എൻഐഎക്ക് വിട്ടത് ആസൂത്രിത നീക്കം

Chhattisgarh Malayali Nuns Arrest
വെബ് ഡെസ്ക്

Published on Aug 01, 2025, 12:01 AM | 2 min read


2014ൽ നരേന്ദ്ര മോദി അധികാരമേറുമ്പോൾ മതനിരപേക്ഷവാദികൾ പ്രകടിപ്പിച്ച ആശങ്കകൾ ശരിയാണെന്ന്‌ തെളിയിക്കുകയാണ്‌ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ന്യൂനപക്ഷ വേട്ടകൾ. മോദി അധികാരത്തിലെത്തിയശേഷം വൈദികരും കന്യാസ്ത്രീകളും വിശ്വാസികളുമടക്കമുള്ളവർ സംഘപരിവാറി-ന്റെ കായികാക്രമണങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും നിരന്തരം ഇരയാകുന്നു. ദേവാലയങ്ങൾ തകർക്കലും നിർബന്ധിതമായി ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കലും വിവിധ ക്രിസ്‌ത്രീയ സഭയുടെ വിദ്യാലയങ്ങളും അനാഥാലയങ്ങളും സെമിത്തേരികളും ആക്രമിച്ചുനശിപ്പിക്കലും പതിവായി. ഇത്‌ ക്രിസ്തുമതവിശ്വാസികളുടെ മനസ്സിൽ അരക്ഷിതബോധം സൃഷ്ടിക്കുകയാണ്‌. ഒരു മതത്തിൽ വിശ്വസിക്കാനും മറ്റൊന്നിലേക്ക്‌ മാറാനുമുള്ള അവകാശം ഓരോ പൗരനുമുണ്ട്‌. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വസ്ത്രം ധരിച്ചുള്ള യാത്രപോലും തടയപ്പെടുന്ന സാഹചര്യമാണ്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നത്‌. വിശ്വാസത്തിന്റെ ഭാഗമായാണ് പുരോഹിതരും കന്യാസ്ത്രീകളും ജീവകാരുണ്യ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും നടത്തുന്നത്. അത് തടയുന്നത് മനുഷ്യത്വരഹിതമായ സമീപനം മാത്രമല്ല, ഭരണഘടനയോടുള്ള വെല്ലുവിളികൂടിയാണ്.


ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്‌ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്‌ രാജ്യത്തെ ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കത്തിന്റെ തുടർച്ചയാണ്‌. ഛത്തീസ്‌ഗഡിൽ മാത്രമല്ല, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളിലും അടുത്തിടെ കടുത്ത ഭീഷണികൾ ഉണ്ടായി. മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ ബിജെപി എംഎൽഎ ഗോപിചന്ദ്‌ പടാൽക്കർ ക്രിസ്‌ത്യൻ വൈദികർക്കെതിരെ പരസ്യമായി കൊലവിളി നടത്തി. ഒരു പുരോഹിതനെ കൈയേറ്റം ചെയ്‌താൽ മൂന്ന്‌ ലക്ഷവും കൈയോ കാലോ തല്ലിയൊടിച്ചാൽ അഞ്ച്‌ ലക്ഷവും കൊലപ്പെടുത്തിയാൽ 11 ലക്ഷം രൂപയും ഇനാം നൽകുമെന്നായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. അടുത്ത ദിവസങ്ങളിൽത്തന്നെ ഛത്തീസ്‌ഗഡിലെ ഒരു ഗ്രാമത്തിൽനിന്ന്‌ നിർബന്ധിത മതംമാറ്റത്തിന്‌ തയ്യാറാകാത്ത ആറ്‌ ക്രിസ്‌ത്യൻ കുടുംബാംഗങ്ങളെ തല്ലിയോടിച്ചു. ഗ്രാമത്തിലെ 13 ക്രിസ്‌ത്യൻ കുടുംബാംഗങ്ങളിൽ ഏഴ്‌ കുടുംബം ബജ്‌റംഗദൾ അക്രമികളുടെ ഭീഷണിയെത്തുടർന്ന്‌ മതം മാറി. മതംമാറാൻ വിസമ്മതിച്ചവരെ വീടുകൾ കൊള്ളയടിച്ച്‌ അഗ്നിക്കിരയാക്കിയശേഷം ഗ്രാമത്തിൽനിന്ന്‌ അടിച്ചോടിച്ചു. ഇതേ ദിവസങ്ങളിൽത്തന്നെയാണ്‌ അസമിൽ ക്രിസ്‌ത്യൻസഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങൾക്കൊപ്പമുള്ള പള്ളികൾ പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയത്‌.


കെട്ടിച്ചമച്ച ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ ബജ്‌റംഗദൾ എന്ന തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ അഴിഞ്ഞാട്ടമാണ്‌ രണ്ട് കന്യാസ്ത്രീകളെ ജയിലിൽ കഴിയേണ്ട സ്ഥിതിയുണ്ടാക്കിയത്. പെൺകുട്ടികളെ ജോലിക്കായി കൊണ്ടുപോകുന്നത് മനുഷ്യക്കടത്താണെന്നും മതപരിവർത്തന നീക്കമാണെന്നും ആരോപിച്ച് ബജ്റംഗദളുകാർ പ്രശ്നമുണ്ടാക്കിയതാണ് കന്യാസ്‌ത്രീകളുടെ അറസ്റ്റിലേക്കും റിമാൻഡിലേക്കും നയിച്ചത്. ഇതിന്‌ എല്ലാ ഒത്താശയും ചെയ്‌ത ബിജെപി സർക്കാർ കേസ്‌ എൻഐഎയുടെ പരിഗണനയ്‌ക്ക്‌ വിടുകയാണ്‌. എൻഐഎ നിയമത്തിലെ വകുപ്പുകൾ ചുമത്തി കന്യാസ്‌ത്രീകളെ വർഷങ്ങളോളം ജയിലിലടയ്‌ക്കാനുള്ള ബോധപൂർവമായ നീക്കമാണ്‌ നടത്തുന്നത്‌. ബുധനാഴ്‌ച ജാമ്യാപേക്ഷയെ സെഷൻസ്‌ കോടതിയിൽ സർക്കാർ അഭിഭാഷകർ ശക്തമായി എതിർത്തു. മനുഷ്യക്കടത്തിനുള്ള ബിഎൻഎസിലെ 143–-ാം വകുപ്പ്‌ ചുമത്തിയിട്ടുള്ളതിനാൽ കന്യാസ്‌ത്രീകൾക്ക്‌ ജാമ്യം അനുവദിക്കരുതെന്നും ജാമ്യാപേക്ഷ പരിഗണിക്കാൻ സെഷൻസ്‌ കോടതിക്ക്‌ അധികാരമില്ലെന്നും കേസ്‌ എൻഐഎ പ്രത്യേക കോടതിയുടെ പരിഗണനയിലാണ്‌ വരേണ്ടതെന്നും സർക്കാർ വാദിച്ചു.


ബജ്‌റംഗദള്ളിന്റെ വാദങ്ങൾതന്നെയാണ്‌ സർക്കാർ ഉയർത്തിയത്‌. ഇത്‌ പരിഗണിച്ചാണ്‌ സെഷൻസ്‌ കോടതി കേസ്‌ പ്രത്യേക കോടതിയുടെ പരിഗണനയ്ക്ക്‌ വിട്ടത്‌. കോടതി വിധിയോടെ അന്വേഷണവും വിചാരണയും എൻഐഎ ഏറ്റെടുക്കുമെന്ന്‌ ഉറപ്പായി. കന്യാസ്ത്രീകളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ബജ്‌റംഗദളും മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. ഒരു കാരണവശാലും കന്യാസ്‌ത്രീകൾ പുറത്തിറങ്ങരുതെന്നും അവരുടെ അനുഭവം ക്രൈസ്‌തവ സമൂഹത്തിന്‌ പാഠമാകണമെന്നും മുന്നറിയിപ്പുനൽകാനാണ്‌ രാജ്യദ്രോഹക്കുറ്റത്തിന്‌ സമാനമായ വകുപ്പുകൾ ചുമത്തിയത്‌.


അറസ്‌റ്റിലാകുമ്പോൾ കന്യാസ്‌ത്രീകൾക്ക്‌ ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെയും അവരുടെ അച്ഛനമ്മമാരുടെയും മൊഴികൾ മാറ്റിക്കാനുള്ള സമ്മർദവും പൊലീസ്‌ ശക്തമാക്കിയിട്ടുണ്ട്‌. പൊലീസിനെയും റെയിൽവേ സുരക്ഷാ സേനയെയും നോക്കുകുത്തിയാക്കിയാണ് സംഘടനയുടെ പ്രവർത്തകർ അതിക്രമങ്ങൾ നടത്തിയതെന്ന് ജയിൽ സന്ദർശിച്ച ഇടതുപക്ഷ നേതാക്കളോട് കഴിഞ്ഞ ദിവസം കന്യാസ്ത്രീകൾ പറഞ്ഞിരുന്നു. ബിജെപിക്ക് കീഴിൽ റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും ഉൾപ്പെടെ ഭരണകൂട ഉപകരണങ്ങൾ എത്രമേൽ വർഗീയവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്‌ ഛത്തീസ്‌ഗഡ്‌ സംഭവം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കർശനമാക്കിയ മതപരിവർത്തനം തടയാനെന്ന പേരിലുള്ള നിയമത്തിന്റെ മറവിലാണ് ഇതരമതസ്ഥർക്കെതിരെ അതിക്രമങ്ങളും തടങ്കലും പതിവാക്കിയിരിക്കുന്നത്. ഈ കാടത്തം തടയാൻ മതനിരപേക്ഷ ശക്തികൾ ഒറ്റക്കെട്ടായി രംഗത്തുവരികയാണ്‌ വേണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home