മതസങ്കൽപ്പങ്ങൾക്ക്‌ 
പുതിയ മാനം പകർന്ന ആത്മീയനേതാവ്‌

francis marpapa
വെബ് ഡെസ്ക്

Published on Apr 22, 2025, 12:00 AM | 2 min read



നീതി, വികസനം, യഥാർഥ സ്വാതന്ത്ര്യം എന്നിവയാണ്‌ സമാധാനത്തിലേക്കും സന്തുഷ്ടിയിലേക്കുമുള്ള വഴിയെന്ന്‌ വിശ്വസിച്ച ആത്മീയനേതാവാണ്‌ പോപ്പ്‌ ഫ്രാൻസിസ്‌. കത്തോലിക്ക സഭയുടെ 266–-ാമത്‌ പാപ്പയായിരുന്ന ഫ്രാൻസിസ്‌ ഒരു വ്യാഴവട്ടക്കാലം ലോകത്തിന്റെ ധാർമികശബ്ദമായിരുന്നു. റോമിലെ സിംഹാസനത്തെ അദ്ദേഹം അധികാരത്തിന്റെ അടയാളമായി കണ്ടില്ല; മറിച്ച്‌ സഹജീവിസ്‌നേഹത്തിന്റെയും കരുണയുടെയും പ്രതീകമായി കണ്ടു. ഇന്ന്‌ മാനവരാശി നേരിടുന്ന വിപത്തുകളിൽ മുഖ്യമാണ്‌ സാമ്പത്തിക അസമത്വമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. കോവിഡ്‌ മഹാമാരിയെ തുല്യതയില്ലാത്ത സാമ്പത്തികവളർച്ചയുടെ ഉപോൽപ്പന്നമായി പോപ്പ്‌ ഫ്രാൻസിസ്‌ വിശേഷിപ്പിച്ചു. സ്വകാര്യസ്വത്ത്‌ പൊതുനന്മയ്‌ക്കായി ഉപയോഗിക്കാൻ നിയമപരമായ ഇടപെടൽ നടത്താൻ രാഷ്‌ട്രീയ അധികാരികൾക്ക്‌ അവകാശമുണ്ടെന്ന്‌ അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. സമാധാനം പാലിക്കാൻ കാൽമുട്ടിൽനിന്ന്‌ ഭരണാധികാരികളോട്‌ അപേ
ക്ഷിച്ചു.


പോപ്പ്‌ ഫ്രാൻസിസിന്റെ ധീരവും സുസ്ഥിരവുമായ നിലപാടുകൾക്ക്‌ ചരിത്രപരമായ പശ്ചാത്തലമുണ്ട്‌. ഫാസിസത്തിന്റെ കരാളഹസ്‌തങ്ങൾ ഇറ്റലിയെ ഞെരുക്കിയപ്പോൾ അർജന്റീനയിലേക്ക്‌ പലായനം ചെയ്‌ത കുടുംബത്തിലാണ്‌ ജോർജ്‌ മരിയോ ബെർഗോളിയോ എന്ന മാമോദീസപ്പേരുകാരനായ പോപ്പ്‌ ഫ്രാൻസിസ്‌ ജനിച്ചത്‌. 1969 ഡിസംബർ 13ന്‌ ജസ്യൂട്ട്‌ സഭയിൽ വൈദികപട്ടം സ്വീകരിച്ച ബെർഗോളിയോ അർജന്റീനയിലെ കിരാത പട്ടാളഭരണകാലത്ത്‌ അടിച്ചമർത്തപ്പെട്ടവരുടെ പക്ഷംചേർന്നു.


അക്കാലത്ത്‌ അർജന്റീനയിലെ ഒട്ടേറെ വൈദികർ വിമോചന ദൈവശാസ്‌ത്രത്തിൽ ആകൃഷ്ടരായി. ബ്യൂണസ്‌ ഐറിസിൽ ബിഷപ്, കർദിനാൾ പദവികൾ വഹിച്ചപ്പോഴും ബെർഗോളിയോ ലളിതജീവിതം നയിച്ചു; സാധാരണക്കാരെയും നിസ്വരെയും ചേർത്തുപിടിച്ചു. ദാരിദ്ര്യത്തിന്റെയും സദാചാരത്തിന്റെയും പേരിൽ പൊതുസമൂഹം അകറ്റിനിർത്തിയവർക്ക്‌ അദ്ദേഹം സ്‌നേഹം പകർന്നുനൽകി. ചേരികളിലെ തകരപ്പുരകളിലെ ജീവിതം നേരിൽ കണ്ടറിഞ്ഞു. കത്തോലിക്കാ സഭയുടെ തലവനായി മാറിയശേഷവും അദ്ദേഹം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുവേണ്ടിയും വാദിച്ചു. ആരെയും അകറ്റിനിർത്താനോ പകവീട്ടാനോ അവകാശമില്ലെന്ന്‌ വ്യക്തമാക്കി. അമേരിക്ക നയിക്കുന്ന സാമ്രാജ്യത്വചേരിക്കെതിരെ നിലകൊണ്ടു.


കത്തോലിക്കാ സഭ ചെയ്‌ത തെറ്റുകൾക്ക്‌ ലോകത്തോട്‌ മാപ്പുപറഞ്ഞ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി വന്ന ബെനഡിക്ട്‌ പതിനാറാമൻ അപ്രതീക്ഷിതമായാണ്‌ 2013 ഫെബ്രുവരിയിൽ സ്ഥാനമൊഴിഞ്ഞത്‌. ഇതേത്തുടർന്ന്‌ മാർച്ച്‌ 13ന്‌ കർദിനാൾ ബെർഗോളിയോ പരമോന്നതസ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 1000 വർഷത്തിനിടെ യൂറോപ്പിൽനിന്നല്ലാത്ത ആദ്യ പോപ്പായി മാറി. ലോകത്തെ കത്തോലിക്കരിൽ പകുതിയിലധികവും അധിവസിക്കുന്ന തെക്കനമേരിക്കൻ ഭൂഖണ്ഡത്തിൽനിന്ന്‌ ആ പദവിയിലെത്തിയ ആദ്യത്തെയാളുമാണ്‌. ഫ്രാൻസിസ്‌ എന്ന നാമം സ്വീകരിച്ച ആദ്യ പോപ്പുമായി.


തുടക്കംമുതൽ പതിവുകളും കീഴ്‌വഴക്കങ്ങളും തെറ്റിച്ചാണ്‌ പോപ്പ്‌ ഫ്രാൻസിസ്‌ ലോകത്തോട്‌ സംവദിച്ചത്‌. മതസങ്കൽപ്പങ്ങളെ ശുദ്ധീകരിക്കുന്നതിന്റെ ധാർമിക ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു. ഔദ്യോഗികവാഹനത്തിൽ കയറാതെ കർദിനാൾമാർക്കൊപ്പം ബസിൽ മടങ്ങി. ചെറിയ പ്രവൃത്തികൾവഴി ലോകത്തിന്‌ പുതിയ സന്ദേശങ്ങൾ നൽകി. പെസഹാ നാളിലെ കാൽകഴുകൽ ശുശ്രൂഷകളിൽ അവഗണിക്കപ്പെട്ടിരുന്ന വിവിധ ജനവിഭാഗങ്ങൾക്ക്‌ പ്രാതിനിധ്യം നൽകി. മുസ്ലിം രാഷ്‌ട്രങ്ങൾ സന്ദർശിച്ച പോപ്പ്‌, സാഹോദര്യം പരമപ്രധാനമാണെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.


മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ രക്തച്ചൊരിച്ചിൽ നടക്കുന്ന ലോകത്ത്‌ നന്മയും സ്‌നേഹവും പുനഃസ്ഥാപിക്കാൻ ആഗ്രഹിച്ച പോപ്പ്‌ ഫ്രാൻസിസ്‌ രോഗവും പ്രായാധിക്യവും വകവയ്‌ക്കാതെ സജീവമായിരുന്നു. മതത്തിന്റെ പേരിൽ നടക്കുന്ന കടന്നാക്രമണങ്ങൾ മനുഷ്യത്വവിരുദ്ധമാണെന്ന്‌ അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.


അഭയാർഥികളെ കൂട്ടത്തോടെ കയറ്റിവിടുന്ന ട്രംപ്‌ സർക്കാർ നടപടിയെ അപലപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അമേരിക്കയിലെ ബിഷപ്പുമാർക്ക്‌ കത്തെഴുതി. കുടിയേറ്റക്കാരെ മതിൽകെട്ടി തടയുന്നവരെ ക്രൈസ്‌തവരായി കരുതാൻ കഴിയില്ലെന്ന്‌ 2016ൽതന്നെ പോപ്പ്‌ അഭിപ്രായപ്പെട്ടിരുന്നു. തീവ്രദേശീയവാദികളും യുദ്ധക്കൊതിയരും വൻകിട കോർപറേറ്റുകളും പാപ്പയുടെ നിലപാടിനെ പരിഹസിച്ചു. ഇസ്രയേൽ പലസ്‌തീൻ ജനതയോട്‌ ചെയ്യുന്ന ക്രൂരതകൾ അവസാനിപ്പിക്കണമെന്ന്‌ മരണത്തിന്‌ മണിക്കൂറുകൾക്ക്‌ മുൻപ്‌ നൽകിയ അവസാന ഈസ്‌റ്റർ സന്ദേശത്തിലും അദ്ദേഹം അഭ്യർഥിച്ചു. യുഎസ്‌ -– ഇസ്രയേൽ സഖ്യം ലോകത്തിനാകെ ഭീഷണിയായിരിക്കെയാണ്‌ മനുഷ്യസ്‌നേഹിയായ ഈ ആത്മീയനേതാവ്‌ വിടപറഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Home