ഇനിയെങ്കിലും രാജ്ഭവൻ രാഷ്ട്രീയക്കളി നിർത്തണം

kerala rajbhavan political drama
വെബ് ഡെസ്ക്

Published on Aug 20, 2025, 12:00 AM | 2 min read


കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അധ്യക്ഷനായി സുപ്രീംകോടതി മുൻ ജഡ്ജി സുധാംശു ധൂലിയയെ നിയമിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെ കേരളം സ്വാഗതം ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ച് ഉന്നത നീതിപീഠം നടത്തിയ ഇടപെടൽ, ഇല്ലാത്ത അധികാരം ഉപയോഗിച്ച് സർവകലാശാലകളുടെ നടത്തിപ്പിൽ ഇടങ്കോലിടാനുള്ള ചാൻസലർകൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് തിരിച്ചടിയാണ്.


കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ താൽപ്പര്യ സംരക്ഷണങ്ങൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന യുജിസിയുടെ പ്രതിനിധികളെ ഒഴിവാക്കണമെന്ന ആവശ്യവും ജസ്റ്റിസുമാരായ ജെ ബി പർദിവാലയും കെ വി വിശ്വനാഥനും ഉൾപ്പെട്ട ബെ ഞ്ച് അംഗീകരിച്ചു. ചുരുക്കപ്പട്ടികയിൽനിന്ന് നിയമനശുപാർശ നൽകാനുള്ള അധികാരം മുഖ്യമന്ത്രിയിൽത്തന്നെ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവും സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്‌.


വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിന് സാങ്കേതിക– ഡിജിറ്റൽ സർവകലാശാലകൾക്കുവേണ്ടി സംയുക്തമായോ വെവ്വേറെയോ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ചെയർമാന് അധികാരമുണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. സർക്കാർ നൽകിയ 10 പേരുകളിൽനിന്നും ഗവർണർ നൽകിയ എട്ടുപേരുകളിൽനിന്നും രണ്ടുപേരെ വീതം ഉൾപ്പെടുത്തി രണ്ടാഴ്ചയ്‌ക്കകം ചെയർമാൻ അഞ്ചംഗകമ്മിറ്റി രൂപീകരിക്കണം. ഉന്നത വിദ്യാഭ്യാസവകുപ്പ്, വിസി നിയമനത്തിന് പരസ്യം നൽകണം. വൈസ് ചാൻസലർ സ്ഥാനത്തേക്ക് മൂന്നുപേരടങ്ങുന്ന ചുരുക്കപ്പട്ടിക ഒരു മാസത്തിനുള്ളിൽ തയ്യാറാക്കി സെർച്ച് കമ്മിറ്റി മുഖ്യമന്ത്രിക്ക് സമർപ്പിക്കണം. നിർദേശിക്കപ്പെട്ട ആരുടെയെങ്കിലും കാര്യത്തിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ അതിനുള്ള കാരണം സഹിതം ശുപാർശകൾ ചാൻസലറായ ഗവർണർക്ക് സമർപ്പിക്കണം. നിർദേശിക്കപ്പെട്ട പേരുകൾ ഒന്നും ഗവർണർ അംഗീകരിക്കുന്നില്ലെങ്കിൽ അന്തിമതീർപ്പ് സുപ്രീംകോടതിയുടേതായിരിക്കും. അല്ലെങ്കിൽ ഗവർണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നിയമനം നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളുടെ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ചാൻസലർ പദവിയുടെ ബലത്തിൽ, തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഗവർണർ നടത്തിയ ഇടപെടലിന്റെ ഫലമായുണ്ടായ അനിശ്ചിതത്വത്തിന് സുപ്രീംകോടതിയുടെ ഉത്തരവോടെ വിരാമമായിരിക്കുകയാണ്.


ഡിജിറ്റൽ സർവകലാശാലയുടെയും സാങ്കേതിക സർവകലാശാലയുടെയും താൽക്കാലിക വൈസ് ചാൻസലർമാരായി സിസ തോമസിനെയും പ്രൊഫ. കെ ശിവപ്രസാദിനെയും 2024 നവംബർ 27ന് അന്നത്തെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നിയമിച്ചതോടെ ആരംഭിച്ച നിയമപോരാട്ടത്തിൽ സംസ്ഥാന സർക്കാർ ഇതോടെ നിർണായക വിജയം നേടിയിരിക്കുകയാണ്‌. കേന്ദ്രഭരണം കൈയാളുന്ന പാർടിയുടെ ഏജന്റായി ഗവർണർപദവിയെ അധഃപതിപ്പിച്ച ആരിഫ് മൊഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനെ കരിവാരിത്തേക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തിയ ഇടപെടലുകളെല്ലാം ഉന്നത നീതിപീഠങ്ങളിൽനിന്നുള്ള തിരിച്ചടികൾക്ക് വിധേയമായിരുന്നു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുൻഗാമിയുടെ അതേവഴിയിൽ സഞ്ചരിക്കുന്നു. വിദ്യാഭ്യാസത്തിന് അത്യന്തം പ്രാധാന്യം നൽകുന്ന കേരളസമൂഹം ഇ‍ൗ മേഖലയിലുണ്ടാകുന്ന ഏതൊരു അനിശ്ചിതത്വത്തെയും അത്യന്തം ആശങ്കയോടെ കാണുമെന്ന് സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾക്ക് നിശ്ചയമുണ്ട്. പ്രശംസനീയമാംവിധം പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അനിശ്ചിതത്വത്തിന്റെ നിഴലിലാക്കാൻ അതിനവർ ഗവർണറുടെ ആലങ്കാരികപദവിയായ ചാൻസലർ സ്ഥാനത്തെ ദുരുപയോഗം ചെയ്യുന്നു. ഫെഡറൽ തത്വങ്ങളിൽ അധിഷ്ഠിതമായ, ഭരണഘടനാദത്തമായ അവകാശങ്ങളിൽ കൈകടത്തുന്ന ഗവർണറുടെ രാഷ്ട്രീയനീക്കങ്ങൾക്കെതിരെ നിരന്തരം നിയമയുദ്ധം നടത്തേണ്ട ഗതികേടിലാണ് സംസ്ഥാന സർക്കാർ. എത്രയൊക്കെ പ്രതികൂലവിധികളുണ്ടായിട്ടും അതൊക്കെ അവഗണിക്കാൻ ഭരണഘടനയോടുള്ള വിധേയത്വമില്ലായ്മ അവരെ അനുവദിക്കുന്നു. സമാന്തരഭരണ സംവിധാനമാണോയെന്നുപോലും തോന്നിപ്പിക്കുന്ന രീതിയിലാണ് പലപ്പോഴും രാജ്ഭവന്റെ ഇടപെടലുകൾ.


ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയുമടങ്ങുന്ന ജനാധിപത്യ ഭരണസംവിധാനത്തിന്റെ മഹോന്നതമായ പ്രതീകമെന്ന ആലങ്കാരികപദവിയാണ് ഇന്ത്യൻ ഭരണഘടന രാഷ്ട്രപതി, ഗവർണർ പദവികൾക്ക് കൽപ്പിച്ചു നൽകിയിട്ടുള്ളത്. ആ പദവികളുടെ മാന്യതയ്ക്കും അന്തസ്സിനും നിരക്കുന്ന നടപടികളല്ല എൻഡിഎ സർക്കാരിനുകീഴിൽ കേരളത്തിലേക്ക് നിയോഗിക്കപ്പെട്ട ഗവർണർമാരുടെ ഭാഗത്തുനിന്നുണ്ടായത്. രാജ്ഭവനെ രാഷ്ട്രീയനീക്കങ്ങളുടെ വേദിയാക്കുന്ന പ്രവണതയ്‌ക്കെതിരായ താക്കീതാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായിരിക്കുന്നത്. ഇനിയെങ്കിലും ഗവർണർ പദവിയുടെ അന്തസ്സ്‌ വീണ്ടെടുക്കാൻ രാജ്ഭവൻ തയ്യാറാകണം.



deshabhimani section

Related News

View More
0 comments
Sort by

Home