മാനവികതയ്ക്കുനേരെ ചെരിപ്പെറിയുന്ന ചാതുർവർണ്യം

B R Gavai shoe thrown incident
വെബ് ഡെസ്ക്

Published on Oct 08, 2025, 12:01 AM | 2 min read


​സുപ്രീംകോടതിക്കുള്ളിൽ ചെരിപ്പെറിഞ്ഞ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയെ അപമാനിച്ചത്, സംഘപരിവാർ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന ചാതുർവർണ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയായ മനോവൈകല്യമാണ്. ചെരിപ്പെറിയാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും അഭിഭാഷകൻ രാകേഷ് കിഷോറിന്റെ ഉദ്ദേശ്യം രാജ്യത്തിന് വ്യക്തമായി. സനാതനധർമം എന്ന് മനുവാദികൾ പേരിട്ട് വിളിക്കുന്ന ചാതുർവർണ്യത്തിനും അതിന്റെ മുഖമുദ്രയായ ബ്രാഹ്മണമേധാവിത്വത്തിനും എതിരായ ഒരു സ്വരവും തങ്ങൾ വച്ചുപൊറുപ്പിക്കില്ല എന്നാണ് വിഫലമായ ആ ചെരിപ്പേറിലൂടെ അയാൾ പറഞ്ഞുവച്ചത്. ഖജുരാഹോ ക്ഷേത്രത്തിലെ വിഷ്ണുവിഗ്രഹവുമായി ബന്ധപ്പെട്ട കേസിൽ ഹർജിക്കാരനോട് അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ വിഗ്രഹത്തോടു പറയൂ എന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞതാണ് 71 വയസ്സുള്ള രാകേഷ് കിഷോറിനെ പ്രകോപിപ്പിച്ചതത്രേ. ദളിത് വിഭാഗത്തിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ബി ആർ ഗവായിയെ ചെരിപ്പെറിഞ്ഞ് അപമാനിക്കാനുള്ള ധൈര്യം ഈ അഭിഭാഷകന് നൽകിയത്, രാജ്യത്ത് നിലനിൽക്കുന്ന സവർണ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മേൽക്കോയ്മയും അത്‌ സൃഷ്ടിച്ച അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷവുമാണ്.


ഭരണഘടനാ സ്ഥാപനങ്ങളെയൊക്കെയും വരുതിയിലാക്കാൻ ശ്രമിക്കുകയും മിക്കതിലും വിജയിക്കുകയും ചെയ്ത ഹിന്ദുത്വരാഷ്ട്രീയം ജുഡീഷ്യറിയെ സമ്മർദത്തിലാക്കാൻ പല വഴികളാണ് സ്വീകരിക്കുന്നത്. ഉന്നത കോടതികളിലെ ജഡ്‌ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സമ്പ്രദായത്തെ അപ്പാടെ അട്ടിമറിക്കാൻ 2014ൽ നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ്‌ കമീഷനെ കൊണ്ടുവരാൻ നീക്കം നടത്തി. സുപ്രീംകോടതി ഇടപെട്ടാണ് ഇത്‌ തടഞ്ഞത്. തുടർന്ന് ജഡ്‌ജി നിയമന ശുപാർശകളിൽ ബിജെപി ഭരണകൂടം ഒളിഞ്ഞും തെളിഞ്ഞും ഇടപെടലുകൾ നടത്തുന്നു. ജുഡീഷ്യറിയുടെ വിവിധതട്ടുകളിൽ സംഘപരിവാർ അനുഭാവികളെമാത്രമല്ല, പ്രഖ്യാപിത ബിജെപിക്കാരെവരെ തിരുകിക്കയറ്റുന്നു. ഇതിനൊക്കെ പുറമെ ആക്രമണോത്സുകമായ ആശയപ്രചാരണങ്ങളിലൂടെ ജുഡീഷ്യറിയെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നു. ഇതിന്റെയൊക്കെയും അനന്തരഫലങ്ങൾ ചിലപ്പോഴെങ്കിലും കോടതിവിധികളിൽ പ്രതിഫലിക്കുന്നുമുണ്ട്‌. വഴങ്ങാത്ത ന്യായാധിപരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുക എന്നതും ഭരണകൂട പിൻബലമുള്ള വർഗീയരാഷ്ട്രീയത്തിന്റെ തന്ത്രമാണ്. രാജ്യത്താദ്യമായി സുപ്രീംകോടതിക്കുള്ളിൽ ചീഫ് ജസ്റ്റിസിനെ ചെരിപ്പെറിഞ്ഞ് അപമാനിക്കാൻ ശ്രമമുണ്ടായത് ഈ സാഹചര്യത്തിലാണ്.


ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയത്തിന് മേൽവിലാസം നൽകിയ ബാബ്‌റി മസ്‌ജിദ്‌ വിഷയത്തിൽ കോടതിയിലൂടെ അനുകൂലവിധി നേടിയതിനുപിന്നാലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് വിവിധ കോടതികളിലുള്ളത്. അവയിൽ ചിലതിലൊക്കെയും വിവാദപരമായ വിധികൾ കീഴ്‌ക്കോടതികളിൽനിന്ന്‌ ഉണ്ടായിട്ടുണ്ട്. സുപ്രീംകോടതിയുടെ കർശനമായ നിലപാടാണ് ക്ഷേത്ര പുനഃസ്ഥാപനങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിപ്രളയങ്ങൾക്ക് തടയിട്ടതെന്നും ഓർക്കേണ്ടതുണ്ട്. ഖജുരാഹോ ക്ഷേത്രത്തിലെ വിഗ്രഹവുമായി ബന്ധപ്പെട്ട കേസിലെ ചീഫ് ജസ്റ്റിസിന്റെ പരാമർശം ഈ പശ്ചാത്തലത്തിലാണെന്നാണ്‌ കരുതേണ്ടത്. പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലുള്ള ഖജുരാഹോ ക്ഷേത്രസമുച്ചയത്തിലെ വിഗ്രഹം സംബന്ധിച്ച ആവശ്യവും ഭക്തിയെ രാഷ്ട്രീയമാക്കുന്ന പ്രവണതയിൽനിന്ന് ഉരുത്തിരിഞ്ഞതുതന്നെ.


രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മതഭ്രാന്തും അതിന്റെ രാഷ്ട്രീയ രൂപമായ ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയവും നടത്തുന്ന മസ്തിഷ്കപ്രക്ഷാളനത്തിന്റെ ഇരയാണ് രാകേഷ് കിഷോറെന്ന അഭിഭാഷകൻ. നൂറുവർഷം തികഞ്ഞ ആർഎസ്എസ് രാജ്യത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭത്തിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ദളിതനായ മുഖ്യന്യായാധിപൻ അപമാനിക്കപ്പെടുന്നത് നൽകുന്ന സന്ദേശം അത്യന്തം വിപൽക്കരമാണ്. അതിക്രമത്തെ അപലപിക്കുകയും ചീഫ് ജസ്റ്റിസിന്റെ സംയമനത്തെ പുകഴ്‌ത്തുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി പതിവുപോലെ പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. ആത്മാർഥതയുണ്ടെങ്കിൽ ഹിന്ദുത്വരാഷ്ട്രീയത്തെ തള്ളിപ്പറയുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്. പ്രധാനമന്ത്രിപദത്തിലിരുന്ന്‌ വിഗ്രഹപ്രതിഷ്ഠ നടത്തുകയും അപരമതവിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയിൽനിന്ന് അത് പ്രതീക്ഷിച്ചുകൂടല്ലോ.



deshabhimani section

Related News

View More
0 comments
Sort by

Home