വീഴ്‌ചകളിൽനിന്ന് പഠിക്കാത്ത കോൺഗ്രസിന്റെ ദുരവസ്ഥ

രാജ്യത്തെ പ്രധാന പ്രതിപക്ഷപാർടിയായ കോൺഗ്രസിന്റെ ഇന്നത്തെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഫാസിസ്റ്റ് സ്വഭാവമുള്ള വർഗീയശക്തികളുടെ കടന്നാക്രമണങ്ങളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാനും ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്താനും കോൺഗ്രസ് തയ്യാറാകുന്പോഴാണ്, സമാന ചിന്താഗതിയുള്ളവർ അവരെ അംഗീകരിക്കുക. ഇൗ ദൗത്യം നിർവഹിക്കാൻ ശ്രമിക്കാതെ ആഭ്യന്തരപ്രശ്‌നങ്ങളിലും നയപരമായ അവ്യക്തതകളിലും ഉഴലുകയാണ് ആ പാർടി.
ഹൈക്കമാൻഡ് എന്ന സംവിധാനം നിലകൊള്ളുന്നതായി പറയുന്ന ഡൽഹിയിലും കോൺഗ്രസ് സംഘടനാപരമായി ശേഷിക്കുന്ന സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന സംഭവവികാസങ്ങൾ ഇതിന് തെളിവാണ്. ദേശീയതലത്തിൽ ബഹുമുഖ വെല്ലുവിളികൾ ഏറ്റെടുക്കാൻപാകത്തിൽ ഉയർന്ന് ചടുലമായി പ്രതികരിക്കാനോ സംഘടനാപരമായ വിഷയങ്ങളിൽ അതത് സമയം തീർപ്പുകൽപ്പിച്ച് മുന്നോട്ടുപോകാനോ കോൺഗ്രസിന് കഴിയുന്നില്ല. തികച്ചും വ്യക്തിപരവും സങ്കുചിതവുമായ താൽപ്പര്യങ്ങൾ മുൻനിർത്തി നിലകൊള്ളുന്ന പാർടിയായി അത് പരിണമിച്ചിരിക്കുന്നു.
ഇക്കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയിൽ മുഖ്യമായും പ്രതിഫലിക്കുന്നത്, ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും കുതന്ത്രങ്ങളും പണമൊഴുക്കലും തെരഞ്ഞെടുപ്പ് കമീഷനെ ഉൾപ്പെടെ ഉപയോഗിച്ചുള്ള അധികാരദുർവിനിയോഗവും ആണെന്നതിൽ തർക്കമില്ല. അതേസമയം, കോൺഗ്രസ് നേതൃത്വം അവർ പ്രകടിപ്പിക്കേണ്ടിയിരുന്ന ഉത്തരവാദിത്വം ബിഹാറിൽ കാണിച്ചില്ല; സംസ്ഥാനത്ത് മഹാസഖ്യത്തിന് നേതൃത്വം നൽകുന്ന ആർജെഡിയും ഘടകകക്ഷികളായ ഇടതുപക്ഷപാർടികളും നടത്തിയ കഠിനാധ്വാനം പൂർണവിജയത്തിൽ എത്തിക്കുന്നതിന് കോൺഗ്രസിന്റെ ആ നിലപാട് തടസ്സമായി. നേരത്തേ മഹാരാഷ്‌ട്ര, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോഴും അവർ കാട്ടിയ നിരുത്തരവാദിത്വം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഘടകകക്ഷികളുമായി മാന്യമായ ധാരണയിൽ എത്താനും സ്വന്തം സ്ഥാനാർഥികളെ യഥാസമയം തീരുമാനിക്കാനും മികച്ച സ്ഥാനാർഥികളെ കണ്ടെത്താനും ശ്രമിക്കാതെ സ്വപ്‌നലോകത്തിൽ അഭിരമിക്കുകയാണ് കോൺഗ്രസ്. ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്പോൾ പത്തുവർഷമായി ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ നിലവിലില്ലായിരുന്നു. മഹാരാഷ്‌ട്രയിൽ ബിജെപിയിൽ പോയി തിരിച്ചുവന്ന നാനാ പടോളെയെ ചുരുങ്ങിയ സമയത്തിനുള്ളിൽ പിസിസി പ്രസിഡന്റ് സ്ഥാനത്ത് അവരോധിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഘടകകക്ഷികൾക്ക് അനുവദിച്ച സീറ്റിൽ മത്സരിക്കുകയും ചെയ്‌തു; ബിഹാറിലും ഇതാവർത്തിച്ചു. ഇപ്പോൾ അച്ചടക്കനടപടി എടുത്ത് മുഖംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ബിഹാറിൽ 2020ലെ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ കെടുകാര്യസ്ഥത പ്രകടമായതാണ്; അഞ്ചുവർഷത്തിനുശേഷവും അത് പരിഹരിച്ചില്ല.
കർണാടകത്തിൽ 2023ൽ കോൺഗ്രസിന് ഭരണം ലഭിച്ചപ്പോൾ തുടങ്ങിയ അധികാരപ്പോര് വിട്ടൊഴിഞ്ഞ ദിവസമില്ല. മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് ഡി കെ ശിവകുമാർ ഡൽഹിയിൽ എത്തുകയും മറയില്ലാതെ അക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്‌തു. കുറച്ചുകഴിയുന്പോൾ വച്ചുമാറാമെന്ന ഒത്തുതീർപ്പിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി നിയോഗിച്ചെങ്കിലും അതേച്ചൊല്ലിയുള്ള തർക്കങ്ങളാണ് സർക്കാരിനെ ചൂഴ്‌ന്നുനിൽക്കുന്നത്. സകല വിഷയങ്ങളിലും ശിവകുമാറും അനുയായികളും പ്രതിപക്ഷസ്വരത്തിലാണ് സംസാരിക്കുന്നത്. ഇരുനേതാക്കളുടെയും വിശ്വസ്‌തരുടെ പരസ്യപ്രതികരണങ്ങളും ഇതിന്റെ പേരിൽ അടിക്കടിയുള്ള ഡൽഹിയാത്രകളും കോൺഗ്രസ് സർക്കാരിന്റെ മുഖം വികൃതമാക്കുന്നു. സംസ്ഥാനത്ത് നേതൃമാറ്റമുണ്ടായാൽ താനും മത്സരരംഗത്തുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര തുറന്നുപറഞ്ഞതോടെ സാഹചര്യം കൂടുതൽ സങ്കീർണമായി. ജനപ്രതിനിധികളെ വിലകൊടുത്ത് വാങ്ങൽ പതിവായ കർണാടകത്തിൽ കോൺഗ്രസിലെ ചേരിപ്പോര് മുഖ്യ എതിരാളിയായ ബിജെപിക്ക് നേട്ടമാകുമെന്ന ആശങ്കയുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലയിലെ പല സംസ്ഥാനങ്ങളിലും അധികാരത്തിലെത്താൻ ബിജെപിയെ സഹായിച്ചത്, കോൺഗ്രസുകാരുടെ കൂട്ട കൂറുമാറ്റമാണ്. കോൺഗ്രസ് സർക്കാരുള്ള ഹിമാചൽപ്രദേശിലും മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി അവകാശവാദങ്ങളും തർക്കങ്ങളും പതിവാണ്. ഹൈക്കമാൻഡ് ഫലത്തിൽ നോക്കുകുത്തിയായി.
കേരളത്തിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. കെപിസിസി ഭാരവാഹികളെ ജനാധിപത്യപരമായി തീരുമാനിക്കാതെ ഡൽഹിയിൽനിന്ന് പ്രഖ്യാപിക്കുകയാണ്. വിലപേശലുകൾക്കും തർക്കങ്ങൾക്കുംശേഷം വരുന്ന ജംബോ പട്ടികയുടെ പേരിൽ വീണ്ടും കശപിശയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയപാർടി എന്ന നിലയിൽ ചെയ്യേണ്ട പ്രാഥമികചുമതലകൾ നിർവഹിക്കാതെ സ്ഥാനാർഥികൾ അയോഗ്യരാകുന്നു. ഇതിന്റെ പഴി സിപിഐ എമ്മിനുമേൽ കെട്ടിവയ്‌ക്കാൻ പാഴ്‌ശ്രമം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ. ഇതിന് കൂട്ടുനിൽക്കുന്ന മാധ്യമങ്ങളാകട്ടെ കോൺഗ്രസിന്റെ വീഴ്‌ചകളും അനാസ്ഥയും മൂടിവയ്‌ക്കുകവഴി, വസ്‌തുതകൾ അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുകയാണ്.









0 comments