ജനാധിപത്യഹത്യക്കെതിരെ ജനകീയ മുന്നേറ്റം

ദേശീയ സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷം അടിയന്തരാവസ്ഥയിൽ ഉൾപ്പെടെ ഇന്ത്യൻ റിപ്പബ്ലിക് പലവിധ ഭീഷണികൾ നേരിട്ടപ്പോഴും നിർണായക ജനകീയ മുന്നേറ്റങ്ങൾക്ക് അരങ്ങൊരുക്കിയ പ്രദേശമാണ് ബിഹാർ. ഇത്തരത്തിൽ രാഷ്‌ട്രീയവിവേകത്തിന്റെ കാര്യത്തിൽ ബിഹാർജനത പലപ്പോഴും മാതൃകയായിട്ടുണ്ട്. അതേസമയം, അധാർമിക തന്ത്രങ്ങൾ പയറ്റിയാണ് ബിജെപി ബിഹാറിൽ ഭരണപങ്കാളിയായി തുടരുന്നത്. ബിജെപിയുടെ ആജ്ഞാനുവർത്തി എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമീഷൻ അധഃപതിച്ചതിനെതിരെ ബിഹാറിൽ ഉയർന്നുവന്നിരിക്കുന്ന പ്രക്ഷോഭം ദേശീയതലത്തിൽത്തന്നെ പ്രാധാന്യമുള്ളതായി മാറുന്നത് ഇൗ പശ്ചാത്തലത്തിലാണ്. ‘വോട്ട് ചോർ, ഗദ്ദി ഛോട്’ (വോട്ട് കള്ളന്മാർ സിംഹാസനം ഒഴിയണം) എന്ന് ബിഹാറിൽ ഉയർന്ന മുദ്രാവാക്യം രാജ്യമാകെ പ്രതിധ്വനിക്കുകയാണ്.
തീവ്രഹിന്ദുത്വ നയങ്ങൾവഴി അധികകാലം പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ബിജെപി വോട്ടർപട്ടികയിൽ വൻ തിരിമറി കാണിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് വ്യഗ്രത കാട്ടുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ഉപകരണമാക്കി ന്യൂനപക്ഷ, ദളിത്, പിന്നാക്ക വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും വോട്ടവകാശം നിഷേധിച്ചും സ്വന്തം പാർടിക്കാർക്ക് ഇഷ്ടംപോലെ വോട്ട് അനുവദിച്ചും ബിജെപി ജനാധിപത്യഹത്യ നടത്തുന്നുവെന്ന് തെളിവുകൾ പുറത്തുവന്നു. ഇതിനോടൊക്കെ ഉചിതമായി പ്രതികരിക്കുന്നതിനുപകരം പ്രതിപക്ഷപാർടികളെയും പ്രതിപക്ഷനേതാക്കളെയും ബിജെപി നേതാക്കളുടെ ഭാഷയിൽ ആക്രമിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ. ബിഹാർ മാതൃകയിൽ ഇതരസംസ്ഥാനങ്ങളിലും വോട്ടർപട്ടിക പരിഷ്‌കരിക്കാൻ നീക്കവും തുടങ്ങി. ഇൗ സാഹചര്യത്തിൽ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ ബിഹാറിൽ ഇന്ത്യ കൂട്ടായ്‌മ സംഘടിപ്പിച്ച ‘വോട്ട് അധികാർ യാത്ര’യ്‌ക്ക് ലഭിച്ച വലിയ പിന്തുണയും ഐക്യദാർഢ്യവും പ്രതീക്ഷാജനകമാണ്. പ്രതിപക്ഷത്തിന്റെ പരാതികൾ പൂർണമായി വിശ്വസിക്കുന്നുവെന്ന് ജനങ്ങൾ സാക്ഷ്യപ്പെടുത്തി.
25 ജില്ലയിലായി 1300 കിലോമീറ്റർ താണ്ടിയ യാത്രയോട് ഇന്ത്യ കൂട്ടായ്‌മയിലെയും ബിഹാർ മഹാസഖ്യത്തിലെയും എല്ലാ പാർടികളും ഒറ്റക്കെട്ടായി സഹകരിച്ചു. ആബാലവൃദ്ധം ആളുകൾ യാത്രയിൽ അണിനിരന്നു. വടി കുത്തി നടക്കുന്ന വയോജനങ്ങളും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും പങ്കെടുത്തു. പട്‌നയിൽ നടന്ന സമാപനസമ്മേളനത്തിൽ രണ്ടുലക്ഷത്തിലധികംപേർ പങ്കെടുത്തെന്നാണ് നിഗമനം. ചരിത്രസ്‌മരണകൾ നിറഞ്ഞുനിൽക്കുന്ന ഗാന്ധിമൈതാനത്ത് ജനസമുദ്രമാണ് രൂപംകൊണ്ടത്. വോട്ടവകാശം ഹനിക്കുന്ന മോദി സർക്കാരിനെതിരെ രോഷാകുലരായി ജനങ്ങൾ മുദ്രാവാക്യങ്ങൾ മുഴക്കി. ‘‘വോട്ടവകാശം ഞങ്ങളുടെ സ്വത്താണ്. അത് തട്ടിപ്പറിക്കാൻ ആരെയും ഞങ്ങൾ അനുവദിക്കില്ല’’ എന്ന് സാധാരണക്കാർ ശക്തമായ താക്കീത് നൽകി. ഭരണവിരുദ്ധവികാരം നേരിടുന്ന ബിഹാറിലെ ബിജെപി–-ജെഡിയു സർക്കാരിന്റെ അടിത്തറ ഇളകിയെന്ന രാഷ്ട്രീയസന്ദേശവും ‘വോട്ട് അധികാർ യാത്ര’ നൽകുന്നു.
ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ബിഹാർ നിയമസഭാ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് എന്നിവർ നയിച്ച യാത്രയുടെ എല്ലാ ഘട്ടത്തിലും ഉറച്ച പിന്തുണയാണ് സിപിഐ എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അഖിലേന്ത്യ–സംസ്ഥാന നേതാക്കൾ യാത്രയിൽ സജീവമായി പങ്കെടുത്തു. പാർടിയുടെ ശക്തികേന്ദ്രങ്ങളിൽ ആയിരങ്ങൾ യാത്രയുടെ ഭാഗമായി. സമാപനസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാർടി ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ നടത്തിയ ഉജ്വലപ്രകടനം ആവേശമായി. ഇൗ യാത്രസംബന്ധിച്ചും സിപിഐ എമ്മിനെതിരെ കേരളത്തിലെ ചില മാധ്യമങ്ങൾ കുത്തിത്തിരിപ്പുവാർത്തകളും വിശകലനങ്ങളും നൽകുന്നതിനാലാണ് ഇത് ചൂണ്ടിക്കാട്ടിയത്.
സ്വതന്ത്ര ഇന്ത്യയിൽ ഒരിക്കലും തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്‌പക്ഷതയും വിശ്വാസ്യതയും ഇത്രമാത്രം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, ബിജെപിയുടെ ഇംഗിതം നടപ്പാക്കാനുള്ള ആയുധമായി തെരഞ്ഞെടുപ്പ് കമീഷൻ നിലകൊള്ളുന്നത് അനുവദിച്ചുകൊടുക്കാൻ രാജ്യത്തെ ജനാധിപത്യശക്തികൾ തയ്യാറാകില്ലെന്ന് ‘വോട്ട് അധികാർ യാത്ര’ പ്രഖ്യാപിച്ചിരിക്കുകയാണ്. വോട്ടുകൊള്ളയ്‌ക്കെതിരായി രാജ്യവ്യാപകമായി നടക്കാനിരിക്കുന്ന പ്രക്ഷോഭങ്ങളുടെ തുടക്കംമാത്രമാണ് ബിഹാറിൽ ഉണ്ടായത്.









0 comments