ഡൽഹിയിൽ കണ്ടത് കോൺഗ്രസിന്റെ ചതി

യുദ്ധമുഖത്ത് പിന്നിൽനിന്നു കുത്തിയവരുടെ കഥകൾ ഏറെയുണ്ട്, ചരിത്രത്തിലും പുരാണങ്ങളിലും. അമേരിക്കൻ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ബനഡിക്‌ട് ആർനോൾഡ്, ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത വി ഡി സവർക്കർ, സീസറിനെ കുത്തിവീഴ്‌ത്തിയ ബ്രൂട്ടസ്, എതിരാളിയോട് അടരാടുമ്പോൾ ബാഹുബലിയെ പിന്നിൽനിന്ന് കുത്തിയ കട്ടപ്പ... ഇനിയുമുണ്ടേറെ. രാജ്യം ഫാസിസത്തിന്റെ ഭീഷണിയിൽ വിറങ്ങലിക്കുമ്പോൾ ആ ചുവരെഴുത്തു വായിക്കാൻ കഴിയാതെ ഡൽഹിയിൽ ആം ആദ്‌മിയെ പിന്നിൽനിന്ന് കുത്തി ബിജെപിക്ക് വഴിയൊരുക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസും ആ പട്ടികയിൽ സ്ഥാനംപിടിക്കുകയാണ്.
ഉത്തരേന്ത്യയിലാകെ ബിജെപി തേരോട്ടം നടത്തിയപ്പോഴും രാജ്യതലസ്ഥാനമായ ഡൽഹി (93–- 98 കാലഘട്ടമൊഴിച്ച്) കാവിക്കൊടിക്ക് കീഴ്‌പ്പെട്ടിരുന്നില്ല. ആം ആദ്‌മി പാർടിയും കെജ്‌രിവാളും ബിജെപിയുടെ കണ്ണിലെ കരടായി തുടർന്നു. എന്നാൽ, ആ കോട്ടയും കോൺഗ്രസ് ചതിയിൽ വീഴുന്നതാണ് കണ്ടത്. ആം ആദ്‌മി 70 സീറ്റിൽനിന്ന് 22ലേക്ക് ഒതുങ്ങി. ബിജെപിക്ക് 48 സീറ്റ് കിട്ടിയെങ്കിലും ഈ പാർടികൾ തമ്മിലുള്ള വോട്ട് വ്യത്യാസം കേവലം 1.99 ശതമാനംമാത്രം. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും പൂജ്യത്തിലൊതുങ്ങിയ കോൺഗ്രസ് 70 സീറ്റിലും മത്സരിച്ചെങ്കിലും ഫലം മറ്റൊന്നായിരുന്നില്ല. എന്നാൽ 6.34 ശതമാനം വോട്ടുനേടി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മതനിരപേക്ഷ കൂട്ടായ്‌മ നിലനിന്നിരുന്നെങ്കിൽ വോട്ട് ശതമാനം 49.91 ആകുമായിരുന്നു. ബിജെപി പച്ചതൊടില്ലായിരുന്നു. മതനിരപേക്ഷ വോട്ടുകളുടെ ഭിന്നിപ്പാണ് ഇവിടെയും ബിജെപിക്ക് വഴിതുറന്നതെന്ന് വ്യക്തം. കോൺഗ്രസ് സ്ഥാനാർഥികളുടെ സാന്നിധ്യംകൊണ്ടുമാത്രം പതിനഞ്ചിടത്ത് എഎപി ബിജെപിയോട് തോറ്റു. കോൺഗ്രസ് പിടിച്ച വോട്ടാണ് മുൻ മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുടെ തോൽവിക്കും കാരണമായത്. അസദുദീൻ ഒവൈസിയുടെ എഐഎംഐഎം മുസ്‌തഫാബാദിലെ ന്യൂനപക്ഷവോട്ട് പിളർത്തിയും ബിജെപിക്ക് കുടപിടിച്ചു. ചുരുക്കത്തിൽ കോൺഗ്രസും എഐഎംഐഎമ്മും ബിജെപിയുടെ ചാവേറുകളായാണ് ഡൽഹിയിൽ പ്രവർത്തിച്ചത്.
കെജ്‌രിവാൾ അഴിമതിക്കാരനും നുണയനും വാക്കുപാലിക്കാത്തവനുമാണെന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചു. ‘ഇന്ത്യ കൂട്ടായ്‌മ’യിലെ പ്രധാന കക്ഷിയായ കോൺഗ്രസ് തന്നെ എഎപിയെ താറടിക്കാൻ ഇറങ്ങിയത് ബിജെപിയുടെ പണി എളുപ്പമാക്കി. അഴിമതി ആരോപണങ്ങളുടെ പേരിൽ ഇഡിയെയും ആദായ നികുതി വകുപ്പിനെയും ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിന്റെ വേട്ടയാടലിനെ കോൺഗ്രസ് പ്രത്യക്ഷത്തിൽത്തന്നെ പിന്തുണയ്‌ക്കുകയായിരുന്നു ഇവിടെ. പിന്നാലെ എഎപിയുടെ പ്രധാന നേതാക്കൾക്കെതിരെ ശക്തരായ സ്ഥാനാർഥികളെ ഇറക്കി കോൺഗ്രസ് അവരെ പിന്നിൽനിന്ന് കുത്തുകയും ചെയ്‌തു. ഫലം വന്നശേഷം ബിജെപി അധികാരത്തിലെത്തിയതിൽ തെല്ലും ആശങ്കയില്ലാതെ എഎപിയുടെ പതനത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു കോൺഗ്രസ് നേതാക്കൾ.
ഡൽഹിയിൽ മാത്രമല്ല, ഹരിയാന, മഹാരാഷ്‌ട്ര, യുപി ഉപതെരഞ്ഞെടുപ്പ്... എന്നുവേണ്ട തെരഞ്ഞെടുപ്പ് നടന്നിടങ്ങളിലെല്ലാം കോൺഗ്രസിന്റെ സങ്കുചിത നിലപാടും അമിത അവകാശവാദവും മതനിരപേക്ഷ കൂട്ടായ്‌മയ്‌ക്ക് വിനയായെന്ന് കാണാം. ബിഹാറിൽ പിടിച്ചുവാങ്ങിയ സീറ്റിലെല്ലാം കോൺഗ്രസ് പരാജയപ്പെടുകയായിരുന്നു. ചുരുക്കത്തിൽ വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് വിശ്വസിക്കാനാകാത്ത കൂട്ടുകക്ഷിയായി മാറി. കേരളത്തിലും ബിജെപിക്കും ഇഡിക്കും ഒപ്പംചേർന്ന് എൽഡിഎഫ് സർക്കാരിനെ കടന്നാക്രമിക്കുന്ന യുഡിഎഫ് നേതാക്കളും പിന്തുടരുന്നത് ഇതേ പാതയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നൽകാത്ത ജനവിധി ഭരണഘടനയുടെയും മതനിരപേക്ഷതയുടെയും ഭാവി രക്ഷിച്ചെന്ന് നാം വിചാരിച്ചിരുന്നു. എന്നാൽ, പിന്നാലെ ഹരിയാനയും മഹാരാഷ്‌ട്രയും ഒടുവിൽ ഇതാ ഡൽഹിയും നൽകുന്ന പാഠം ഭാവി അത്ര ശോഭനമല്ലെന്നുതന്നെയാണ്. ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപി ഏകീകൃത സിവിൽകോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ അവരുടെ അജൻഡകൾ മുന്നോട്ടുകൊണ്ടുപോകുകയാണ്. "ഹിന്ദുത്വ ഭാരതം' തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ ഓരോ നീക്കവും.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ ആക്രമണങ്ങളും വർഗീയകലാപങ്ങളും കുത്തനെ വർധിച്ചെന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. ഈ യാഥാർഥ്യം മനസ്സിലാക്കി സങ്കുചിത രാഷ്‌ട്രീയ താൽപ്പര്യവും തൻപ്രമാണിത്വവും കോൺഗ്രസ് മാറ്റിവയ്‌ക്കാത്തിടത്തോളം കാലം ബിജെപിക്ക് പണി എളുപ്പമാകും. ഡൽഹി തെരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുന്നുണ്ട്.









0 comments