എമ്പുരാന്‌ വധശിക്ഷയോ

empuraan movie editorial
വെബ് ഡെസ്ക്

Published on Apr 01, 2025, 12:00 AM | 2 min read


പ്രദർശനത്തിനെത്തിയ ഒരു സിനിമയെ കുരിശിലേറ്റി ശിക്ഷിക്കുന്നത്‌ ആവിഷ്കാര സങ്കൽപ്പങ്ങൾക്കുതന്നെ തീയിടുന്നതിനു തുല്യമാണ്‌. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ്‌ സംവിധാനം ചെയ്ത ‘എമ്പുരാൻ’ സിനിമയ്ക്കുവേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. അതിന്റെ ആദ്യഭാഗമായ ‘ലൂസിഫർ’ നേടിയ വിജയമാണ്‌ കാത്തിരിപ്പിനു കാരണം. സിനിമയുടെ പ്രമേയം സംബന്ധിച്ചും നിർമാണത്തിലെ നിലവാരം സംബന്ധിച്ചുമെല്ലാമുള്ള പ്രേക്ഷകരുടെ വിലയിരുത്തലിനുപോലും സമയം നൽകാതെ ഹിന്ദുത്വവാദികൾ മുൻവിധിയോടെ സിനിമയെ സമീപിക്കുകയായിരുന്നു. അത്‌ അപ്രതീക്ഷിതമായി വന്നതോ സിനിമ കണ്ടശേഷം മാത്രമുള്ള പ്രതികരണമോ അല്ലെന്ന്‌ അവയുടെ തീവ്രസ്വഭാവം വ്യക്തമാക്കുന്നുണ്ട്‌. ആസൂത്രിതമായ നീക്കം എമ്പുരാനെതിരെ ഉണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാൻ.


ആർഎസ്‌എസ്‌ മുഖപത്രമായ ഓർഗനൈസറിൽ വന്ന രണ്ടു ലേഖനവും സിനിമയെ പ്രതിക്കൂട്ടിൽ നിർത്തുന്നത്‌ രാജ്യദ്രോഹകരമായ പ്രമേയം കൈകാര്യം ചെയ്യുന്നെന്നും ഇസ്ലാമിക തീവ്രവാദി സംഘങ്ങളെ പിന്തുണയ്ക്കുന്നുവെന്നുമാണ്‌. ഏതാനും നാളുകളായി തങ്ങളുടെ എതിരാളികളെയും വിമർശിക്കുന്നവരെയും തുറുങ്കിലിടാൻ ചാർത്തിക്കൊടുക്കുന്ന വിശേഷണങ്ങളാണിവ. തങ്ങളുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽത്തന്നെ സിനിമയെ കടന്നാക്രമിക്കണമെന്ന ആഹ്വാനത്തോടെ നടത്തുന്ന വിമർശങ്ങൾ കരുതിക്കൂട്ടിയുള്ളതാണ്‌.


എന്താണ് സംഘപരിവാറിനെ പ്രകോപിപ്പിച്ച സിനിമയിലെ ഘടകങ്ങൾ. നിശ്ചയമായും അതിലൊന്ന് ഗുജറാത്ത് വംശഹത്യയുടെ ഭീതിപ്പെടുത്തുന്ന ഓർമകളെ സമൂഹമധ്യത്തിലേക്ക് വീണ്ടും കൊണ്ടുവന്ന് നിർത്തുന്നുവെന്നതാണ്. സ്‌ത്രീകളെന്നോ ഗർഭിണികളെന്നോ കുട്ടികളെന്നോ എന്തിന്, മനുഷ്യരെന്നോപോലുമുള്ള പരിഗണനയില്ലാതെ വെട്ടിയരിഞ്ഞും ബലാത്സംഗം ചെയ്തും ഒരു വംശത്തെ ഇല്ലാതാക്കാനുള്ള വർഗീയഭ്രാന്തിന്റെ ക്രൂരമുഖംതന്നെയാണ് ആ വംശഹത്യ. ആർഎസ്എസ് ഒഴികെ ലോകത്തുള്ളവരെല്ലാം അതിനെ അപലപിച്ചിട്ടുമുണ്ട്. ഭയപ്പാടോടെമാത്രം സമൂഹം ഓർക്കുന്ന ആ ഹത്യാപരമ്പരയെ സിനിമയിൽ അതേ ആഴത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.


കേന്ദ്രം ഭരിക്കുന്ന പാർടിയുടെ നേതാക്കളെയോ സർക്കാരിനെയോ വിമർശിച്ചാൽ കേന്ദ്ര ഏജൻസികൾ വീട്ടുമുറ്റത്ത് വരുമെന്ന വസ്തുത രാജ്യത്തെ കൊച്ചുകുട്ടികൾക്കുപോലും അറിയാം. അക്കാര്യവും സിനിമയിൽ കൃത്യമായി അടിവരയിടുന്നുണ്ട്. സത്യത്തോട് കടുത്ത വെറുപ്പുള്ള ഭരണാധികാരികൾ എക്കാലത്തും ഉപയോഗിച്ചിട്ടുള്ള ആയുധം സെൻസറിങ്ങും വിലക്കും ഭീഷണിയുമൊക്കെത്തന്നെയാണ്. ഹിറ്റ്‌ലറെക്കുറിച്ച് നർമം പറഞ്ഞാൽപ്പോലും അകത്തുപോകുന്ന സ്ഥിതിയായിരുന്നു ജർമനിയിൽ.


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കതിലും ആർഎസ്എസ് വിരുദ്ധമായ എന്തെങ്കിലും ആവിഷ്കാരം നടത്തുകയെന്നത് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. എന്നാൽ, ഹിന്ദുത്വ വർഗീയ വാദികൾക്ക് കടന്നുകയറാൻ പറ്റാത്ത പ്രദേശമായ കേരളത്തിലേക്ക്‌ നിശ്ശബ്ദമായ വിലക്കുകളുടെയും അദൃശ്യമായ വാളുകളുടെയും ഭീതിപ്പെടുത്തുന്ന വരവ് വലിയ ആശങ്കയുണ്ടാക്കുന്നു. തെരുവിലിറങ്ങി അക്രമമുണ്ടാക്കാതെ, ഏതെങ്കിലും തിയറ്റർ കത്തിക്കാതെ, പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാക്കാതെ സത്യം വിളിച്ചു പറഞ്ഞാൽ കഴുത്തരിയപ്പെടും എന്ന കനപ്പിന്റെയും ചോരമണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്‌. അതിന്‌ ചില വിശ്വാസ പ്രമാണങ്ങളുടെയും മതങ്ങളുടെയും പേര്‌ ദുരുപയോഗിക്കുകയാണ്‌. അമേരിക്കയിൽ ഫാസിസം വരികയാണെങ്കിൽ അത്‌ രാജ്യത്തിന്റെ പതാകയിൽ പൊതിഞ്ഞും അതിന്മേൽ കുരിശ്‌ സ്ഥാപിച്ചുംകൊണ്ടായിരിക്കുമെന്ന്‌ ഒരു ചൊല്ലുതന്നെയുണ്ട്‌. രാജ്യത്തിന്റെ പേരും സംസ്കാരിക ചിഹ്നങ്ങളും മറ്റും തങ്ങളുടേതായി സ്ഥാപിച്ചാണ്‌ അവർ വരികയെന്നർഥം.


എമ്പുരാനെതിരായ കൂട്ടത്തോടെയുള്ള ആക്രമണം നിർമാതാക്കളെയും താരങ്ങളെയും ത്രിശങ്കുവിലാക്കിയതിൽ തെറ്റുപറയാനാകില്ല. തുടർന്നും അവർക്കെല്ലാം ഈ രംഗത്ത് തുടരേണ്ടതുണ്ട്. പക്ഷേ, സ്വതന്ത്രമായ ആവിഷ്കാരത്തിന് വിലങ്ങ്‌ വീഴുന്ന സ്ഥിതിവിശേഷം ചൂണ്ടുന്നത് ഫാസിസത്തിന്റെ മണിമുഴക്കത്തിലേക്കാണ്. മലയാള സിനിമ അതിന്റെ ചെറിയ പരിവട്ടങ്ങൾക്കകത്തുനിന്ന്‌ വൻകരകളുടെ വെള്ളിവെളിച്ചത്തിലേക്ക്‌ എത്തിനോക്കുന്നത്‌ ആരെയൊക്കെയോ പൊള്ളിക്കുന്നുണ്ട്‌ എന്നുകൂടി കൂട്ടിവായിക്കണം. സിനിമയ്ക്കും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ ഏതാനും ദിവസമായി നടത്തിവരുന്ന വ്യാപകമായ വിദ്വേഷ പ്രചാരണങ്ങൾ കടുത്ത വർഗീയതയുടെ വിഷം കലർത്തിക്കൊണ്ടുതന്നെയാണ്‌. രാജ്യം കണ്ട നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെക്കുറിച്ച്‌ ആരും മിണ്ടരുതെന്ന തീട്ടൂരമാണ്‌ അതിന്റെ പച്ചയായ അർഥം. കേരളത്തിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾ പരസ്യമായ ഭീഷണികൾ ഉയർത്തുമ്പോൾ ഉത്തരേന്ത്യയിലെ സ്ഥിതി ആലോചിക്കാവുന്നതേയുള്ളൂ.


ഈ സാഹചര്യത്തിൽക്കൂടിയാണ്‌ റീ സെൻസറിങ്ങിന്റെയും വെട്ടിമാറ്റലിന്റെയും മറ്റും ചർച്ച സജീവമാകുന്നത്‌. വർഗീയവാദത്തിനെതിരെ നിലപാടുള്ള ഒരു സിനിമ ഇല്ലായ്മ ചെയ്യാനും അതിന്റെ പ്രവർത്തകരെ ആക്രമിക്കാനും മുതിർന്നതിനെതിരെ കേരളംപോലൊരു പ്രദേശം ശക്തമായി പ്രതികരിച്ചില്ലെങ്കിൽ വേറെവിടെനിന്നുയരും ശബ്ദം. ജനാധിപത്യ ധ്വംസനത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിച്ചേ മതിയാകൂ. വെട്ടിത്തിരുത്താമെന്ന്‌ കലാകാരന്മാർക്ക്‌ പറയേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കാൻ നാടിന്റെ കൂട്ടായ പിന്തുണയാണ്‌ ആവശ്യം. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചോ ജനാധിപത്യത്തെക്കുറിച്ചോ മിണ്ടാൻപോലും യോഗ്യതയില്ലാത്തവർ, ഒരു കലാസൃഷ്ടിക്ക് വധശിക്ഷ കൽപ്പിക്കുമ്പോൾ കഴുത്ത് നീട്ടിത്തരാൻ തയ്യാറല്ലെന്നാണ് ഈ നാട് പറയേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home