ്പെടുത്തുന്നതിലേക്കുള്ള പ്രധാന ചവിട്ടുപടിയാവുകയാണ് വികസന സദസ്സുകൾ.
തിങ്കളാഴ്ച തിരുവനന്തപുരം കോർപറേഷനിൽ തുടക്കംകുറിച്ച് ഒക്ടോബർ 20 വരെ തുടരുന്ന വികസന സദസ്സുകളിൽ പ്രാദേശിക വികസനത്തിലുണ്ടായ നേട്ടങ്ങളും ചർച്ചയാകും. അതിന്റെകൂടി അടിസ്ഥാനത്തിലാകും ഭാവിവികസനം സംബന്ധിച്ച ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുക. ഇതിനായി തദ്ദേശഭരണ സ്ഥാപനത്തിന്റെ വികസന നേട്ടങ്ങൾ വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചെയ്യും. അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം തുടങ്ങിയ പദ്ധതികളുടെ നേട്ടങ്ങളും അവയുടെ പ്രവർത്തനങ്ങളും സെക്രട്ടറിമാർ വിശദീകരിക്കും.
സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ള ആളുകൾക്ക് പങ്കെടുക്കാനാകുംവിധമാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുക. പഞ്ചായത്തുകളിൽ 250 മുതൽ 300 പേർവരെയും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 750 മുതൽ ആയിരം പേർവരെയും പങ്കെടുക്കും. മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും വിവിധ മേഖലകളിലെ വിദഗ്ധരും വികസന സദസ്സുകളിൽ പങ്കാളികളാകും. ത്രിതലപഞ്ചായത്തുകളിലൂടെ അധികാരവികേന്ദ്രീകരണം സാധ്യമാക്കിയ സംസ്ഥാനമാണ് കേരളം. ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കൈവരിച്ച നേട്ടങ്ങൾ നിസ്തുലമാണ്.
തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള വിദ്യാലയങ്ങളും ആശുപത്രികളും വികസിത രാജ്യങ്ങളുടെ നിലവാരത്തോട് കിടപിടിക്കുംവിധം ആധുനികവൽക്കരിക്കപ്പെട്ടു. സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുക എന്ന സ്വപ്‌നതുല്യമായ ലക്ഷ്യത്തോടടുക്കുന്ന നവകേരളം മാലിന്യമുക്തം പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ ക്രിയാത്മകപ്രവർത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ്. അടുത്ത കേരളപ്പിറവിദിനത്തിൽ അതിദാരിദ്ര്യ മുക്തമെന്ന പദവി സംസ്ഥാനം കൈവരിക്കുമ്പോൾ ആ നേട്ടത്തിലും തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് എടുത്തുപറയാതിരിക്കാനാകില്ല. അടിസ്ഥാന ജനവിഭാഗങ്ങളെ പ്രത്യേകം പരിഗണിച്ചുള്ള എൽഡിഎഫ് സർക്കാരിന്റെ സമഗ്ര വികസന നയത്തിനുകീഴിൽ തദ്ദേശസ്ഥാപനങ്ങൾ കൈവരിച്ച കുതിപ്പിനുള്ള അടുത്ത ചവിട്ടുപടിയായാണ് വികസന സദസ്സുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചതുപോലെ സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം ഇനിയും കൂട്ടുകയെന്നതാണ് വികസന സദസ്സുകളുടെ ലക്ഷ്യം. അത് അധികാരം ജനങ്ങൾക്ക് കൈമാറുന്ന പ്രക്രിയയുടെ ഭാഗവുമാണ്. തങ്ങളുടെ ഭാവി തങ്ങൾക്കുതന്നെ തീരുമാനിക്കാൻ കഴിയുന്നതരത്തിലേക്ക് ജനങ്ങളെ വികസന പ്രക്രിയയിൽ പങ്കാളികളാക്കുകയാണ് ഇവിടെ. രാഷ്ട്രീയമായ വിയോജിപ്പുകളുടെ പേരിൽ വികസന സദസ്സുകളുടെനേരേ മുഖംതിരിക്കരുതെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന ഏറെ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. സകല ജനവിഭാഗങ്ങളെയും പരിഗണിക്കുന്ന, സമഗ്രവികസനം സാധ്യമാക്കുന്ന നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിൽ എല്ലാ കേരളീയരുടെയും പങ്കാളിത്തം അനിവാര്യമാണ്. വികസന സദസ്സുകൾ അതിനുള്ള വേദിയാണ് ഒരുക്കുന്നത്.









0 comments