Deshabhimani
ad

ജി 7 ഉച്ചകോടി പ്രഹസനം ; അഭിപ്രായഭിന്നത ഏറുന്നു

G7 Summit
വെബ് ഡെസ്ക്

Published on Jun 20, 2025, 12:00 AM | 2 min read


കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ കനാനസ്‌ക്സിൽ നടന്ന ജി 7 രാഷ്ട്രത്തലവന്മാരുടെ ത്രിദിന ഉച്ചകോടി പ്രഖ്യാപനങ്ങളൊന്നുമില്ലാതെ സമാപിച്ചു. ആഗോള മൂലധന ശക്തികളുടെ കെട്ടുറപ്പ്‌ തകരുകയും അവിശ്വാസത്തിന്റെയും കിടമത്സരത്തിന്റെയും അന്തരീക്ഷത്തിന്‌ ലോകം സാക്ഷ്യംവഹിക്കുന്നതിനിടയിൽ നടന്ന ഉച്ചകോടി സമ്പൂർണ പരാജയത്തിലാണ്‌ കലാശിച്ചത്‌. ലോകം അഭിമുഖീകരിക്കുന്ന സുപ്രധാനപ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത്‌ യോജിച്ച ഒരു പ്രഖ്യാപനത്തിലെത്താൻപോലും സാധിച്ചില്ല. ലോക സമ്പദ്ഘടനയെയും വാണിജ്യ ബന്ധങ്ങളെയും രാഷ്ട്രീയ ഗതിവിഗതികളെയും തങ്ങളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക്‌ അനുസരിച്ച് മുന്നോട്ടുകൊണ്ടുപോവുക എന്നതിൽ കവിഞ്ഞ്‌ മറ്റൊരു താൽപ്പര്യവും ജി 7 കൂട്ടായ്‌മയ്‌ക്കില്ലെന്ന്‌ ഇതിലൂടെ വീണ്ടും വ്യക്തമായിരിക്കുകയാണ്‌. ഇറാനുനേരെയുള്ള ഇസ്രയേലിന്റെ കടന്നാക്രമണം, ഇസ്രയേൽ പലസ്തീൻ ജനതയ്ക്കെതിരെ നടത്തിവരുന്ന വംശീയ ഉന്മൂലന യുദ്ധം, മൂന്ന്‌ വർഷം പിന്നിട്ട റഷ്യ–-ഉക്രയ്ൻ യുദ്ധം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാഷ്ട്രങ്ങൾക്കെതിരെ നടപ്പാക്കുന്ന വ്യാപാര യുദ്ധം, ഗ്രീൻ ലാൻഡ്‌ ഉൾപ്പെടെ അതിർത്തി രാജ്യങ്ങൾക്കെതിരെ ഉയർത്തുന്ന അധിനിവേശ ഭീഷണി തുടങ്ങിയ സങ്കീർണ പ്രശ്നങ്ങളിൽ വികസിത രാജ്യങ്ങൾക്കിടയിലെ അതിരൂക്ഷമായ അഭിപ്രായഭിന്നതയാണ്‌ യോജിച്ച പ്രസ്‌താവന ഇറക്കുന്നതിന്‌ തടസ്സമായത്‌.


ഇറാനെയും ഉക്രയ്‌നെയും കുറിച്ചുള്ള ചർച്ചകൾക്കു പുറമെ, "വികസനത്തിനുള്ള ധനസഹായം, സമൃദ്ധിക്ക്‌ വേണ്ടിയുള്ള പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തൽ, വളർച്ചയ്ക്കും അമൂല്യധാതുക്കളുടെ വിതരണ ശൃംഖലകൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌(നിർമിത ബുദ്ധി) സംരംഭം ഉണ്ടാക്കുക, കുടിയേറ്റം, കള്ളക്കടത്ത്‌ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ അജൻഡ യോഗത്തിനുണ്ടായിരുന്നു. ഇതിലൊന്നും വ്യക്തമായ ചർച്ച നടത്തി പൊതുപ്രഖ്യാപനം നടത്താൻ സാധിച്ചില്ല. ഇറാൻ-–-ഇസ്രയേൽ സംഘർഷത്തിന്റെ പേരിൽ ആദ്യ ദിവസംതന്നെ ഡോണൾഡ്‌ ട്രംപ്‌ തിരിച്ചുപോയി. ഇറാനെ കടന്നാക്രമിച്ച ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ്‌ അംഗരാഷ്ട്രങ്ങൾ സ്വീകരിച്ചത്‌. "ഗാസയിലെ വെടിനിർത്തൽ ഉൾപ്പെടെ മധ്യപൂർവദേശത്തെ ശത്രുത കുറയ്ക്കണമെന്ന്’ ആവശ്യപ്പെടുന്ന ഒഴുക്കൻമട്ടിലുള്ള പ്രസ്താവന പുറപ്പെടുവിച്ചു. എന്നാൽ ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തണമെന്നത്‌ ഉൾപ്പെടെയുള്ള നിർദേശങ്ങളൊന്നും അതിൽ പരാമർശിച്ചില്ല. ഉക്രയ്‌നിനുള്ള പിന്തുണ സംബന്ധിച്ച സംയുക്ത പ്രസ്താവനയിറക്കാനുള്ള നീക്കം അമേരിക്കൻ എതിർപ്പിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചെങ്കിലും " റഷ്യക്കുമേൽ പരമാവധി സമ്മർദം ചെലുത്താൻ സാമ്പത്തിക ഉപരോധങ്ങൾ ഉൾപ്പെടെയുള്ള മാർഗങ്ങളും സ്വീകരിക്കണമെന്ന്‌’ യോഗം ആഹ്വാനം ചെയ്‌തു. അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കാൻ ആഗോള തലത്തിലുള്ള ധാരണയും ഉച്ചകോടിയിൽ പ്രധാന ചർച്ചയായില്ല.


2018 ലെ ജി7 ഉച്ചകോടിയിൽനിന്ന് ഇറങ്ങിപ്പോയശേഷം വീണ്ടും അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് പങ്കെടുക്കുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ ഉച്ചകോടിക്ക് ഉണ്ടായിരുന്നു. ലോകത്തെ അതിസമ്പന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക, വാണിജ്യ, രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി 1975ലാണ് ജി 7 ഉച്ചകോടിയുടെ ആരംഭം. യുഎസ്‌, യുകെ, കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടതാണ്‌ ജി 7 എന്ന വികസിത രാജ്യങ്ങളുടെ കൂട്ടായ്‌മ. 1998ൽ റഷ്യയെക്കൂടി ഉൾപ്പെടുത്തി ജി 8 ആയി മാറി. 2014ൽ റഷ്യയെ പുറത്താക്കിയതോടെ സംഘടന വീണ്ടും ജി 7 ആയി. ഇത്തവണത്തെ ഉച്ചകോടിയിൽ ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഉക്രയ്ൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, മെക്സിക്കോ, യുഎഇ എന്നീ രാഷ്ട്രത്തലവന്മാരും ക്ഷണിതാക്കളായിരുന്നു.


കാനഡ പ്രധാനമന്ത്രി കാർണിയിൽനിന്നും അവസാനം ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുത്തെങ്കിലും കാര്യമായ പ്രാധാന്യമോ മാധ്യമ ശ്രദ്ധയോ ലഭിച്ചതുമില്ല. ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യതയ്‌ക്ക്‌ ഇരുപ്രധാനമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച വഴിയൊരുക്കിയെന്നു മാത്രം. വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇക്കാര്യത്തിൽ ചർച്ചകൾ പുനരാരംഭിക്കാൻ സമ്മതിച്ചു. ഉറ്റചങ്ങാതിയെന്ന്‌ വിശേഷിപ്പിക്കുന്ന ഡോണൾഡ്‌ ട്രംപ്‌ മോദിയെ കാണാതെ പോയശേഷം ടെലിഫോണിൽ ചർച്ച നടത്തി സൗഹൃദത്തിലാണെന്ന്‌ വരുത്തിത്തീർത്തിരുന്നു. ജി 7 ഉച്ചകോടിക്കിടെ മോദിയുമായുള്ള കൂടിക്കാഴ്‌ച ഒഴിവാക്കി വൈറ്റ്‌ ഹൗസിലെത്തിയ ട്രംപ്‌ പാകിസ്ഥാൻ സൈനിക മേധാവിയെ ചുവപ്പുപരവതാനി വിരിച്ച്‌ സ്വീകരിച്ച്‌, ഉച്ചവിരുന്ന്‌ നൽകി ആദരിക്കുകയായിരുന്നു. പാക്‌ സേനാ മേധാവിയെ സ്വീകരിക്കുന്നതിനുമുമ്പ്‌ തന്റെ ഇടപെടലിനെ തുടർന്നാണ്‌ ഇന്ത്യ–-പാക് സംഘർഷം അവസാനിപ്പിച്ചതെന്ന്‌ ട്രംപ് ആവർത്തിച്ചു. ഈ അവകാശവാദത്തിന്റെ യാഥാർഥ്യം ജനങ്ങളുടെ മുന്നിൽ തുറന്നുപറയാൻ മോദി തയ്യാറാകണം.



deshabhimani section

Related News

View More
0 comments
Sort by

Home