പിഴുതെറിയാം വെറുപ്പിന്റെ രാഷ്‌ട്രീയത്തെ

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ മുഖവും ശബ്‌ദവുമായ കേണൽ സോഫിയ ഖുറേഷിയുടെ വീടിന് കർണാടക പൊലീസ് അധിക സുരക്ഷയൊരുക്കിയിരിക്കുകയാണ്. ശത്രുരാജ്യത്തിന്റെ ഭീഷണിയാലല്ല. മറിച്ച് ‘ദേശസ്‌നേഹി’കളുടെ അസഹിഷ്‌ണുതയും വിദ്വേഷവുമാണ് രാജ്യത്തിന്റെ വീരപുത്രിയെ ഇത്തരമൊരു അവസ്ഥയിലെത്തിച്ചത്. ഭരണഘടനാ പദവിയുള്ള, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനമന്ത്രി ‘ഭീകരരുടെ സഹോദരി’യെന്നാണ് സോഫിയ ഖുറേഷിയെ വിശേഷിപ്പിച്ചത്. രാജ്യത്തിനുവേണ്ടി പോരാടി അഭിമാനമായി മാറിയ ഒരു വനിതയ്ക്കുനേരെ സംഘപരിവാർ, മതത്തിന്റെ പേരിൽ നടത്തിയ ഈ കടന്നാക്രമണം ഭീകരർ നടത്തിയ കൂട്ടക്കൊലയെപ്പോലും ലജ്ജിപ്പിക്കുന്നു. സൈന്യത്തിന്റെ നേട്ടത്തിന്റെ പേരിൽ ഊറ്റംകൊള്ളുകയും അതിനെ തെരഞ്ഞെടുപ്പ് നിക്ഷേപമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രാഷ്‌ട്ര നേതൃത്വം പുലർത്തിയ മൗനമാണ് അതിലേറെ ഭീകരം.
പഹൽഗാമിൽ ഭീകരർ വീഴ്‌ത്തിയ ചോരയ്‌ക്ക് ഇന്ത്യ നൽകിയ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഭീകരതയ്‌ക്ക് വളക്കൂറൊരുക്കുന്ന മണ്ണിലെ ഒമ്പത് ഭീകരത്താവളമാണ് രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിക്കാതെ നമ്മുടെ സൈന്യം തകർത്തത്. അത് നാം കേട്ടത് കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമികാ സിങ് എന്നിവരുടെ വാക്കുകളിലൂടെയായിരുന്നു; ഒപ്പം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെയും. രാജ്യം ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഇവിടംകൊണ്ട് അവസാനിക്കണമെന്നും അന്നേ സൈന്യം വ്യക്തമാക്കി. എന്നാൽ, ലക്കും ലഗാനും ഇല്ലാതെ ജനവാസകേന്ദ്രങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം തുടങ്ങിയതോടെ സംഘർഷം നീണ്ടു. പ്രതിരോധത്തിലുറച്ചുനിന്ന ഇന്ത്യൻ സൈന്യം സംയമനത്തോടെ നിയന്ത്രിത പ്രത്യാക്രമണമാണ് നടത്തിയത്. പാകിസ്ഥാൻ മിസൈലുകളും ഉപയോഗിച്ചുതുടങ്ങിയതോടെ 11ന് ഇന്ത്യ അവരുടെ സൈനികത്താവളങ്ങളും വ്യോമകേന്ദ്രങ്ങളും ആക്രമിച്ചു. തുടർന്നാണ് അമേരിക്കയുടേതടക്കമുള്ള വിവാദ ഇടപെടൽ അവകാശവാദത്തിന്റെയടക്കം പശ്‌ചാത്തലത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. മൂന്നുദിവസവും സൈനിക നടപടി ജനങ്ങൾക്ക് വിശദീകരിച്ച സോഫിയ ഖുറേഷി, വ്യോമികാ സിങ്, വിക്രം മിസ്രി എന്നിവർതന്നെയാണ് വെടിനിർത്തൽ തീരുമാനവും രാജ്യത്തെ അറിയിച്ചത്.
ഇതിനിടെ അതിർത്തിയിലെ സംഘർഷത്തിനൊപ്പം രാജ്യത്തിനകത്ത് യുദ്ധവെറിയും വളർന്നിരുന്നു. ഓപ്പറേഷൻ സിന്ദൂറിനെ രാഷ്‌ട്രീയ മുതലെടുപ്പിനുള്ള വിഷയമാക്കാൻ ശ്രമിച്ച സംഘപരിവാറാണ് അതിനു മുന്നിൽ നിന്നത്. ലോക കപ്പ് ഫുട്ബോൾ ഫൈനൽപോലെ സംഘർഷം പെരുപ്പിച്ചുകാട്ടിയ മാധ്യമങ്ങൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. നാലുദിവസത്തിനുശേഷം പെട്ടെന്ന് ഇന്ത്യ വെടിനിർത്തിയതായി പ്രഖ്യാപിച്ചത് ഈ കേന്ദ്രങ്ങളെ നിരാശപ്പെടുത്തിയെന്നത് സ്വാഭാവികം. വെടിനിർത്തലിനോടുള്ള ഇക്കൂട്ടരുടെ എതിർപ്പ് രാഷ്‌ട്രീയ നേതൃത്വത്തിലേക്ക് തിരിയാതിരിക്കാൻ വാർത്ത നാടിനെ അറിയിച്ചവർക്കുനേരെ തിരിച്ചുവിടുകയെന്ന കുറുക്കുവഴിയാണ് സംഘപരിവാർ തെരഞ്ഞെടുത്തത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും അദ്ദേഹത്തിന്റെ മകൾക്കും നേരെ സൈബറിടങ്ങളിൽ അധിക്ഷേപ വർഷമുണ്ടായി. മിസ്രിക്ക് അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ സ്വകാര്യമാക്കേണ്ടി വന്നു. പഹൽഗാമിൽ കൊല്ലപ്പെട്ട സൈനികൻ വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷിയെയും ഇവർ വെറുതെ വിട്ടില്ല. പഹൽഗാമിന്റെ പേരിൽ കശ്‌മിരിലെ ജനതയെ കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞതിനായിരുന്നു വളഞ്ഞിട്ടാക്രമണം. പിന്നാലെ സോഫിയ ഖുറേഷിക്കെതിരെ രൂക്ഷമായ സൈബറാക്രമണം തുടങ്ങി. മധ്യപ്രദേശ് സംസ്ഥാന ബിജെപി മന്ത്രിസഭയിലെ ആദിവാസിക്ഷേമ മന്ത്രി കുൻവർ വിജയ് ഷാ പരസ്യ അധിക്ഷേപത്തിനും മുതിർന്നു. ‘ഭീകരർ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്‌ച്ചു. അവർക്ക് മറുപടി നൽകാൻ മോദി അവരുടെ സ്വന്തം സഹോദരിയെത്തന്നെ അയച്ചു. അവർ ഹിന്ദുക്കളുടെ വസ്‌ത്രം നീക്കി പരിശോധിച്ചാണ് കൊലപ്പെടുത്തിയത്. മോദിജി അവരുടെ സഹോദരിയെ അയച്ച് അതേ നാണയത്തിൽ തിരിച്ചടിച്ചു. നിങ്ങൾ ഞങ്ങളുടെ സ്‌ത്രീകളെ വിധവകളാക്കിയാൽ ഞങ്ങൾ നിങ്ങളുടെ സ്‌ത്രീകളെ അയച്ച് തിരിച്ചടിക്കുമെന്ന സന്ദേശമാണ് നൽകിയത്’–- എന്നായിരുന്നു ഷായുടെ പരാമർശം. ഹൈക്കോടതി ഇടപെടലിൽ മന്ത്രിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതിന്റെ ഗതി എന്താകുമെന്ന് കാത്തിരുന്നു കാണണം. ആ ബിജെപി നേതാവ് ഇപ്പോഴും മന്ത്രിസഭയിൽ തുടരുന്നുവെന്നത് ഇതിന്റെ ചൂണ്ടുപലക. വിജയ് ഷായെ സുപ്രീം കോടതിയും രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ പദവികൾ വഹിക്കുന്നവർ സംസാരത്തിൽ സംയമനം പാലിക്കണമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, മന്ത്രിയുടെ പരാമർശങ്ങൾ അംഗീകരിക്കാനാകാത്തതും വിവേകരഹിതമാണെന്നും പറഞ്ഞു.
സോഫിയ ഖുറേഷിക്കെതിരായ ആക്രമണത്തിന് അവരുടെ മതവും കാരണമാക്കിയെന്നതാണ് അതിലേറെ അപലപനീയം. ആ വെറുപ്പാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുചാടിയത്. എന്നാൽ, സോഫിയ ഖുറേഷിയുടെ വ്യക്തിഗത വിവരങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാലറിയാം സൈനികപ്രവർത്തനത്തിൽ അവരുടെ മികവ്. അവർ യുഎൻ സമാധാനസംരക്ഷണ ദൗത്യത്തിൽ നേതൃത്വം നൽകിയ ആദ്യത്തെ ഇന്ത്യൻ വനിതാ കമാൻഡറാണ്. അച്ഛനും മുത്തച്ഛനും ഇന്ത്യയുടെ സൈനികരായിരുന്നു. മുതുമുത്തശ്ശിയാകട്ടെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഝാൻസിറാണി റെജിമെന്റിൽ ഇന്ത്യക്കായി പോരാടി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായി ചെറുവിരൽ അനക്കാത്ത പ്രസ്ഥാനത്തിലുള്ളവരാണ് മതത്തിന്റെ പേരിൽ ഇവരുടെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നത്. ജീവിക്കുന്ന രാജ്യത്തോട് കൂറും സ്നേഹവും തോന്നുന്നത് സാധാരണമാണ്. എന്നാൽ, അതിന്റെ പേരിൽ വെറുപ്പ് പരത്തുന്നത് രോഗാവസ്ഥയാണ്. അറുത്തുമാറ്റേണ്ട രോഗാവസ്ഥ.









0 comments