Deshabhimani

താൽക്കാലിക വിസിമാരുടെ അധികാര ദുർവിനിയോഗം

kerala vc is abusing of power
വെബ് ഡെസ്ക്

Published on Jul 04, 2025, 12:00 AM | 2 min read


ബിജെപിയെ എതിർക്കുന്ന പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ നിയോഗിക്കുന്ന ഗവർണർമാരും അവരുടെ ചൊൽപ്പടിക്കാരായ താൽക്കാലിക വൈസ്‌ ചാൻസലർമാരും ഭരണഘടനാലംഘനവും ധിക്കാരവും പ്രകടിപ്പിക്കുന്നത്‌ പതിവാക്കിയിരിക്കുകയാണ്‌. ഭരണഘടനാ മൂല്യങ്ങൾക്ക്‌ ഒരു വിലയും കൽപ്പിക്കാതെ ആർഎസ്‌എസിന്റെ പ്രത്യയശാസ്‌ത്രം പ്രചരിപ്പിക്കാൻ രാജ്‌ഭവനെ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സർവകലാശാലകളെയും വേദിയാക്കാൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ എന്ന മുൻ ആർഎസ്‌എസ്‌ പ്രചാരകൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്‌. സർവകലാശാലകളുടെ ജനാധിപത്യ സംവിധാനങ്ങളെയാകെ ഇരുട്ടിൽ നിർത്തിയാണ്‌ താൽക്കാലിക വിസിമാരെ ഉപയോഗിച്ച്‌ ഗവർണർ രാഷ്ട്രീയം കളിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌, കേരള സർവകലാശാല സെനറ്റ് ഹാളിൽ കാവിക്കൊടി പിടിച്ച സ്‌ത്രീയുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ നിയമപരമായ നിലപാടെടുത്ത രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്‌തത്‌. സംഘപരിവാർ സംഘടനകളുടെ ആജ്ഞാനുസരണം പ്രവർത്തിക്കുന്ന താൽക്കാലിക വി സി മോഹനൻ കുന്നുമ്മൽ അധികാര ദുർവിനിയോഗവും ചട്ടവിരുദ്ധവുമായ നടപടിയുമാണ്‌ സ്വീകരിച്ചത്‌. ഗവർണറുടെ ആവശ്യപ്രകാരമാണിതെന്ന്‌ വ്യക്തമാണ്‌.


അനിൽകുമാറിനെതിരായ സസ്പെൻഷൻ നിയമവിരുദ്ധവും സർവകലാശാലയുടെ ജനാധിപത്യ സംവിധാനത്തെയും അക്കാദമിക സ്വയംഭരണത്തെയും തകർക്കാനുള്ള സംഘപരിവാർ അജൻഡയുടെ ഭാഗവുമാണ്. സർവകലാശാലയുടെ മതനിരപേക്ഷതയ്ക്കും അക്കാദമിക സ്വഭാവത്തിനും എതിരായി വിസിയുടെ ഒത്താശയോടെ സംഘപരിവാറുകാർ സെനറ്റ് ഹാൾ ദുരുപയോഗം ചെയ്‌തിരുന്നു. മതചിഹ്നങ്ങളും മതപ്രഭാഷണവും ഹാളിൽ പാടില്ലെന്നാണ്‌ സർവകലാശാല ചട്ടങ്ങൾ നിർദേശിക്കുന്നത്‌. ഇത്‌ ലംഘിച്ചാണ്‌ സംഘാടകർ കാവിക്കൊടിയേന്തിയ സ്‌ത്രീയുടെ ചിത്രം വച്ച്‌ പ്രാർഥനയും പുഷ്‌പാർച്ചനയും നടത്തിയത്‌.


ഇതിന്‌ ചാൻസലറായ ഗവർണർ കൂട്ടുനിൽക്കുകയും ചെയ്‌തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ മതനിരപേക്ഷതയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ വേണ്ടി ശ്രമിച്ചെന്ന കാരണത്താലാണ്‌ രജിസ്ട്രാറെ സസ്പെൻഡ് ചെയ്‌തത്‌. നിയമപരമായിമാത്രം പ്രവർത്തിച്ച രജിസ്ട്രാറെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് സസ്പെൻഡ് ചെയ്ത വിസി ആർഎസ്‌എസിന്‌ ദാസ്യപ്പണിയെടുക്കുകയാണ്‌. നിയമനാധികാരിയായ സർവകലാശാലാ സിൻഡിക്കറ്റിനാണ് രജിസ്ട്രാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം. സർവകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം ഡെപ്യൂട്ടി രജിസ്ട്രാർക്ക് മുകളിലുള്ള ഉദ്യോ​ഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കറ്റിന്‌ മാത്രമാണ്‌. കേരള സർവകലാശാലാ വിസിയാകാനുള്ള അടിസ്ഥാന യോഗ്യതപോലുമില്ലാതെ താൽക്കാലിക ചുമതല വഹിക്കുന്ന മോഹനൻ കുന്നുമ്മൽ സംഘപരിവാർ ഏജന്റായി പ്രവർത്തിച്ച് സർവകലാശാലയെ തകർക്കുകയാണ്.


പുതിയ അധ്യയനവർഷം ആരംഭിച്ച് വിവിധ അക്കാദമിക പ്രവർത്തനങ്ങളുമായി സർവകലാശാലകൾ മുന്നോട്ടുപോകുമ്പോൾ അതിനെയൊക്കെ തടസ്സപ്പെടുത്തുന്ന വിധത്തിൽ സംഘപരിവാർ ഒത്താശയോടെ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ അപലപനീയമാണ്. മികച്ച അടിസ്ഥാന സൗകര്യമൊരുക്കിയും അക്കാദമിക നിലവാരം ഉയർത്തിയും ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. അതിലൂടെ രാജ്യത്തെ മികച്ച കലാലയങ്ങളും കലാശാലകളുമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറിയ പശ്ചാത്തലത്തിൽ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനും പിന്നോട്ടടിപ്പിക്കാനും ലക്ഷ്യമിട്ടുള്ള വിചിത്രമായ നടപടികളാണ് ചാൻസലറുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്നത്. സർക്കാർ നൽകുന്ന പട്ടികയിൽനിന്നായിരിക്കണം താൽക്കാലിക വിസിമാരെ നിയമിക്കേണ്ടതെന്ന ഹൈക്കോടതി വിധി നിലവിലിരിക്കെയാണ്‌ കേസിൽപ്പെട്ടിരിക്കുന്ന ‍ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി ഡോ. സിസ തോമസിന് നാലുദിവസത്തേക്ക് കേരളയുടെ താൽക്കാലിക ചുമതല രാജ്ഭവൻ നൽകിയത്‌.


സർവകലാശാലാ നിയമപ്രകാരം ചാൻസലർ സ്ഥാനം വഹിക്കുന്ന ഗവർണർക്ക് നിയമം അനുസരിക്കാൻ ബാധ്യതയുണ്ടെന്ന് കോടതി അസന്ദിഗ്ധമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതും ഗവർണർ ലംഘിച്ചിരിക്കുകയാണ്‌. കേരളത്തിലെ സ്വതന്ത്രപരമാധികാര സംവിധാനവും ഉന്നത വിദ്യാഭ്യാസ കേന്ദ്രവുമായ സർവകലാശാലകളെ സംഘപരിവാറിന്റെ ആലയിൽ കെട്ടാൻ വേണ്ടി ചാൻസലർ പദവിയിലിരിക്കുന്ന ഗവർണർ ശ്രമിക്കുകയാണ്. രാജ്‌ഭവൻ ആർഎസ്‌എസ്‌ ശാഖയല്ലെന്ന്‌ ആർലേക്കറും രാജ്‌ഭവനിലെ അദ്ദേഹത്തിന്റെ ശിങ്കിടികളും മനസ്സിലാക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘവൽക്കരണം നടത്താമെന്ന ചാൻസലറുടെ വ്യാമോഹം കേരളത്തിൽ വിലപ്പോകില്ലെന്ന്‌ ഓർമിക്കുന്നത്‌ നന്നായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home