ഇതാ നമ്മുടെ കൊടിയടയാളം...

Flag, garland, t-shirt, shawl, balloon, symbol, badge, hat...

മൊയ്‌തീൻ പള്ളി റോഡിലെ തങ്കച്ചന്റെ കടയിൽ വിവിധ പാർടികളുടെ തെരെഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ

avatar
അതുൽബ്ലാത്തൂർ

Published on Nov 25, 2025, 01:34 AM | 2 min read

കോഴിക്കോട്‌

കൊടി, തോരണം, ടീ ഷർട്, ഷാൾ‍‍, ബലൂൺ, ചിഹ്നം, ബാഡ്‌ജ്‌, തൊപ്പി... പാളയം ബസ്‌ സ്റ്റാൻഡിന്‌ അടുത്തായി മൊയ്‌തീൻപള്ളി റോഡിലെ തങ്കച്ചൻ ചേട്ടന്റെ കട ശരിക്കും തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസാണെന്നുതോന്നും. തെരഞ്ഞെടുപ്പിന്‌ ആവേശക്കൊടി പാറിക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്‌. തിങ്കളാഴ്‌ച സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ കടയിലെ തിരക്കുകൂടി. സമൂഹമാധ്യമങ്ങൾ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ തരംഗമാകുന്പോഴും കൊടിതോരണങ്ങളില്ലാതെന്ത്‌ തെരഞ്ഞെടുപ്പുത്സവം എന്നതിന്‌ തെളിവാണ്‌ പാളയത്തെ ഇ‍ൗ കട. കേവലം അലങ്കാരവസ്തുക്കളല്ല, ആശയത്തിന്റെ, പാർടിയുടെ ഉറച്ച സാന്നിധ്യം എന്ന നിലയിലാണ്‌ കൊടിതോരണങ്ങളുടെ പ്രാധാന്യം. ശക്തിപ്രകടനത്തിൽ നാട്‌ നിറഞ്ഞുനിൽക്കണം, ഉയരത്തിൽ പാറിക്കളിക്കണം പതാക. അതിലുമുയരത്തിൽ പാറണം ചിഹ്നം. സ്‌ക്വാഡ്‌ പ്രവർത്തനത്തിലും സ്ഥാനാർഥി പര്യടനത്തിലും ജാഥകളിലും കൊട്ടിക്കലാശത്തിലും പ്രചാരണോപാധികൾ നിറയണം. ഇതാണ്‌ ഓരോ പാർടി പ്രവർത്തകരുടെയും ചിന്ത. ഇത്‌ കണ്ടറിഞ്ഞാണ്‌ തൃശൂർ കുന്നംകുളം പഴഞ്ഞി സ്വദേശി അറുപത്തിമൂന്നുകാരനായ തങ്കച്ചൻ വർഷങ്ങൾക്കുമുമ്പേ പ്രചാരണവസ്‌തുക്കളുടെ വിൽപ്പന ഏറ്റെടുത്തത്‌. തമിഴ്‌നാട്‌ ശിവകാശിയിൽനിന്നാണ്‌ സാധനങ്ങൾ. ഓർഡറനുസരിച്ച്‌ അവർ എത്തിച്ചുനൽകും. വ്യക്തമായ രാഷ്‌ട്രീയമുണ്ടെങ്കിലും രാഷ്‌ട്രീയഭേദമന്യേയാണ്‌ വിൽപ്പന. കച്ചവടത്തിൽ കൊടിയുടെ കളർ നോക്കാറില്ലെന്ന്‌ തങ്കച്ചൻ പറഞ്ഞു. ​ട്രെൻഡായി 
ചൈനീസ്‌ കൊടി ഇത്തവണ തെരഞ്ഞെടുപ്പിന്റെ ട്രെൻഡ്‌ ഐറ്റം വീതികുറഞ്ഞ്‌ നീളംകൂടിയ ചൈനീസ്‌ കൊടികളാണ്‌. 35 ര‍ൂപയാണ്‌ വില. നിലവിൽ ദിവസം ശരാശരി 30,000 രൂപയുടെ കച്ചവടമുള്ളതായി തങ്കച്ചൻ പറഞ്ഞു. കോളേജ്‌ തെരഞ്ഞെടുപ്പ്‌, സ്വാതന്ത്ര്യദിനം തുടങ്ങി രാഷ്‌ട്രീയ പ്രാധാന്യമുള്ള അവസരങ്ങൾ മാത്രമാണ്‌ ഇതൊഴിച്ചാലുള്ള പ്രതീക്ഷ. 13, 26, 120 രൂപ എന്നിങ്ങനെയാണ്‌ കൊടിയുടെ വില. ടീ ഷർട് 100. ബലൂൺ 100 എണ്ണം–220. ഷാൾ 35. തൊപ്പി 10, തോരണം 100 മീറ്റർ 300, ചിഹ്നം 1000 എണ്ണത്തിന്‌ 250, 500, 700 എന്നിങ്ങനെയാണ്‌ നിരക്ക്‌. ​ തുടക്കം 
ബുക്ക്‌ സ്റ്റാൾ നാലുപതിറ്റാണ്ടുമുമ്പ്‌ കടയിൽ സെയിൽസ്‌മാനായാണ്‌ തങ്കച്ചൻ കുന്നംകുളത്തുനിന്ന്‌ കോഴിക്കോട്ടേക്ക്‌ വണ്ടികയറിയത്‌. പിന്നീട്‌, ആബേൽ ബുക്ക്‌ സ്റ്റാൾ എന്ന പേരിൽ സ്വന്തം കട തുടങ്ങി. പലവിധ പ്രതിസന്ധിയിൽ കച്ചവടം കുറഞ്ഞു. കൊടിതോരണങ്ങളുടെ ചെറിയതോതിലുള്ള വിൽപ്പന അപ്പോഴാണ്‌ തുടങ്ങിയത്‌. 2012ൽ കോഴിക്കോട്‌ സിപിഐ എം ഇരുപതാം പാർടി കോൺഗ്രസിന്‌ വേദിയായപ്പോൾ വഴിത്തിരിവായി. അരലക്ഷത്തിലധികം ചെങ്കൊടികളാണ്‌ അന്ന്‌ ജില്ലയിലെമ്പാടും എത്തിച്ചുനൽകിയത്‌. അതോടെ ഇ‍ൗ മേഖലയിൽ സജീവമായി.



deshabhimani section

Related News

View More
0 comments
Sort by

Home