കൊലവിളിയുമായി വീണ്ടും കെഎസ്‌യു

കലിക്കറ്റ് സർവകലാശാലാ ഡി സോൺ കലോത്സവവേദിയെ അക്ഷരാർഥത്തിൽ കൊലക്കളമാക്കാനുള്ള ആസൂത്രിതനീക്കമാണ് കഴിഞ്ഞദിവസം തൃശൂരിലെ മാള ഹോളി ഗ്രേസ് കോളേജിൽ കണ്ടത്. ഇരുമ്പുവടികളും മാരകായുധങ്ങളുമായി കെഎസ്‌യു സംഘം എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നില്ല. ഗുരുതരപരിക്കേറ്റ എസ്‌എഫ്‌ഐ പ്രവർത്തകരെ അക്രമികളായി മുദ്രകുത്താനുള്ള ശ്രമമാണ് അതിനുശേഷം അരങ്ങേറിയത്. കൊലയാളികളെ വിശുദ്ധരാക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണകൂടി ഉറപ്പിച്ചാണ് അക്രമിസംഘം ക്യാമ്പസിൽ തമ്പടിച്ചതെന്നും വ്യക്‌തം.
ഡി സോൺ മത്സരത്തിനിടെ ഉണ്ടായത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമല്ല. കെഎസ്‌യു ആസൂത്രിതമായി നടത്തിയ വധശ്രമമാണ്. ആക്രമണം ആരംഭിച്ചതുതൊട്ട് ആംബുലൻസിൽ രക്ഷപ്പെട്ടതുവരെയുള്ള സംഭവങ്ങൾ ഇത് വ്യക്തമാക്കുന്നു. മത്സരനടത്തിപ്പും ഫലപ്രഖ്യാപനവും പോയിന്റ് നില പ്രസിദ്ധപ്പെടുത്തലുമെല്ലാം അനന്തമായി വൈകുന്നത് ചോദ്യം ചെയ്‌ത മത്സരാർഥികളെയും കോളേജ് യൂണിയൻ ഭാരവാഹികളെയും കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മാരകായുധങ്ങൾ ശേഖരിച്ചതുതന്നെ മുന്നൊരുക്കം വെളിവാക്കുന്നു. ‘‘കൈയും കാലും തല്ലിയൊടിക്ക്. വേണമെങ്കിൽ കൊന്നോ....ജയിലിലേക്ക് ഞാൻ പൊയ്‌ക്കോളാം ’’ എന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികളായ വിദ്യാർഥികൾ പറഞ്ഞു.
കലോത്സവ വേദികളെ കലാപഭൂമിയാക്കുവാൻ കെഎസ്‌യു ശ്രമിക്കുന്നത് ഇതാദ്യമല്ല. തൃശൂർ ഗവ. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആർ കെ കൊച്ചനിയനെ കെഎസ്‌യുക്കാർ കുത്തിക്കൊന്നത് കലിക്കറ്റ് യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസിൽവച്ചാണ്–- 1992ൽ. ഇതിനുമുമ്പും ശേഷവും പലവട്ടം കലാലയങ്ങളെ കെഎസ്‌യു ചോരയിൽ മുക്കി. കലോത്സവങ്ങൾ നടത്തുന്നതിലെ പിടിപ്പുകേടുകൾക്ക് മറയിടാൻ അക്രമം അഴിച്ചുവിടുന്നത് അവരുടെ പതിവുശൈലിയാണ്. ഡി സോൺ കലോത്സവ സംഘാടനത്തിലെയും ഫലപ്രഖ്യാപനത്തിലെയും പിഴവുകൾ ചൂണ്ടിക്കാട്ടിയവരെ ഇരുമ്പുവടിയും കസേരകളും ഉപയോഗിച്ചാണ് സംഘാടകർ ആക്രമിച്ചത്. ഏകപക്ഷീയ ആക്രമണത്തെ എസ്‌എഫ്‌ഐ–-കെഎസ്‌യു സംഘർഷം എന്നനിലയിലാണ് മാധ്യമങ്ങൾ അവതരിപ്പിച്ചത്. ക്യാമ്പസുകളിൽ കൊലക്കത്തിയുമായെത്തുന്നതാരെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. തലശേരി ബ്രണ്ണൻ കോളേജിലെ അഷറഫ്, ഇടുക്കി പൈനാവ് എന്‍ജിനിയറിങ് കോളേജിലെ ധീരജ്, പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലെ സി വി ജോസ്, പട്ടാമ്പി സംസ്‌കൃത കോളേജിലെ സെയ്‌താലി, പന്തളം എൻഎസ്എസ് കോളേജിലെ ജി ഭുവനേശ്വരൻ തുടങ്ങി എത്രയെത്ര എസ്‌എഫ്‌ഐ പ്രവർത്തകരാണ് കെഎസ്‌യുവിന്റെ കൊടുംക്രൂരതയ്‌ക്കിരയായത്.
കെഎസ്‌യുവിനെ രക്ഷിച്ചെടുക്കാൻ ഡി സോൺ കലോത്സവവേദിയിലെ കെഎസ്‌യുവിന്റെ ഏകപക്ഷീയ ആക്രമണത്തെ മൂന്നുമണിക്കൂറോളം നീണ്ട തെരുവുയുദ്ധമായാണ് മാതൃഭൂമി ചിത്രീകരിച്ചത്. മനോരമയാകട്ടെ ഉപകഥകളിൽ ഒന്നിനുകൊടുത്ത തലക്കെട്ട് ‘എസ്‌എഫ്‌ഐ പ്രവർത്തകർ ഉപയോഗിച്ചത് ഇരുമ്പുവടിയും കല്ലും’ എന്നാണ്. കെഎസ്‌യു പ്രവർത്തകരെ ആശുപത്രിയിലേക്കുകൊണ്ടുപോയ ആംബുലൻസ് എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞുനിർത്തി അടിച്ചുതകർത്തു എന്നാണ് ആഖ്യാനം. ആംബുലൻസിൽ സഞ്ചരിച്ചത് പരിക്കേറ്റവരല്ല എന്ന് കെഎസ്‌യു നേതാക്കളുടെ സമൂഹമാധ്യമങ്ങളിലെ പോസ്‌റ്റുകളിൽനിന്നുതന്നെ വ്യക്തം. ‘‘ആംബുലൻസ് യാത്ര...നോം സേഫ് ആണ്’’ എന്ന അടിക്കുറിപ്പോടെ കെഎസ്‌യു നേതാവും തൃശൂർ സെന്റ് തോമസ് കോളേജിലെ മുൻ ചെയർമാനുമായ എൽവിൻ പയസ് ഫെയ്‌സ്‌ബുക്കിലിട്ട ചിത്രത്തിൽനിന്ന് ആർക്കും പരിക്കില്ലെന്ന് വ്യക്‌തമാകും. ചിരിച്ചുല്ലസിക്കുന്ന പത്തുപേരുടെ ചിത്രമായിരുന്നു അത്.
ഡി സോണിലേത് ഒറ്റപ്പെട്ട സംഭവമല്ല. ജനുവരി 23ന് കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ നടന്ന സി സോൺ കലോത്സവത്തിലും എംഎസ്‌എഫ്–-കെഎസ്‌യു സംഘം എസ്‌എഫ്‌ഐ പ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ചു. അതിനും ഒരാഴ്‌ച മുമ്പ് കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കാർണിവലിനിടെ ക്യാമ്പസിലെ ഡിപ്പാർട്ട്‌മെന്റ് സ്‌റ്റുഡന്റ്‌സ് യൂണിയൻ ഓഫീസ് എംഎസ്‌എഫ് തല്ലിത്തകർക്കുകയും വിദ്യാർഥികളെ ആക്രമിക്കുകയും ചെയ്‌തു. ആഴ്‌ചകൾക്കുമുമ്പ് കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതോടെ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ വോട്ടെണ്ണൽ അട്ടിമറിച്ചു. ഇതേത്തുടർന്ന് വിജയികളെ ചുമതലയേൽക്കാൻ താൽക്കാലിക വിസി അനുവദിച്ചിട്ടില്ല. യൂണിയൻ ചുമതലയേൽക്കാത്തതിൽ കലോത്സവംതന്നെ നടത്താനാകാത്ത സ്ഥിതിയാണ്.
സർവകലാശാലകളിലും ക്യാമ്പസുകളിലും ജനാധിപത്യവേദികളും സർഗാത്മക പ്രവർത്തനങ്ങളും അട്ടിമറിക്കാനാണ് താൽക്കാലിക വിസിമാരെ ഉപയോഗിച്ച് സംഘപരിവാർ ശ്രമിക്കുന്നത്. ഈ നീക്കങ്ങൾക്ക് കരുത്തുപകരാനാണ് കെഎസ്‌യു–-എംഎസ്‌എഫ് സഖ്യത്തിന്റ ആക്രമണങ്ങൾ. കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ആക്രമണങ്ങൾ.









0 comments