യുഡിഎഫിൽ വിമതരുടെ പന്തംകൊളുത്തിപ്പട

Despite the withdrawal of nominations in the local elections, the UDF is mired in rebellion.
വെബ് ഡെസ്ക്

Published on Nov 25, 2025, 01:37 AM | 2 min read

കോഴിക്കോട്‌

തദ്ദേശ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കൽ കഴിഞ്ഞിട്ടും വിമതശല്യത്തിൽ കുരുങ്ങി യുഡിഎഫ്‌. ജില്ലയുടെ പലഭാഗത്തുമായി ഇരുപതോളം വിമതരാണ്‌ രംഗത്തുള്ളത്‌. ഇത്‌ വരും ദിവസങ്ങളിൽ യുഡിഎഫിന്‌ വലിയ വെല്ലുവിളിയായി തീരും. പത്രിക പിൻവലിക്കേണ്ട അവസാന ദിവസവും നേതാക്കൾ പലതവണ വിമതരെ സമീപിച്ചെങ്കിലും തീരുമാനം അംഗീകരിക്കാതെ പ്രവർത്തകർ നേതൃത്വത്തെ തള്ളുകയായിരുന്നു. കോഴിക്കോട്‌ കോർപറേഷൻ, വടകര, ഫറോക്ക്‌ നഗഭസഭ, കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌, കായണ്ണ, ചക്കിട്ടപ്പാറ, പെരുമണ്ണ തുടങ്ങിയ പഞ്ചായത്തുകളിലാണ്‌ വിമത ഭീഷണി കൂടുതലുള്ളത്. നേതാക്കളുടെ ഏകാധിപത്യ പ്രവണതയിലും അർഹരെ തഴഞ്ഞ്‌ സ്വന്തക്കാർക്ക്‌ സീറ്റുനൽകിയതിലും വിജയിക്കുന്ന സീറ്റുകൾ പേമെന്റ്‌ സീറ്റായി നൽകിയതിലും പ്രതിഷേധിച്ചാണ്‌ ഒരുപറ്റം പ്രവർത്തകർ കൂട്ടത്തോടെ യുഡിഎഫിനെതിരെ തിരിഞ്ഞത്‌. കോഴിക്കോട്‌ കോർപറേഷനിൽ പുതുതായി രൂപീകരിച്ച നദീ നഗറിലും ചാലപ്പുറം വാർഡിലുമാണ്‌ യുഡിഎഫിന്‌ വിമതഭീഷണി. ഇവിടങ്ങളിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ നേതാക്കൾ പല തവണ കൂടിക്കാഴ്ച നടത്തിയെങ്കിലും പിന്മാറാൻ തയ്യാറായില്ല. സർപ്രൈസായി സംവിധായകൻ വി എം വിനുവിനെ അവതരിപ്പിച്ച കല്ലായി വാർഡിൽ വിമതനായി രംഗത്തെത്തിയ സുധീപിനെ വാഗ്‌ദാനം നൽകി കൂടെ നിർത്തുകയായിരുന്നു. കായണ്ണ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ യുഡിഎഫ്‌ സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിക്കുന്നത്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ രവീന്ദ്രനാണ്‌. ചക്കിട്ടപ്പാറ പഞ്ചായത്തിലും യുഡിഎഫിന്‌ വിമത ഭീഷണിയുണ്ട്‌. രണ്ടാം വാർഡിൽ മുൻ പഞ്ചായത്തംഗം സെമിലിയാണ്‌ രംഗത്തുള്ളത്‌. പെരുമണ്ണ പഞ്ചായത്തിലെ 22ാം വാർഡിൽ കോൺഗ്രസ്‌ സ്ഥാനാർഥിക്കെതിരെ വിമതനായി രംഗത്തുള്ളത്‌ കോൺഗ്രസ്‌ നേതാവായ റിയാസാണ്‌. വാർഡ്‌ 20ൽ കോൺഗ്രസ്‌ നേതാവ്‌ അഭിലാഷിന്റെ ഭാര്യ ദിവ്യയാണ്‌ വിമത. കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ 14ാം ഡിവിഷനിൽ കോൺഗ്രസ്‌ സ്ഥാനാർഥിക്കെതിരെ മഹിളാ പ്രവർത്തക അനിത അനീഷാണ്‌ വിമത. മറ്റൊരു ഡിവിഷനായ കാരശ്ശേരിയിലും സമവായമായില്ല. ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ രണ്ടു വിമതരാണ്‌ രംഗത്തുള്ളത്‌. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അഡ്വ. മുഹമ്മദ് ദിഷാൽ, കാരശ്ശേരി മണ്ഡലം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ ഷാനിബ് ചോണാട് എന്നിവരാണ് വിമതർ. വടകര നഗരസഭയിൽ ആർഎംപിക്കും ലീഗിനും വിമതർ രംഗത്തുണ്ട്‌. വാർഡ് 27ൽ ആർഎംപി വിമതനായി പുത്തൂർ സ്വദേശി പുത്തൻപുരയിൽ ആസാദ് സിങ്ങും വീരഞ്ചേരി വാർഡിൽ ലീഗ് വിമതനായി വി സി നാസറുമാണ് രംഗത്തുള്ളത്. ഫറോക്ക് നഗരസഭയില്‍ യുഡിഎഫിന് രണ്ടിടത്താണ്‌ വിമത ഭീഷണി. നഗരസഭ ആറാം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ ലീഗിലെ എ കെ റഫീഖാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. 12ാം വാർഡിൽ നിലവിലെ ക‍ൗൺസിലറായ മുസ്ലിംലീഗിലെ സനൂബിയ നിയാസാണ് വിമതയായി മത്സരിക്കുന്നത്‌. കോഴിക്കോട്‌ കോർപറേഷനിൽ നദീനഗറിൽ മുസ്ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സുഹറ റഹീമും ചാലപ്പുറം ഡിവിഷനിൽ കോൺഗ്രസിന്റെ മുൻ മണ്ഡലം പ്രസിഡന്റ് അയൂബുമാണ്‌ വിമതനായി രംഗത്തുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Home