ഇന്ത്യയുടെ 
വിജയക്കളങ്ങൾ

india in world chess
വെബ് ഡെസ്ക്

Published on Jul 31, 2025, 12:00 AM | 2 min read


പടയോട്ടങ്ങളുടെ കളിയാണ് ചെസ്. ആനയും തേരും കുതിരയും കാലാളും മുഖാമുഖം നിൽക്കുന്ന പോര്. പടനിലങ്ങൾക്ക് പകരം 64 കളമാണ്. അവിടെയാണ് യുദ്ധം. ശരിക്കും തലച്ചോറുകൊണ്ടുള്ള കളി. അതിന് ക്ഷമയും ഏകാഗ്രതയും തെളിഞ്ഞ ചിന്തയും വേണം. ആ കളിയിൽ ഇന്ത്യ ലോകത്തെ പ്രധാന ശക്തിയായി മാറിയിരിക്കുന്നു. അമേരിക്കയും സോവിയറ്റ് യൂണിയനും റഷ്യയും ചൈനയും ആധിപത്യമുറപ്പിച്ചിരുന്ന വിജയക്കളങ്ങളിലേക്കാണ് ഇന്ത്യയുടെ സുവർണ തലമുറയുടെ വരവ്. അഞ്ചു തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് നയിച്ച ചെസ് വിപ്ലവത്തിന്റെ ഫലമാണ് നമ്മൾ ഇപ്പോൾ കൊയ്‌തെടുക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദിവ്യ ദേശ്‌മുഖ് എന്ന പത്തൊമ്പതുകാരിയുടെ ലോകകപ്പ് നേട്ടം. കഴിഞ്ഞ വർഷം പതിനെട്ടാം വയസ്സിൽ ഡി ഗുകേഷ് ലോക ചാമ്പ്യനായശേഷമുള്ള മറ്റൊരു നാഴികക്കല്ല്.


ജോർജിയയിലെ കടലോര നഗരമായ ബതുമിയിലായിരുന്നു ഇത്തവണത്തെ വനിതാ ലോകകപ്പ്. 107 കളിക്കാരാണ് അണിനിരന്നത്. ഇന്ത്യക്കാർ ഒമ്പതുപേർ ഉണ്ടായിരുന്നെങ്കിലും സാധ്യതാ പട്ടികയിൽ ഒരിടത്തും ദിവ്യയുടെ പേരില്ലായിരുന്നു. ചൈനീസ് താരങ്ങൾക്ക് ആധിപത്യമുള്ള വനിതാ ചെസിൽ ഇന്ത്യക്ക് പറയാനുള്ള പേരായിരുന്നു കൊണേരു ഹമ്പി. പതിനഞ്ചാം വയസ്സിൽ ഗ്രാൻഡ്മാസ്റ്ററായ ഹമ്പി രണ്ടു തവണ ലോക റാപ്പിഡ് കിരീടം നേടി. 2011 ലോക ചെസ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായി. ലോകകപ്പ് ഫൈനലിൽ ഹമ്പിക്കൊപ്പം അപ്രതീക്ഷിതമായി ദിവ്യയും എത്തിയത് ഇന്ത്യക്ക് അഭിമാനമായി. 2005ൽ മഹാരാഷ്ട്രയിലെ നാഗ്പുരിൽ ജനിച്ച പെൺകുട്ടി ചെറുപ്പത്തിൽത്തന്നെ ചെസിൽ ആകൃഷ്ടയായി. വൈകാതെ ദേശീയ അണ്ടർ 7 ചാമ്പ്യൻ. പിന്നീട് നേടിയ ലോക അണ്ടർ 10, അണ്ടർ 12 കിരീടങ്ങൾ വരാനിരിക്കുന്ന വലിയ നേട്ടങ്ങളുടെ വിളംബരമായി. തുടർന്ന് ഏഷ്യൻ ചാമ്പ്യനും ചെസ് ഒളിമ്പ്യാഡിൽ സ്വർണവും നേടി.


ചെസ് ലോകകപ്പ് നേട്ടത്തോടെ ഗ്രാൻഡ് മാസ്റ്റർ പദവിയും ലഭിച്ചു. കൊണേരു ഹമ്പി, ഡി ഹരിക, ആർ വൈശാലി എന്നിവർക്ക് മാത്രമാണ് ആ പദവിയുണ്ടായിരുന്നത്. അടുത്ത വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ജു വെൻജുനെ നേരിടാനുള്ള എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിനും അർഹത നേടി. 38 വയസ്സുള്ള ഹമ്പിയുടെ പരിചയസമ്പത്തിനെ ഫൈനലിൽ യുവത്വത്തിന്റെ പ്രസരിപ്പുകൊണ്ടാണ് ദിവ്യ മറികടന്നത്. ഈ വിജയം ഒറ്റ രാത്രികൊണ്ട്‌ ഉണ്ടായതല്ല. കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ്‌. കൗമാരം കടന്ന്‌ യുവത്വത്തിലേക്ക്‌ ചുവടുവയ്‌ക്കുന്ന പ്രായത്തിൽ എല്ലാ ചിന്തകളും ചെസ്‌ കളത്തിൽ സമർപ്പിക്കപ്പെട്ടതിനുള്ള അംഗീകാരംകൂടിയാണ്‌.  


വിശ്വനാഥൻ ആനന്ദിന്റെ പിൻഗാമികളായ യുവനിരയും കൊണേരു ഹമ്പിക്ക്‌ പിന്നാലെയെത്തിയ പെൺകുട്ടികളും ഇന്ത്യൻ ചെസിന്റെ സുവർണകാലത്തെ അടയാളപ്പെടുത്തുന്നു. 2024 ഇന്ത്യൻ ചെസിന്റെ സുവർണവർഷമെന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ചെസ്‌ ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിലും വനിതകളിലും സ്വർണം നേടി. ഡി ഗുകേഷ്‌ ലോക ചാമ്പ്യനായപ്പോൾ ഹമ്പി ലോക റാപ്പിഡ്‌ കിരീടം സ്വന്തമാക്കി. ലോക ഒന്നാം റാങ്കുകാരായ മാഗ്‌നസ്‌ കാൾസനെ കൗമാരതാരങ്ങൾ പലതവണ വീഴ്‌ത്തിയതും പോയവർഷമാണ്‌. വനിതകളിൽ ആദ്യ 100 റാങ്കുകാരിൽ എട്ട്‌ പേരാണ്‌ ഇന്ത്യക്കാർ. ചൈനയിൽനിന്ന്‌ 14 പേരുണ്ട്‌. എന്നാൽ, ജൂനിയർ പെൺകുട്ടികളിൽ 100ൽ 11 ഇന്ത്യക്കാരാണ്‌. പുരുഷവിഭാഗത്തിൽ ആദ്യ 100 റാങ്കിൽ 11 പേരുണ്ട്. ഇതിനർഥം ഇന്ത്യയുടെ സമഗ്രാധിപത്യം വരാനിരിക്കുന്നതേയുള്ളൂവെന്നാണ്.


ലോക കായികഭൂപടത്തിൽ ഒരു പൊട്ടുമാത്രമാണ്‌ ഇന്ത്യ. രാജ്യാന്തരവേദികളിൽ തിളക്കം കുറവ്. ജനപ്രിയ കളിയായ ഫുട്‌ബോളിൽ റാങ്കിങ് ഓരോ ദിവസവും  താഴോട്ടാണ്‌. ക്രിക്കറ്റിൽ മാത്രമാണ്‌ വിജയത്തിന്റെ മേനിയുള്ളത്‌. അത്‌ലറ്റിക്‌സിലും മറ്റ് കളികളിലും ഒറ്റപ്പെട്ട പേരുകളും വല്ലപ്പോഴുമുള്ള വിജയങ്ങളുംമാത്രം. അപ്പോൾ ചെസിലെ ഓരോ വിജയവും ആഘോഷിക്കപ്പെടേണ്ടതാണ്, വാഴ്ത്തപ്പെടേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Home