പലസ്‌തീനുള്ള അംഗീകാരം മറ്റൊരു കെണിയാകരുത്

ഐക്യരാഷ്‌ട്ര രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിക്കുന്ന രാജ്യങ്ങൾ കഴിഞ്ഞയാഴ്‌ചവരെ ന്യൂനപക്ഷമായിരുന്നു. എന്നാൽ, ഇപ്പോൾ അമേരിക്ക ഒഴികെ എല്ലാ സ്ഥിരാംഗങ്ങളും (അഞ്ചിൽ നാല്) പലസ്‌തീൻ ജനതയുടെ അവകാശം ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. നേരത്തേതന്നെ പലസ്‌തീനെ അംഗീകരിക്കുന്ന ചൈനയ്‌ക്കും റഷ്യക്കുമൊപ്പം ഇപ്പോൾ ബ്രിട്ടനും ഫ്രാൻസുംകൂടി ചേർന്നതോടെയാണ് ലോകത്തിന്റെ പൊതുവികാരം രക്ഷാസമിതിയിലും പ്രതിഫലിച്ചത്.
193 അംഗരാജ്യങ്ങളുള്ള യുഎൻ പൊതുസഭയിൽ 75 ശതമാനം രാജ്യങ്ങളുടെയും പിന്തുണ വർഷങ്ങളായി പലസ്‌തീൻ ജനതയ്‌ക്കുണ്ടായിരുന്നു. ഗാസയിൽ ഇസ്രയേൽ നടപ്പാക്കിവരുന്ന വംശഹത്യ മൂന്നാംവർഷത്തിലേക്ക് കടക്കാനായിരിക്കെ കൂടുതൽ പാശ്ചാത്യ രാഷ്‌ട്രങ്ങൾകൂടി അതിനെതിരെ നിലപാട് വ്യക്തമാക്കാൻ നിർബന്ധിതമായിരിക്കുകയാണ്. ഒരുഡസനിലേറെ രാജ്യങ്ങൾ പുതുതായി പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിച്ചതോടെ അതിന് യുഎന്നിലെ 157 രാഷ്‌ട്രങ്ങളുടെ പിന്തുണയായി. എന്നാൽ, ഇത് 1993ലെ ഓസ്ലോ കരാർപോലെ മറ്റൊരു ചതി ആകാതിരുന്നാൽമാത്രമേ പലസ്‌തീൻ രാഷ്‌ട്രം യാഥാർഥ്യമാവുകയും മേഖലയിൽ സമാധാനം പുലരുകയുമുള്ളൂ.
രണ്ടാംലോക യുദ്ധാനന്തരം യൂറോപ്പിലെ ജൂതപ്രശ്‌നം പരിഹരിക്കാൻ പലസ്‌തീനിൽ ജൂതരാഷ്‌ട്രം സ്ഥാപിക്കുകയും അതുവരെ അവിടെ താമസിച്ചിരുന്ന അറബ് ജനത അഭയാർഥികളാവുകയും ചെയ്‌തതിനെ തുടർന്നുണ്ടായ സംഘർഷങ്ങൾക്ക് പരിഹാരം എന്ന നിലയ്‌ക്കാണ് ഓസ്ലോ കരാർ പ്രഖ്യാപിച്ചത്. എന്നാൽ, അതുവരെ പാശ്ചാത്യ രാജ്യങ്ങളും അവയുടെ പക്ഷത്തുള്ള ചുരുക്കം രാജ്യങ്ങളും മാത്രം അംഗീകരിച്ചിരുന്ന ഇസ്രയേലിന് ഭൂരിപക്ഷം രാജ്യങ്ങളുടെ അംഗീകാരം നേടുന്നതിനുള്ള ഒരു കെണിയായിരുന്നു അതെന്ന് പിന്നീട് വ്യക്തമായി. പല രാജ്യങ്ങളും ഇസ്രയേലിനെ അതിനുശേഷമാണ് അംഗീകരിച്ചത്. വത്തിക്കാൻപോലും 1994ൽമാത്രമാണ് അംഗീകരിച്ചത്.
ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ അതിനുമുമ്പ് ഇസ്രയേലിനെ രാഷ്‌ട്രമായി അംഗീകരിച്ചിരുന്നെങ്കിലും നയതന്ത്രബന്ധം സ്ഥാപിച്ചത് 1990കളിൽ ശീതയുദ്ധാനന്തരമാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്നുണ്ടായ പുതിയ സാഹചര്യവും ഇസ്രയേലിന് സഹായകമായി. എന്നിട്ടും ഇപ്പോൾപ്പോലും യുഎന്നിലെ 193 അംഗരാജ്യങ്ങളിൽ 164 എണ്ണം മാത്രമാണ് ഇസ്രയേലിനെ അംഗീകരിക്കുന്നത്. എന്നാൽ, 1988 നവംബർ 29ന് പലസ്‌തീൻ വിമോചനസംഘടനയുടെ അന്നത്തെ നായകൻ യാസർ അറഫാത്ത് സ്വതന്ത്രരാഷ്‌ട്രം പ്രഖ്യാപിച്ചതിനുപിന്നാലെ ഇന്ത്യയടക്കം 90ൽപ്പരം രാജ്യങ്ങൾ അതിനെ അംഗീകരിച്ചിരുന്നു.
1987ൽ ആരംഭിച്ച ഒന്നാം ഇന്തിഫാദയെ തുടർന്ന് ഇസ്രയേലി അധിനിവേശം തുടരാനാകില്ല എന്ന സാഹചര്യത്തിലാണ് അമേരിക്കൻ മധ്യസ്ഥതയിൽ ഓസ്ലോ കരാറുണ്ടായത്. അതനുസരിച്ച് വർഷങ്ങൾക്കകം പലസ്‌തീൻ രാഷ്‌ട്രം നിലവിൽ വരേണ്ടിയിരുന്നതാണെങ്കിലും അതുണ്ടായില്ല. മാത്രമല്ല, ഭാവി പലസ്‌തീൻ രാഷ്‌ട്രത്തിന്റെ ഭാഗമാകേണ്ട കൂടുതൽ പ്രദേശങ്ങൾ കൈയടക്കി ഇസ്രയേൽ അനധികൃത ജൂത കോളനികൾ വ്യാപിപ്പിക്കുന്നതാണ് ലോകം കണ്ടത്. അമേരിക്കയുടെ ഓസ്ലോ കെണി പലസ്‌തീനിലെ മതനിരപേക്ഷ സ്വാതന്ത്ര്യപ്രസ്ഥാനത്തെ തകർത്ത വിടവിൽ, ഹമാസ് അടക്കമുള്ള മതരാഷ്‌ട്രീയ കക്ഷികൾ ശക്തിപ്പെടുകയും ചെയ്‌തു. പിന്നീട് ഹമാസിന്റെ പേര് പറഞ്ഞായി ഇസ്രയേലി ആക്രമണം. അതിന് ഒത്താശ ചെയ്യുന്ന നിലപാടാണ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ചെയ്‌തത്. ഐക്യരാഷ്‌ട്ര സംഘടനയുടെ ചരിത്രത്തിൽ അമേരിക്ക 89 തവണ വീറ്റോ അധികാരം പ്രയോഗിച്ചിട്ടുണ്ട് എന്നാണ് കണക്ക്. അതിൽ 51 തവണയും ലോകത്തിന്റെ പൊതുവികാരത്തിനെതിരെ, ഇസ്രയേലിനുവേണ്ടിയായിരുന്നു. ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തെ വീറ്റോ ചെയ്‌ത് കഴിഞ്ഞയാഴ്‌ചയായിരുന്നു ഒടുവിലത്തേത്. ഇസ്രയേലി അധിനിവേശപ്രദേശങ്ങളിലേക്കുള്ള യുഎൻ പ്രതിനിധിയായ ഇറ്റാലിയൻ നിയമജ്ഞ ഫ്രാൻസിസ്‌കാ ആൽബനീസിന് ഉപരോധം ഏർപ്പെടുത്തുന്ന അസാധാരണ നടപടിപോലും അമേരിക്കയിൽനിന്നുണ്ടായി.
ഈ സാഹചര്യത്തിൽ ബ്രിട്ടനും ഫ്രാൻസുംമറ്റും ഇപ്പോൾ പ്രഖ്യാപിച്ച നയതന്ത്രപരമായ പിന്തുണ കടലാസിലൊതുങ്ങാതെ പലസ്‌തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും മേഖലയിൽ സമാധാനത്തിനും വഴിതുറക്കണമെങ്കിൽ അവ ആത്മാർഥമായ തുടർനടപടികൾക്ക് തയ്യാറാകണം. ലോക രാഷ്‌ട്രീയ–-സാമ്പത്തിക വേദികളിൽ ആധിപത്യമുള്ള പാശ്ചാത്യ രാഷ്‌ട്രങ്ങൾ കർക്കശ നിലപാടെടുത്താൽ ഇസ്രയേലിന് വിനാശനയങ്ങൾ തുടരാനാകില്ല. ദക്ഷിണാഫ്രിക്കയിലെ പഴയ വർണവെറിയൻ ഭരണത്തെ പിന്തുണച്ചുവന്ന പാശ്ചാത്യ രാഷ്‌ട്രങ്ങൾ 1980കളിൽ നിലപാട് മാറ്റാൻ നിർബന്ധിതമായപ്പോൾ മാറ്റമുണ്ടായത് ലോകം കണ്ടതാണ്. അത് ചെയ്യാതെ ഹമാസാണ് പ്രശ്‌നം എന്ന ഇസ്രയേലി വാദം ആവർത്തിക്കുന്നത് തുടർന്നാൽ പരിഹാരം അസാധ്യമാകും. കാരണം അധിനിവേശമാണ് ഹമാസിനെ വളർത്തിയത്. പലസ്‌തീൻ ജനത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നൽകിയ സംഘടനകൂടിയാണ് അതെന്ന് ലോകം മറക്കരുത്.









0 comments