ഭയം ഭരിക്കുന്ന 
രാജ്യം

hindutva agenda
വെബ് ഡെസ്ക്

Published on Aug 11, 2025, 12:00 AM | 3 min read


നാസി ജർമനി സന്ദർശിക്കാനെത്തിയ ഒരു വിദേശ സഞ്ചാരിയോട് ആരാണ് അവിടെ ഭരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ‘ഭയം' എന്നാണ്. ജർമൻ കവിയും എഴുത്തുകാരനും നാടകക്കാരനുമായിരുന്ന ബ്രതോൾഡ് ബ്രഹ്ത് എഴുതിയ ‘ഭരണകൂടത്തിന്റെ ഉൽക്കണ്ഠകൾ ' എന്ന കവിത ആരംഭിക്കുന്നത് ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ്. ഫാസിസ്റ്റ് ഭരണതന്ത്രത്തിന്റെ സങ്കീർണമായ ഉൾപ്പിരിവുകളിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ കവിത. ഇന്നിപ്പോൾ നമ്മുടെ ഇന്ത്യയിലും സമാനമായ സാഹചര്യമാണ്. ഭയം ഭരിക്കുന്ന സ്ഥിതി. പൊലീസിൽ പരാതി നൽകാൻ ഭയമാണെന്ന് ഒഡിഷയിലെ ബാലസോറിൽ ബജ്‌റംഗദളുകാരുടെ ആക്രമണത്തിനിരയായ മലയാളി വൈദികൻ ഫാ. ലിജോ നിരപ്പേൽ പറയുമ്പോൾ വെളിപ്പെടുന്നത് ഈ ഭയം തന്നെ.


"ഇവിടെ വൈദികനെ കണ്ടാൽ മതപരിവർത്തനം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ഞങ്ങൾക്കുവേണ്ടി സംസാരിക്കാൻ ആരുമില്ല. കേരളം പോലെയല്ലല്ലോ, പരാതി നൽകിയാൽ വീണ്ടും ആക്രമിക്കുമോ എന്ന് ഭയമാണ്. അധികാരികളും ബിജെപി അനുകൂലികളാണ്’. ലിജോയുടെ ഈ വാക്കുകൾ രാജ്യത്ത് ഹിന്ദുത്വ ഫാസിസം, ഹിന്ദുത്വ ഭീകരത പത്തി വിടർത്തിയാടുന്നതിന്റെ യഥാർഥ ചിത്രം വ്യക്തമാക്കുന്നുണ്ട്.


കഴിഞ്ഞ ബുധനാഴ്ച ഒഡിഷയിലെ ഗംഗാധർ ഗ്രാമത്തിൽ രണ്ട് സഹോദരങ്ങളുടെ ആണ്ട് കുർബാനയ്‌ക്കുപോയി മടങ്ങും വഴിയാണ് ലിജോയും കൂടെയുണ്ടായിരുന്നവരും ആക്രമിക്കപ്പെട്ടത്. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു വൈദികനെയും രണ്ട് കന്യാസ്ത്രീകളെയും ബജ്‌രംഗദളുകാർ ആക്രമിച്ചു. ജൂലൈ അവസാനംമുതൽ ആഗസ്ത് എട്ടുവരെയുള്ള രണ്ടാഴ്ചയ്‌ക്കിടെ എത്രയെത്ര സംഭവങ്ങൾ. ഛത്തീസ്ഗഡിൽ കള്ളക്കേസിൽ കുടുക്കി രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവമാണ് ആദ്യം പുറത്തുവന്നത്. അതിനു പിന്നാലെ കന്യാസ്ത്രീകളെ കുടുക്കുന്നതിന് വ്യാജമൊഴിയുണ്ടാക്കാൻ ആദിവാസി യുവതികളെ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത വിവരം പുറത്തുവന്നു. ഇതിനുശേഷമാണ് ഒഡിഷയിലെ സംഭവം. ഛത്തീസ്ഗഡിലെ ഗോത്രമേഖലയിൽ ക്രൈസ്തവ പുരോഹിതരെ വിലക്കണമെന്നും പള്ളികൾ പൊളിക്കണമെന്നും ഹിന്ദുത്വ തീവ്രവാദികൾ സംസ്ഥാനത്തെ ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ടതും ഇതിനോട് ചേർത്ത്‌ വായിക്കണം. ഞായറാഴ്ചയും റായ്പുരിൽ പ്രാർഥനാകൂട്ടായ്മയിൽ അക്രമമുണ്ടായി.


ചുരുക്കിപ്പറഞ്ഞാൽ, ബഹുസ്വരതയുടെ സംസ്കാരം ഉയർത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടന രാജ്യത്തെ പൗരർക്ക് ഉറപ്പു നൽകുന്ന എല്ലാവിധ സ്വാതന്ത്ര്യവും അവകാശങ്ങളും അട്ടിമറിക്കപ്പെടുന്നു. ഏതു മതത്തിൽ വിശ്വസിക്കാനും ആ മതം പ്രചരിപ്പിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഭരണഘടനാപരമായിത്തന്നെ എല്ലാവർക്കും അവകാശമുണ്ട്. മതനിരപേക്ഷത ഭരണഘടനയുടെ നടുക്കുറ്റിയും ആകെത്തുകയുമാണ്. ന്യൂനപക്ഷാവകാശങ്ങളും ഭരണഘടന ഉറപ്പു നൽകുന്ന സുപ്രധാന വ്യവസ്ഥയാണ്. വൈവിധ്യത്തിലൂന്നുന്ന ഇന്ത്യയുടെ ഈ സംസ്കാരത്തെ തകർക്കാനുള്ള ആസൂത്രിതമായ ‘ഹിന്ദുത്വ അജൻഡ’യാണ് തുടർച്ചയായി നടപ്പാക്കുന്നത്. കന്യാസ്ത്രീ വേഷം കണ്ടാൽ, ബൈബിൾ കണ്ടാൽ ആക്രമണം അഴിച്ചുവിടുന്നത് ഇതിന്റെ ഭാഗമാണ്. മുസ്ലിം വിരോധവും കമ്യൂണിസ്റ്റ് വിരോധവും ഇരുകൂട്ടർക്കുമെതിരായ ആക്രമണവും ഈ ഹിന്ദുത്വ അജൻഡതന്നെ. അതുകൊണ്ട്, ഛത്തീസ്‌ഗഡിലും ഒഡിഷയിലും കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിക്കുന്നത് ഒറ്റപ്പെട്ട സംഭവമായി ആരും കരുതേണ്ടതില്ല. സംഘപരിവാറിനോട് മൃദു സമീപനം സ്വീകരിക്കുന്നവരെല്ലാം ഇതു മനസ്സിലാക്കിയാൽ നന്ന്. ആപത്തിന്റെ മണിമുഴക്കം തിരിച്ചറിഞ്ഞ്, രാജ്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കാൻ രാജ്യസ്നേഹികൾ തയ്യാറാകണം. ഭരണഘടന ഉയർത്തിപ്പിടിക്കലാണ് ഏറ്റവും വലിയ രാജ്യസ്നേഹം.


മുകളിൽ സൂചിപ്പിച്ച ആക്രമണ സംഭവങ്ങളും ഭയത്തിന്റെ സാഹചര്യവും ഇന്ത്യ എത്രമാത്രം മാറിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു ദിവസംകൊണ്ട് സംഭവിച്ചതല്ലെന്നും തിരിച്ചറിയണം. ബാബ്‌റി മസ്ജിദിനകത്ത് ‘അത്ഭുതമായി' രാമ വിഗ്രഹം പ്രത്യക്ഷപ്പെട്ടതു മുതൽ ഈ ഹിന്ദുത്വ അജൻഡ ശക്തമാകുന്നുണ്ട്. മസ്ജിദിൽ വിഗ്രഹം ഒളിച്ചു കടത്തിയതിലും ക്ഷേത്ര ശിലാന്യാസത്തിലും മസ്ജിദ് പൊളിക്കുന്നതിലും ഹിന്ദുത്വ ശക്തികളുമായി കോൺഗ്രസ് ഒത്തുകളിച്ചുവെന്നതും ഇതോടൊപ്പം കാണണം. 1992ൽ ബാബ്‌റി മസ്ജിദ് പൊളിച്ചതുമുതൽ ഹിന്ദുത്വ വർഗീയത ഭ്രാന്ത വേഗത്തിൽ പടർന്നു പിടിക്കുകയായിരുന്നു. ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിന്റെ കരാളമുഖം പുറത്തുവരുന്നതാണ് തുടർന്ന് ഓരോ ദിവസവും കണ്ടത്. ഉത്തർപ്രദേശിലെ മുസഫർ നഗറിലടക്കം എത്രയെത്ര വർഗീയ കലാപങ്ങൾ. 1999 ജനുവരിയിൽ ഒഡിഷയിലെ കിലഞ്ഞോർ ജില്ലയിൽ ഓസ്ട്രേലിയൻ പാതിരി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും പിഞ്ചുമക്കളായ ഫിലിപ്പിനെയും തിമോത്തിയെയും ചുട്ടുകൊന്നത് ഹിന്ദുത്വ ബീഭത്സതയുടെ മറ്റൊരു മുഖമായിരുന്നു.


2002 ൽ ഗുജറാത്തിലെ വംശഹത്യാ പരീക്ഷണം ഇന്ത്യാചരിത്രത്തിൽ ഹിന്ദുത്വ ഫാസിസത്തിന്റെ പൈശാചികമായ അജൻഡകളിലൊന്നായിരുന്നു. ഇപ്പോൾ, ക്രൈസ്തവർക്കെതിരെ തുടർച്ചയായ ആക്രമണം നടക്കുന്ന ദിനങ്ങളാണ് കടന്നുപോകുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ വ്യാപ്തിയും വർണപ്പൊലിമയും മറച്ച് ഏകശിലാ സമാനമാക്കാനുള്ള ശ്രമമാണ് ഇതെല്ലാം. ഈയൊരു സാഹചര്യത്തിൽ, ഇന്ത്യയുടെ ജനകീയ സ്വഭാവത്തെയും നാനാത്വത്തെയും ഉയർത്തിപ്പിടിച്ച് ഹിന്ദുത്വ ശക്തികൾക്കെതിരെ രംഗത്തിറങ്ങുകയാണ് ഏതൊരു രാജ്യസ്നേഹിയുടെയും ഉത്തരവാദിത്വം. വർഗീയതയുടെ കാട്ടുതീ കേരളത്തിലേക്കും പടർത്താൻ ശ്രമമുണ്ട്. എന്നാൽ, കേരളത്തിൽ അത് സാധിക്കാത്തത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ ചെറുത്തുനിൽപ്പുകൊണ്ടാണെന്നും ഏവരും തിരിച്ചറിയേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home