അതിദരിദ്രരുടെ കാശും തട്ടിച്ച് കോൺഗ്രസ്

സംസ്ഥാന സർക്കാരിന്റെ നാലരവർഷം നീണ്ട ഭഗീരഥ യത്നത്തിനൊടുവിൽ കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിന്റെ ഒരു ദിവസംമുന്പ് ചേർത്തല നഗരസഭയിലുണ്ടായ അപമാനകരമായ സംഭവം ഇനിയും മുഖ്യധാരാ രാഷ്‌ട്രീയവ്യവഹാരങ്ങളിൽ ഇടംപിടിച്ചിട്ടില്ല. അതിദാരിദ്ര്യനിർമാർജന പദ്ധതിയിലെ രണ്ടു ഗുണഭോക്താക്കളുടെ ഭക്ഷ്യകിറ്റ് കൂപ്പൺ തട്ടിയെടുത്ത കോൺഗ്രസ് കൗൺസിലർക്കെതിരെ ചേർത്തല നഗരസഭ പൊലീസിൽ പരാതി നൽകിയ സംഭവം ഒരാഴ്‌ച പിന്നിട്ടിട്ടും ബൂർഷ്വാ മാധ്യമങ്ങളുടെ സംവാദവിഷയങ്ങളുടെ മുൻഗണനാപട്ടികയിലില്ല. അതുകൊണ്ടുതന്നെ വലതുപക്ഷ രാഷ്‌ട്രീയ നേതാക്കൾക്ക് ഇതിനോട് പ്രതികരിക്കേണ്ടിയും വരുന്നില്ല. ചേർത്തല നഗരസഭ 25–ാം വാർഡിലെ കൗൺസിലർ എം എ സാജു നടത്തിയ കേവലമായ സാന്പത്തികത്തട്ടിപ്പായിമാത്രം ഇതിനെ കാണാനാകില്ല. പാവങ്ങളെ ദയനീയമായ സാമൂഹ്യ– സാന്പത്തിക സ്ഥിതിയിൽനിന്ന് മോചിപ്പിക്കാനുള്ള സർക്കാർശ്രമങ്ങളോട് കോൺഗ്രസ് പുലർത്തുന്ന സമീപനത്തിന്റെയും അതിദരിദ്രരുടെ കഞ്ഞിക്കലത്തിൽനിന്നുവരെ കാശുവെട്ടിക്കാൻ നാണമില്ലാത്ത കോൺഗ്രസ് സംസ്‌കാരത്തിന്റെയും പ്രതിഫലനമായി വേണം ഇതിനെ കാണാൻ.
പൊതുപ്രവർത്തകർ ഏതുവിധം പ്രവർത്തിക്കരുത് എന്നതിന്റെ സമീപകാലത്തെ ഏറ്റവും നികൃഷ്‌ടമായ ഉദാഹരണമാണ് ഇൗ കൗൺസിലർ. ആനന്ദകുമാർ എന്ന ഗുണഭോക്താവിന് നഗരസഭ അനുവദിച്ച 5500 രൂപയുടെ ഭക്ഷ്യ കൂപ്പണാണ് തട്ടിയെടുത്തത്. 2024 ഡിസംബർമുതൽ 2025 ഒക്‌ടോബർവരെയുള്ള കൂപ്പൺ കൗൺസിലർ കൈപ്പറ്റിയതായി കണ്ടെത്തി. ഇൗ ഘട്ടത്തിലും കൗൺസിലറുടെ ചെയ്‌തിയെ തള്ളിപ്പറയാനോ നടപടിയെടുക്കാനോ കോൺഗ്രസിന്റെ പ്രാദേശിക–സംസ്ഥാന നേതൃത്വങ്ങൾ തയ്യാറായിട്ടില്ല.
ഇതേ ചേർത്തലയിൽനിന്നുതന്നെയാണ് ഓമനക്കുട്ടൻ എന്ന സിപിഐ എം പ്രവർത്തകനെ മാധ്യമങ്ങളും രാഷ്‌ട്രീയ എതിരാളികളും വേട്ടയാടിയ വാർത്ത പ്രളയകാലത്ത് കേരളം കേട്ടത്. അന്ന് ദുരിതാശ്വാസക്യാന്പിൽ ഓട്ടോറിക്ഷയിൽ ഭക്ഷണസാധനങ്ങൾ എത്തിച്ചതിന്റെ വാടകയായ 70 രൂപ ശേഖരിച്ചതിന്റെ പേരിൽ ആ പൊതുപ്രവർത്തകനെ മോഷ്‌ടാവാക്കുകയായിരുന്നു മാധ്യമങ്ങൾ. ഒരുദിവസം മുഴുവൻ ഓമനക്കുട്ടൻ എന്ന സിപിഐ എം പ്രവർത്തകൻ, മാധ്യമങ്ങളും വലതുപക്ഷവും ചാർത്തിനൽകിയ മോഷ്‌ടാവിന്റെ പട്ടമണിഞ്ഞ് നിൽക്കേണ്ടിവന്നു. ചാനൽ ചർച്ചകളിൽ അതിന്റെ പേരിൽ ഓമനക്കുട്ടന്റെയും ഓമനക്കുട്ടന്റെ പാർടിയുടെയും നേരെ ചെളിവാരിയെറിഞ്ഞു.
എന്നാൽ, വസ്‌തുത വെളിപ്പെട്ടിട്ടും നൽകിയ വാർത്തയുടെ പേരിൽ ഖേദം പ്രകടിപ്പിക്കാത്ത മാധ്യമങ്ങൾ കോൺഗ്രസ് കൗൺസിലറുടെ പേരിൽ ഒരു വാക്കെങ്കിലും മൊഴിഞ്ഞതായി നമുക്കറിയില്ല. രണ്ടു രാഷ്‌ട്രീയസംസ്‌കാരങ്ങളോട് മാധ്യമങ്ങൾ പുലർത്തുന്ന സമീപനം എന്തെന്ന് ഇൗ സംഭവങ്ങളിൽ പകൽപോലെ വ്യക്തമാണ്. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ വീടും ഒരായുസ്സിന്റെ സന്പാദ്യവും നഷ്‌ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ വീട് നിർമിക്കാൻവേണ്ടി പിരിച്ച കോടികൾ എവിടെയെന്ന് കോൺഗ്രസ് നേതാക്കൾക്കുപോലും അറിയില്ല. അതൊന്നും മുഖ്യധാരാ മാധ്യമങ്ങളെ അലട്ടുന്നുമില്ല.
അതിദാരിദ്ര്യമുക്തിയുടെ പേരിൽ ദേശീയമാധ്യമങ്ങളടക്കം സർക്കാരിനുമേൽ അഭിനന്ദനങ്ങൾ ചൊരിയുകയാണ്. ലോകത്ത് ജനകീയ ചൈനയ്‌ക്കുശേഷം അതിദാരിദ്ര്യം നിർമാർജനം ചെയ്‌ത പ്രദേശമെന്ന ഖ്യാതിയാണ് കേരളത്തിന് നവംബർ ഒന്നിന്റെ പ്രഖ്യാപനത്തിലൂടെ കൈവന്നത്. എന്നാൽ, കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷവും ഇതൊരു നേട്ടമായി അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നുമാത്രമല്ല, ഇൗ മഹത്തായ നേട്ടത്തെ അപഹസിക്കുകയും ചെയ്യുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്ന ചില കുടുംബങ്ങളെ കണ്ട് വാർത്താപരന്പര സൃഷ്‌ടിക്കുകയാണ് ചില മാധ്യമങ്ങൾ. അതിദരിദ്രരെയാണ് കരകയറ്റിയതെന്നും നമ്മുടെ സംസ്ഥാനത്തെ ദരിദ്രരെ അവരുടെ ദുരവസ്ഥയിൽനിന്ന് മോചിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അതിദാരിദ്ര്യമുക്ത പ്രഖ്യാപനം തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തട്ടിപ്പാണിതെന്നുവരെ അസഹിഷ്‌ണുതാപൂർവം വാദിക്കുന്നു.
ശിശുമരണനിരക്ക് കുറയ്‌ക്കുന്നതിൽ അമേരിക്കയേക്കാൾ മുന്നിലാണ് കേരളം. പെൻഷൻ വർധന ഉൾപ്പെടെ സാമൂഹ്യക്ഷേമരംഗത്ത് സർക്കാർ കൊണ്ടുവന്ന നിരവധി നേട്ടങ്ങളും ഇവർ കണ്ട ലക്ഷണമില്ല. ഒരു വികസനപദ്ധതിയും തങ്ങൾ അനുവദിക്കില്ലെന്ന പ്രതിപക്ഷനേതാവിന്റെ വിനാശകരമായ ഭീഷണികൾ നിലനിൽക്കവേതന്നെ കേരളം വികസനത്തിന്റെ പാതയിൽ കുതിച്ചുയരുന്നു. ദേശീയപാതാ വികസനത്തിനും ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിക്കും ഒടുവിൽ വയനാട്ടിലേക്കുള്ള തുരങ്കപാതയ്‌ക്കുംവരെ തടസ്സംപിടിക്കാൻ നോക്കിയവരാണ് പ്രതിപക്ഷനേതാവും കൂട്ടരും. എന്നാൽ, എല്ലാ ഭീഷണികളെയും അതിജീവിക്കുകയാണ് കേരളം. വികസനപദ്ധതികൾ തകർക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുന്പോൾ അതിദരിദ്രരുടെപോലും പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുകയാണ് ചേർത്തല കൗൺസിലറെപ്പോലുള്ള താഴെത്തട്ടിലുള്ള നേതാക്കൾ. ഇത് അധികകാലം കേരളം അംഗീകരിക്കില്ല. അസഹിഷ്‌ണുതയുടെയും അധമസംസ്‌കാരത്തിന്റെയും വിഴുപ്പുകൾ ജനങ്ങൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന കാലം അകലെയല്ല.







0 comments