അർബുദത്തെ നേരിടാൻ കരുതലോടെ കേരളം

ആരോഗ്യകേരളം നേരിടുന്ന പ്രധാന വെല്ലുവിളിയായ അർബുദരോഗബാധയെ ചെറുക്കാൻ കാലോചിതമായ കരുതൽ നടപടി സ്വീകരിച്ചിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. രാജ്യത്ത് അർബുദരോഗബാധ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ, രോഗപ്രതിരോധത്തിന് ആരോഗ്യവകുപ്പ് രൂപംനൽകിയ ജനകീയ ക്യാമ്പയിൻ ഫലപ്രദമായ മാറ്റത്തിന് വഴിതെളിക്കാൻ ഉതകുന്നതാണ്.
രോഗം കണ്ടെത്താൻ വൈകിയതിനാൽ മതിയായ ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ആദ്യപടിയായി സ്വീകരിച്ച നടപടി. ഇതിനായി ഫെബ്രുവരി നാലുമുതൽ നടത്തിയ ‘ആരോഗ്യം ആനന്ദം–- അകറ്റാം അർബുദം' ക്യാമ്പയിനിൽ 15.5 ലക്ഷത്തോളം സ്ത്രീകളെ സ്ക്രീനിങ്ങിന് വിധേയമാക്കി. അർബുദം സ്ഥിരീകരിച്ച 242 പേർക്ക് തുടർപരിശോധനയും ചികിത്സയും ഉറപ്പാക്കി. ഇതിന്റെ തുടർച്ചയായി സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആഴ്ചയിൽ രണ്ടുദിവസം അർബുദ സ്ക്രീനിങ് ക്ലിനിക്കുകൾ പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അർബുദരോഗബാധ ഉണ്ടോയെന്ന് ക്ലിനിക്കുകളിൽ പരിശോധിക്കും. ബിപിഎൽ വിഭാഗത്തിന് സ്ക്രീനിങ് സൗജന്യമായിരിക്കും. എപിഎല്ലുകാർക്ക് മിതമായ നിരക്കിലാണ് പരിശോധന. ജനകീയ അർബുദ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
കുടുംബങ്ങളെ വൈകാരികമായും സാമ്പത്തികമായും തകർക്കുന്ന അർബുദരോഗബാധയെ സംബന്ധിച്ച കണക്കുകൾ ഏറെ ജാഗ്രത ആവശ്യപ്പെടുന്നതാണ്. 2016ൽ സംസ്ഥാനത്ത് ഒരു ലക്ഷംപേരിൽ 135 പേർക്ക് രോഗബാധ കണ്ടെത്തിയതായാണ് റിപ്പോർട്ട്. അന്ന് ദേശീയ ശരാശരി 100 ആയിരുന്നു. 2022 ആകുമ്പോഴേക്കും കേരളത്തിൽ ഒരുലക്ഷം പേരിൽ 169 പേർക്ക് അർബുദം സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായി. വർഷംതോറും സംസ്ഥാനത്ത് 35,000 പേർക്ക് പുതുതായി രോഗം ബാധിക്കുന്നു എന്നത് സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. പുരുഷന്മാരിൽ ശ്വാസകോശത്തിലും വായിലും തൊണ്ടയിലുമാണ് അർബുദബാധ കൂടുതലായി കണ്ടുവരുന്നത്. അതിൽ 50 ശതമാനവും പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗംകൊണ്ട് ഉണ്ടാകുന്നതാണെന്നും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. സ്ത്രീകളിൽ 30 മുതൽ 35 ശതമാനംവരെ സ്തനാർബുദബാധിതരാണ്. തൈറോയ്‌ഡ്, ഓവറി അർബുദ ബാധിതരാണ് തൊട്ടുപിന്നിൽ.
അർബുദബാധയിൽ ജീവിതശൈലിക്ക് വലിയ പങ്കുള്ളതായും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മദ്യം, പുകയില തുടങ്ങിയവയുടെ ഉപയോഗവും ഭക്ഷണത്തിലെ ക്രമമില്ലായ്മയും അമിത വണ്ണവും ശാരീരികാധ്വാനത്തിന്റെ കുറവും അർബുദത്തിന് വഴിവയ്ക്കുമെന്നും പഠനങ്ങളുണ്ട്. സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങളാലുണ്ടാകുന്ന കടുത്ത സമ്മർദംമുതൽ പരിസ്ഥിതി മലിനീകരണംവരെയുള്ള നിരവധി കാരണങ്ങളും അർബുദത്തിനു പിന്നിലുണ്ട്. ആധുനികമായ എല്ലാ ചികിത്സാമാർഗങ്ങളും പലപ്പോഴും അസുഖത്തിനുമുന്നിൽ പരാജയപ്പെടുന്നുവെന്നതും മരണനിരക്ക് കൂടുതലാണെന്നതും ഗൗരവം വളർത്തുന്നു.
രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വന്നാൽ എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കുകയുമാണ് പോംവഴി. അതിനായി സർക്കാർ രൂപം നൽകിയ ബോധവൽക്കരണ പദ്ധതിക്ക് ജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തിയും മാലിന്യനിർമാർജനമടക്കമുള്ള സാമൂഹ്യ ഉത്തരവാദിത്വങ്ങൾ മുടക്കംകൂടാതെ നിറവേറ്റിയും അർബുദ സ്ക്രീനിങ്ങിന് സ്വയം സന്നദ്ധരായും ആരോഗ്യവകുപ്പിന്റെ ജനകീയ ക്യാമ്പയിന് കേരളം പിന്തുണ പ്രഖ്യാപിക്കുന്നുവെന്നത് ശുഭകരമാണ്. എത്രത്തോളം മാരകമെങ്കിലും കേരളത്തിന്റെ ഇച്ഛാശക്തി അർബുദത്തിന് പ്രതിരോധം ചമയ്ക്കുമെന്ന ശുഭസൂചന അത് നൽകുന്നു.








0 comments