ചെന്നൈയിൽ ഉയർന്നത് കൂട്ടായ ശബ്ദം

ഇന്ത്യ എന്ന മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കിന്റെ നിലനിൽപ്പുതന്നെ അപകടത്തിലായ ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ ഒട്ടേറെ മാനങ്ങളുള്ള ഇന്ത്യൻ ഫെഡറൽ മൂല്യങ്ങൾ തകർക്കാൻ നിത്യേനയെന്നവണ്ണം ശ്രമം നടക്കുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും അധികാരങ്ങൾക്കും അഭിപ്രായങ്ങൾക്കും തെല്ലും വില കൽപ്പിക്കുന്നില്ല. സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യയെന്ന ഭരണഘടനാതത്വംതന്നെ മോദി ഭരണം അട്ടിമറിക്കുന്നു. സംസ്ഥാനങ്ങളുമായി ഒരുവിധ ചർച്ചയുമില്ലാതെ, ഏകപക്ഷീയമായി ലോക്‌സഭാ മണ്ഡല പുനർനിർണയം നടപ്പാക്കാൻ ശ്രമിക്കുന്നതും ഈ സമീപനത്തിന്റെ ഭാഗമാണ്.
ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണയത്തിനൊരുങ്ങുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന് സ്വാധീനമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്‌സഭയിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുകയും അതുവഴി അധികാരം തങ്ങളിൽ കേന്ദ്രീകരിക്കുകയുമെന്ന സംഘപരിവാർ ലക്ഷ്യമാണ് ഇതിനു പിന്നിൽ. ഇതിനായി ദക്ഷിണേന്ത്യയിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം കുറയ്ക്കൽ പുനർനിർണയത്തിന്റെ മുഖ്യ അജൻഡയായി മാറിയിരിക്കുന്നു.
ഈയൊരു പശ്ചാത്തലത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിളിച്ചു ചേർത്ത സംയുക്ത കർമസമിതി യോഗം സുപ്രധാനമായി. ജനാധിപത്യത്തിന്റെ അടിവേര് മുറിക്കുന്ന ബിജെപി ഭരണത്തിന്റെ നീക്കത്തിനെതിരെ ഒറ്റക്കെട്ടായ പ്രതിഷേധമുയർത്തിയ യോഗം 25 വർഷത്തേക്ക് മണ്ഡല പുനർനിർണയം വേണ്ടെന്നും പ്രഖ്യാപിച്ചു. പുനർനിർണയവുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാരിന്റെ ഏതു നീക്കത്തെയും തടയുമെന്ന് യോഗം പ്രമേയത്തിൽ വ്യക്തമാക്കി. പങ്കെടുത്ത പാർടികളുടെ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന കോർ കമ്മിറ്റി രൂപീകരിക്കും. പ്രധാനമന്ത്രിക്ക് സംയുക്ത നിവേദനം നൽകാനും നിയമസഭകൾ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് നൽകാനും തീരുമാനിച്ചിട്ടുണ്ട്. 1971ലെ സെൻസസ് പ്രകാരം നിശ്ചയിച്ച ലോക്സഭാ മണ്ഡലങ്ങൾ അടുത്ത 25 വർഷത്തേക്ക് തുടരണം. ഇതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണം.
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കലാണ്. ഇത് കടുത്ത അനീതിയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജനസംഖ്യാവർധന ദേശീയ ശരാശരിയേക്കാൾ കുറവാണ്. 1971ലെ സെൻസസ് പ്രകാരം 1973ൽ അവസാനമായി മണ്ഡല പുനർനിർണയം നടത്തുമ്പോൾ ഇന്ത്യൻ ജനസംഖ്യയുടെ 3.89 ശതമാനമായിരുന്നു കേരളത്തിലേത്. 2011ലെ കണക്കുപ്രകാരം ഇത് 2.76 ശതമാനമായി. ഇപ്പോൾ പുനർനിർണയം നടത്തിയാൽ സംസ്ഥാനത്ത് ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയും.
മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗം സംസ്ഥാനങ്ങളുടെ അധികാരവും അവകാശങ്ങളും പ്രാതിനിധ്യവും റദ്ദാക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന മുന്നറിയിപ്പും താക്കീതുമായി മാറി. കൂട്ടായ പ്രതിരോധം സീറ്റുകൾക്കു വേണ്ടി മാത്രമല്ല, വൈവിധ്യമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടവുമാണെന്ന് പിണറായി വ്യക്തമാക്കി. അതെ, ബഹുസ്വരതയിലധിഷ്ഠിതമായ ജനകീയ ഐക്യമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷത. അത് തകർക്കാനുള്ള സംഘപരിവാറിന്റെ ഏതു നീക്കത്തെയും ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്.
ഒരു ജനതയുടെ നിലനിൽപ്പ് നിർണയിക്കുന്ന നിതാന്തമായ ഒട്ടേറെ പ്രശ്നങ്ങളുണ്ട്, ജനങ്ങളുടെ അവകാശങ്ങളുണ്ട്, ജനാധികാരമുണ്ട്. ഇത് അംഗീകരിക്കാത്ത ഒരു ഭരണമാണ് ഇന്ന് രാജ്യത്തുള്ളത്. ഈ ഭരണത്തിന്റെ സമീപനങ്ങൾ വർഗീയാധിഷ്ഠിതവും സങ്കുചിതവും ഏകാധിപത്യപരവും ഏകപക്ഷീയവുമാണ്. അതിന്റെ തുടർച്ചതന്നെയാണ് മണ്ഡല പുനർനിർണയവും. ഇവിടെ നിശ്ശബ്ദരായിരിക്കാൻ കഴിയില്ല. ശബ്ദമുയർത്തിയേ പറ്റൂ. അത് ഒറ്റപ്പെട്ട ശബ്ദമാകാനും പാടില്ല. കൂട്ടായ സ്വരമായിരിക്കണം. ആ കൂട്ടായ്മയാണ് ചെന്നൈയിൽ കണ്ടത്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്ന് നീതിയാണ്. ആ നീതി ലഭിച്ചേ മതിയാകൂ. ചെന്നൈയോഗം ഉയർത്തിയ നിലപാടും അതുതന്നെ.









0 comments