ഗുരുതര സുരക്ഷാവീഴ്‌ച

രാജ്യതലസ്ഥാനമായ ഡൽഹിയുടെ ഹൃദയഭാഗത്തുണ്ടായ ചാവേർ കാർബോംബാക്രമണം ഗൗരവമേറിയ സുരക്ഷാവീഴ്‌ചയിലേക്കാണ് വിരൽചൂണ്ടുന്നത്. ചെങ്കോട്ടയും ജുമാ മസ്‌ജിദും ചാന്ദ്നി ചൗക്കുമൊക്കെ സ്ഥിതിചെയ്യുന്ന അതിസുരക്ഷാ മേഖലയിലാണ് രാജ്യത്തെയാകെ നടുക്കിയ സ്‌ഫോടനമുണ്ടായത്. 13 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
കശ്‌മീരിലെ പഹൽഗാമിൽ കഴിഞ്ഞ ഏപ്രിലിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ തുടർച്ചയായിവേണം ഡൽഹിയിലെ ചാവേർ ബോംബാക്രമണത്തെ കാണാൻ. പഹൽഗാമിനുശേഷമുണ്ടായ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടിയായി ഭീകരാക്രമണസാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ഡൽഹി ആക്രമണം. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്‌ഷെ മുഹമദ്, ലഷ്‌കറെ തോയ്‌ബ തുടങ്ങിയ ഭീകരസംഘടനകൾ വീണ്ടും സജീവമാകുന്നതായി സമീപകാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതെല്ലാം മുന്നിൽക്കണ്ട് ഡൽഹിയിൽ മതിയായ സുരക്ഷയൊരുക്കുന്നതിൽ പൊലീസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പൂർണമായും പരാജയപ്പെട്ടു. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഭീകരവാദം തുടച്ചുനീക്കിയെന്ന് അമിത് ഷാ അവകാശപ്പെടുന്നതിനിടെയാണ് ചെങ്കോട്ടയിലെ ആക്രമണം.
ജയ്‌ഷെ മുഹമദിന്റെ പേരിൽ ഭീകരാക്രമണഭീഷണി ഉയർത്തിയുള്ള പോസ്റ്റുകൾ ഒക്‌ടോബർ 19ന് കശ്‌മീരിൽ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടർന്നുള്ള ജമ്മു കശ്‌മീർ പൊലീസിന്റെ അന്വേഷണം ഡൽഹിക്കടുത്ത് ഫരീദാബാദിലുള്ള അൽ ഫലാ ആശുപത്രിയിലേക്കാണ് എത്തിയത്. ഇവിടെ ഒരു ഡോക്ടറുടെ മുറിയിൽനിന്ന് വലിയതോതിൽ സ്‌ഫോടകവസ്‌തുക്കൾ കണ്ടെടുത്തു. ഒരു വനിതയുൾപ്പെടെ മൂന്ന് ഡോക്ടർമാർ അറസ്റ്റിലായി. ഭീകരശൃംഖലയുമായി ബന്ധമുള്ള നാലാമതൊരു ഡോക്ടറെ കണ്ടെത്താൻ പൊലീസിനായില്ല. ഇയാൾക്കായി ലുക്ക്‌ഒൗട്ട് നോട്ടീസ് തിങ്കളാഴ്‌ച പുറപ്പെടുവിച്ചു.
ജമ്മു കശ്‌മീർ പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന ഡോ. ഉമർ എന്ന തീവ്രവാദി ലുക്ക്‌ഒൗട്ട് നോട്ടീസ് നിലനിൽക്കെത്തന്നെയാണ് കാറിൽ ഫരീദാബാദിൽനിന്ന് ഡൽഹിയിലേക്ക് കടന്നത്. വായുമലിനീകരണത്തെ തുടർന്നുള്ള ഗതാഗതനിയന്ത്രണങ്ങളും പരിശോധനയുമെല്ലാം ഉള്ളപ്പോഴാണ് സ്‌ഫോടകവസ്‌തുക്കൾ നിറച്ച വാഹനം അതിർത്തി കടന്ന് തലസ്ഥാനത്തേക്ക് പ്രവേശിച്ചത്. ഫരീദാബാദ് അതിർത്തിയിൽനിന്ന് ചെങ്കോട്ടവരെ 30 കിലോമീറ്റർ ദൂരമുണ്ട്. ലുക്ക്‌ഒൗട്ട് പുറപ്പെടുവിച്ചിരിക്കെ ഒരു തടസ്സവുമില്ലാതെ ചെങ്കോട്ടവരെ ഉമർ കാറുമായെത്തി. സിസിടിവികളടക്കം എല്ലാ നിരീക്ഷണസംവിധാനങ്ങളുമുള്ള ചെങ്കോട്ടയിലെ പാർക്കിങ് ഗ്രൗണ്ടിൽ മൂന്നുമണിക്കൂറിലേറെ ഉമർ കാറിലിരുന്നു. തുടർന്നാണ് ചെങ്കോട്ടയ്‌ക്കുപുറത്തെ ട്രാഫിക് സിഗ്‌നലിനുസമീപമെത്തി ചാവേറാക്രമണം നടത്തിയത്.
സ്‌ഫോടകവസ്‌തുക്കൾ നിറച്ച കാറുമായി, തലസ്ഥാന നഗരത്തിലൂടെ മണിക്കൂറുകളോളം ചാവേർ സഞ്ചരിച്ചത് പൊലീസിന്റെയും ഇന്റലിജൻസ് സംവിധാനങ്ങളുടെയും ഗുരുതരവീഴ്‌ചയെ തുറന്നുകാട്ടുന്നു. ചാവേറാക്രമണം നടന്നതിന് തൊട്ടുതലേന്നാണ് 3000 കിലോവരുന്ന സ്‌ഫോടകവസ്‌തുക്കൾ ഡൽഹിക്ക് സമീപത്തുനിന്ന് ജമ്മു കശ്‌മീർ പൊലീസ് പിടിച്ചെടുത്തത്. ഭീകരസംഘത്തിൽ ഉൾപ്പെട്ട ഒരാൾ പിടിയിലാകാനുണ്ടെന്ന സാഹചര്യത്തിൽ ഡൽഹി പൊലീസ് ഉണർന്നുപ്രവർത്തിക്കേണ്ടിയിരുന്നു.
ഡൽഹിയിൽ ഇത്ര വലിയൊരു സ്‌ഫോടനം നീണ്ട ഇടവേളയ്‌ക്കുശേഷമാണ്. 2008 സെപ്‌തംബറിൽ മെഹ്‌റോളിയിൽ മൂന്നുപേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിനുശേഷം വലിയ ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ, പുൽവാമ ആക്രമണവും തുടർന്നുള്ള ഓപ്പറേഷൻ സിന്ദൂറിന്റെയും സാഹചര്യത്തിൽ അതീവജാഗ്രത കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ഇന്റലിജൻസ് ഏജൻസികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നു. ജമ്മു കശ്‌മീരിലെ പുൽവാമയിൽ 2019ലുണ്ടായ ചാവേർ കാറാക്രമണത്തിനു സമാനമാണ് ഇപ്പോൾ ഡൽഹിയിൽ സംഭവിച്ചത്. പുൽവാമയും പഹൽഗാമും ഇപ്പോഴത്തെ ഡൽഹി സ്‌ഫോടനവുമെല്ലാം തുറന്നുകാട്ടുന്നത് ഗുരുതരമായ സുരക്ഷാവീഴ്‌ചയെയാണ്. എപ്പോൾ വേണമെങ്കിലും ഭീകരാക്രമണം ഉണ്ടാകാമെന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.
ഡൽഹിയിൽ സംഭവിച്ച സുരക്ഷാവീഴ്‌ചയ്‌ക്ക് മറുപടി പറയേണ്ടത് ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമാണ്. മുൻ സർക്കാരുകളുടെ കാലത്ത് ഭീകരാക്രമണങ്ങളുണ്ടാകുമ്പോൾ ആഞ്ഞടിക്കാറുള്ള ബിജെപിയും സംഘപരിവാറും നിലവിൽ മൗനത്തിലാണ്. ഇന്റലിജൻസ് സംവിധാനങ്ങളെ സദാസമയവും ജാഗരൂകരാക്കി നിലനിർത്തേണ്ട ഉത്തരവാദിത്വം ആഭ്യന്തരമന്ത്രിക്കും സുരക്ഷാ ഉപദേഷ്ടാവിനുമുണ്ട്. ഗൗരവമേറിയ ഇൗ കടമ നിറവേറ്റുന്നതിനുപകരം രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും തെരഞ്ഞെടുപ്പുജയങ്ങൾക്കായി കുതന്ത്രങ്ങൾ മെനയാനുമാണ് ആഭ്യന്തരമന്ത്രി താൽപ്പര്യപ്പെടുന്നത്. ഡൽഹി സ്ഫോടനത്തിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിഷ്‌പക്ഷമായ അന്വേഷണത്തിലൂടെ എത്രയുംവേഗം നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള നടപടികൾക്ക് സർക്കാർ വേഗംകൂട്ടണം.









0 comments