സർവകലാശാലകളിൽ ഗവർണറുടെ വിഭജന രാഷ്ട്രീയം വേണ്ട

സ്വാതന്ത്ര്യ സമരത്തിനുനേരേ പുറംതിരിഞ്ഞുനിന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ലജ്ജാകരമായ ചരിത്രം മറയ്ക്കാനും സ്വാതന്ത്ര്യ സമര ചരിത്രത്തെയും ഗാന്ധിജി അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളെയും തമസ്കരിക്കാനുമാണ് ആർഎസ്എസ് എന്നും ശ്രമിച്ചിട്ടുള്ളത്.
അതിന്റെ ഭാഗമാണ് ആഗസ്ത് 14 വിഭജനഭീതി സ്മരണ ദിനമായി ആചരിക്കുക എന്ന ആശയം. താൻ സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 മെയ് 29 ആണ് യഥാർഥത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം എന്ന് ഉറച്ചു വിശ്വസിക്കുന്ന നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാചരണത്തിന്റെ അർഥവും ആശയവും ചോർത്തിക്കളയുക എന്ന ലക്ഷ്യത്തോടെ 2021 ലെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ തന്നെ വിഭജന ഭീതിദിനാചരണം സംബന്ധിച്ച പ്രഖ്യാപനവും നടത്തി. കേരളത്തിലെ സർവകലാശാലകളിൽ ഈ ദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴിതാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വൈസ് ചാൻസലർമാർക്ക് സർക്കുലർ അയച്ചിരിക്കുന്നു. സംഘപരിവാർ അജൻഡ കേരളത്തിലെ സർവകലാശാലകളിൽ നടപ്പാക്കാൻ ചാൻസലർ എന്ന പദവി ദുരുപയോഗം ചെയ്യുന്ന ഗവർണറുടെ നടപടി അപലപനീയമാണ്. എതിർത്ത് തോൽപ്പിക്കപ്പെടേണ്ടതുമാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത ഏടാണ് ഇന്ത്യ–പാക് വിഭജനവും അതിനെ തുടർന്ന് അരങ്ങേറിയ അതിനിഷ്ഠുരമായ കലാപങ്ങളുമെന്നത് അവിതർക്കിതമായ വസ്തുത തന്നെ. എന്നാൽ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിൽ ദ്വിരാഷ്ട്രവാദം ഉയർത്തുന്നതിന് മുസ്ലിംലീഗിന് ശക്തി പകർന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയും 1915 ലെ ഹിന്ദു മഹാസഭയുടെ സ്ഥാപനവും 1925 ലെ ആർഎസ്എസിന്റെ ആരംഭവുമാണ്. ആർഎസ്എസിന്റെയും ഹിന്ദു മഹാസഭയുടെയും നേതൃത്വത്തിലുള്ള ഹിന്ദുത്വ രാഷ്ട്രീയമാകട്ടെ വൈദേശിക ശക്തികളോടല്ല മറിച്ച് ‘മുസ്ലിങ്ങളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും അടങ്ങുന്ന ആഭ്യന്തര ശത്രു'ക്കളോട് ഏറ്റുമുട്ടാനാണ് ഊർജവും സമയവും ചെലവഴിച്ചത്.
ബ്രിട്ടീഷുകാരോട് പോരാടി ‘ഹിന്ദുക്കൾ ' ഊർജം കളയരുതെന്നും പകരം രാജ്യത്തിനകത്തുള്ള ശത്രുക്കളെ നേരിടാൻ സംഘടിച്ച് ശക്തിയാകണമെന്നും വി ഡി സവർക്കർ ‘ഹിന്ദുത്വ: ആരാണ് ഹിന്ദു' ( Hindutva : who is Hindu ) എന്ന കൃതിയിലടക്കം ആഹ്വാനം ചെയ്തത് ചരിത്രത്തിൽ മുദ്രണം ചെയ്യപ്പെട്ട് കിടക്കുന്നു. ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിച്ച് ഭരിക്കൽ’ തന്ത്രത്തിന് കൂട്ടുനിന്നുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയം രാകി മുന കൂർപ്പിച്ച ന്യൂനപക്ഷ വിരോധമാണ്, വിഭജനവാദത്തിന് സാധൂകരണം നൽകുന്നതിനും മുസ്ലിം ന്യൂനപക്ഷങ്ങളിൽ ഭീതി വളർത്തുന്നതിനും ജിന്നയെ സഹായിച്ചത്. അതുതന്നെയാണ് ആത്യന്തികമായി രാജ്യത്തിന്റെ വിഭജനത്തിലേക്കും നയിച്ചത്. യാഥാർഥ്യം ഇതായിരിക്കെ സാമ്രാജ്യത്വ പാദദാസ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാനും മറച്ചുപിടിക്കാനുമായി വെറുപ്പിനെ കൂട്ടുപിടിക്കുകയാണ് സംഘപരിവാറും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരും. പാഠപുസ്തകങ്ങളിൽ അടക്കം ചരിത്രം തിരുത്തിയും വികൃതവ്യാഖ്യാനങ്ങൾ ചമച്ചും ഇന്ത്യയെന്നാൽ ഹിന്ദുത്വ രാഷ്ട്രീയമാണെന്ന ആഖ്യാനം ആവർത്തിച്ചുറപ്പിക്കാൻ ശ്രമിക്കുന്നു. ന്യൂനപക്ഷങ്ങളെ അപരരാക്കി ചിത്രീകരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ത്യാഗോജ്വലമായ ചരിത്രത്തെ തന്നെ തമസ്കരിക്കാനുള്ള ഈ നീക്കങ്ങളുടെ ഭാഗമാണ് വിഭജന ഭീതി ദിനാചരണവും.
സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളെയും സ്വജീവിതം സമർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും ആദരവോടെ സ്മരിക്കുന്ന സ്വാതന്ത്ര്യ ദിനത്തിന്റെ ശോഭ കെടുത്തി വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും കയ്ക്കുന്ന ഓർമ ഉയർത്തുകയാണ് ഭീതി ദിനാചരണത്തിന്റെ ലക്ഷ്യം . അതുവഴി മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അപരവൽക്കരണത്തിന് ആക്കം കൂട്ടാനുള്ള സംഘപരിവാർ അജൻഡയ്ക്ക് കേരളത്തിലെ സർവകലാശാലകളെ കളമാക്കാമെന്ന് ആർഎസ്എസ് കുപ്പായത്തിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാത്ത രാജേന്ദ്ര ആർലേക്കർ കരുതുന്നുവെങ്കിൽ തെറ്റി. ഇതു കേരളമാണ്.
വിസിമാരെ ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധമായി ഇടപെടാനുള്ള ഗവർണറുടെ നീക്കം കേരളത്തിലെ സർവകലാശാലകളിൽ അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഒരുമിച്ചുനിന്ന ദേശീയ സ്വാതന്ത്ര്യസമരത്തോട് മുഖംതിരിഞ്ഞുനിന്ന രാഷ്ട്രീയം അതേപടി പിൻപറ്റുന്നവരാണ് ഇപ്പോൾ വിഭജന ഭീതിയെക്കുറിച്ച് പറയുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിന്റെ കൂടി ഫലമാണ് ഇന്ത്യാ വിഭജനവും വിഭജനാന്തര കലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാർ മറന്നുപോവുകയാണ്. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടർന്നപ്പോൾ തീയണക്കാൻ ശ്രമിച്ച മഹാത്മാ ഗാന്ധിയെ ഉൾപ്പെടെ അപഹസിച്ചവരാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്.
ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഓർമപ്പെടുത്തി കേരളത്തിലെ സർവകലാശാലകളെ ആർഎസ്എസ് അജൻഡയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അസന്ദിഗ്ധമായി പ്രഖ്യാപിച്ചത് കേരളത്തിന്റെ ഒറ്റക്കെട്ടായ നിലപാടാണ്.









0 comments