പെരുംനുണകളുടെ കുഴലൂത്തുകാർക്ക് മുഖത്തേറ്റ അടി

അനുഭവങ്ങളിൽനിന്ന് ഒരു പാഠവും പഠിക്കാത്തവർക്കും പെരുംനുണകളുടെ മഹാഖ്യാനങ്ങൾ തീർക്കുന്നവർക്കും മുഖത്തേറ്റ അടിയാണ് വെള്ളിയാഴ്ച കേരള ഹൈക്കോടതിയിൽനിന്നുണ്ടായ വിധി. ഉന്നയിച്ച ഘട്ടത്തിൽത്തന്നെ ആരോപണങ്ങൾ ചീട്ടുകൊട്ടാരംപോലെ തകർന്നടിഞ്ഞിട്ടും പിച്ചും പേയും പറഞ്ഞ് ഹൈക്കോടതിയിലെത്തിയവർക്ക് കൊടുക്കേണ്ട ഉത്തരം കൃത്യമായി കോടതി നൽകിയിട്ടുണ്ട്. ‘ആക്ഷേപങ്ങൾക്ക് വസ്തുതകളുടെയും തെളിവുകളുടെയും ഒരു പിൻബലവുമില്ല, ആരോപണങ്ങളുമായി മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാൻ ഒരു തെളിവുമില്ല. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ കഴിയില്ല. സംശയത്തിന്റെ പേരുപറഞ്ഞ് കേസെടുക്കുന്നത് പൊതു പ്രവർത്തകരുടെ ഔദ്യോഗിക ജീവിതം കളങ്കപ്പെടുത്തും’ കോടതി അർഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ സ്ഥാപനമായ എക്സാ ലോജിക് സൊല്യൂഷൻസിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞ കാര്യങ്ങളാണ് മുകളിൽ സൂചിപ്പിച്ചത്. ഇതേ ആവശ്യം നിരാകരിച്ച തിരുവനന്തപുരം വിജിലൻസ് കോടതി നടപടി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ, കളമശേരി സ്വദേശി ഗിരീഷ് ബാബു എന്നിവരുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വീണയുടെ കമ്പനിക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ യൂണിയൻ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണയോടെ തുടർച്ചയായി നൽകിയ പരാതികൾ കോടതികൾ നിരസിക്കുകയായിരുന്നു. എന്നിട്ടും നാണമില്ലാതെ കോടതിയിലെത്തിയവർ ഇനിയെങ്കിലും പാഠം പഠിക്കുമോ എന്നുമാത്രമാണ് സമൂഹത്തിന് അറിയേണ്ടത്. ഇങ്ങനെയുള്ള പരാതികളിൽ ആളുകളെ കോടതിയിലേക്ക് വിളിച്ചു വരുത്തുന്നത് വ്യക്തിയുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും പ്രതിച്ഛായയെയും ദോഷകരമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആദായ നികുതി തർക്കപരിഹാര ബോർഡിന്റെ നടപടികളും തുടർ നടപടികളുമായിരുന്നു ആക്ഷേപങ്ങളുടെ തുടക്കം.
പരിഹാര ബോർഡിലെ പരാതിക്കാർ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ഉടമയായിരുന്നു. തങ്ങളുടെ സ്ഥാപനത്തിലെ യഥാർഥ ചെലവ് പരിഗണിക്കാതെയാണ് ആദായ നികുതി ചുമത്തിയതെന്നും ചെലവ് അംഗീകരിച്ച് നികുതിയിൽ ഇളവുവേണമെന്നുമായിരുന്നു കമ്പനിയുടെ പരാതിയുടെ ചുരുക്കം. കമ്പനി ചെലവെഴുതിയ കൂട്ടത്തിൽ വീണയുടെ കമ്പനിക്ക് സർവീസ് ചാർജ് ഇനത്തിൽ നൽകിയ തുകയും പറഞ്ഞിട്ടുണ്ട്. ഇതിന്റെ മറപിടിച്ചായിരുന്നു കുഴൽനാടന്റെ ആരോപണം. ചെലവിനെ മുൻനിർത്തി കമ്പനി പ്രതിനിധി ബോർഡിൽ മൊഴി നൽകിയത് അവരുടെ വാദത്തെ ന്യായീകരിക്കാനാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.
ചെലവിനെക്കുറിച്ച് കമ്പനി പറഞ്ഞതിനെ അടിസ്ഥാനമാക്കി അതിർവരമ്പുകൾ മറികടന്ന ചില പരാമർശം ആദായ നികുതി വകുപ്പിന്റെ ഇടക്കാല സെറ്റിൽമെന്റ് ബോർഡിൽനിന്നുണ്ടായിരുന്നു. ആ സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടും കോടതി തള്ളിയിട്ടുണ്ട്. ആരോപണം ഉയർന്ന ഘട്ടത്തിലും ഇപ്പോഴും കാര്യങ്ങൾ വ്യക്തവും കൃത്യവുമാണ്. രണ്ടു കമ്പനികൾ തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് എക്സാ ലോജിക്കിന് ബാങ്ക് അക്കൗണ്ട് മുഖേന പണം ലഭിച്ചത്. ലഭിച്ച പണത്തിന് മതിയായ സർവീസ് കരാർപ്രകാരം കമ്പനി നൽകിയിട്ടുണ്ട്. അത് കള്ളപ്പണമോ തെറ്റായ മാർഗത്തിലുള്ളതോ ആണെങ്കിൽ ബാങ്ക് വഴി നൽകാനാകില്ല. ലഭിച്ച പണത്തിന് ജിഎസ്ടിയും ആദായ നികുതിയും അടച്ചിട്ടുണ്ട്. ആദായ നികുതി സ്രോതസ്സിൽ (ടിഡിഎസ്)നിന്നുതന്നെ സിഎംആർഎൽ പിടിച്ചതാണ്.
ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് ജിഎസ്ടി കമീഷണറുടെ മറുപടി ധനമന്ത്രിതന്നെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഈ വസ്തുതകളും സത്യവും മറച്ചുപിടിച്ചാണ് മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞത്. അതെല്ലാം തകർന്നിരിക്കുന്നു. ഇതേസമയം കോൺഗ്രസ് നേതാക്കൾ പലരും സിഎംആർഎല്ലിൽനിന്ന് കോടികൾ വാങ്ങിയിട്ടുണ്ടെന്ന കാര്യം അവർതന്നെ സമ്മതിച്ചിട്ടുണ്ട്. ആ പേരുകളൊക്കെ നേരത്തേതന്നെ പുറത്തുവന്നിട്ടുമുണ്ട്. ഈ പണത്തിനൊന്നും ഒരു രേഖയും ഒരിടത്തും ഇതുവരെ ആരും ഹാജരാക്കിയതായി കണ്ടില്ല. കമ്പനി ഡയറിയിൽ ഇവരുടെയെല്ലാം ചുരുക്കപ്പേരുകളിൽ എഴുതിയ തുകകൾ ആദായ നികുതി വകുപ്പ് കമ്പനിയുടെ ചെലവായി അംഗീകരിച്ചു കൊടുത്തെന്നും ഇതോടൊപ്പം കാണണം. അപ്പോൾ, രേഖാമൂലം നിയമപരമായി, ബാങ്ക് അക്കൗണ്ട് മുഖേന എക്സാ ലോജിക് കൈപ്പറ്റിയ സേവന ചാർജിനെ തെറ്റായി വ്യാഖ്യാനിച്ച് കഥകളുണ്ടാക്കുകയായിരുന്നെന്ന് വ്യക്തം. സ്വർണക്കടത്തടക്കം എത്രയെത്ര ആരോപണങ്ങൾ പ്രതിപക്ഷവും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ചേർന്ന് കെട്ടിപ്പൊക്കി. അപ്പോഴൊക്കെ മുഖ്യമന്ത്രി പിണറായി വിജയൻ യുക്തിഭദ്രമായ ഭാഷയിൽ സുവ്യക്തമായി ഒരു കാര്യം പറയാറുണ്ട്."മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ’. വജ്രത്തിന്റെ ഉറപ്പും ദീപ്തിയുമുള്ള ആ ആദർശധീരത കേരള സമൂഹത്തിന് ബോധ്യമുണ്ട്. ഹൈക്കോടതി വിധി അത് ആവർത്തിച്ച് സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലെ വലിയൊരു വിഭാഗം മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചും രണ്ടുവാക്ക് പറയാതെ വയ്യ. സത്യമെന്ന് മലയാളത്തിലും ട്രൂത്ത് (Truth) എന്ന് ഇംഗ്ലീഷിലും പറയുന്ന വാക്ക് വളരെ ലളിതമാണെങ്കിലും അതിന് മൂല്യമേറെയുണ്ട്. ശ്രമകരമായ അന്വേഷണത്തിലൂടെ മാത്രമേ സത്യത്തിലേക്ക് എത്താൻ കഴിയൂ. ആരെങ്കിലും പറയുന്നത് കേട്ടെഴുതാൻ അന്വേഷണത്തിന്റെ ആവശ്യമില്ല. സത്യം എന്തെന്ന് അന്വേഷിച്ച്, അത് പറയാതെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയക്കളിക്ക് കൂട്ടുനിൽക്കുകയാണ് പല മാധ്യമങ്ങളും. സത്യാന്വേഷണമായിരിക്കണം മാധ്യമ പ്രവർത്തനമെന്നത് പലരും മറക്കുന്നു. നുണക്കഥകൾ നിർമിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കേരളീയ സമൂഹം തിരിച്ചറിയുന്നുണ്ടെന്നുമാത്രം ഇപ്പോൾ പറയട്ടെ.









0 comments