ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു; സ്‌പോട്ട് ബുക്കിങ് 5,000

ശബരിമല: ശബരിമല സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. ചെവ്വാഴ്ച വൈകിട്ട് ആറുവരെ 88, 987 തീർഥാടകർ മലചവിട്ടിയെന്നാണ് കണക്ക്. തിങ്കളാഴ്‌ച 1,17, 369 തീർഥാടകരാണെത്തിയത്. ഈ തീർഥാടനകാലത്ത് ഇതുവരെ 8,48,085 തീർഥാടകരാണ് ദർശനം നടത്തിയത്.
തിങ്കളാഴ്‌ചത്തെ വൻതിരക്ക് കണക്കിലെടുത്ത് ചൊവ്വാഴ്ച സ്‌പോട്ട് ബുക്കിങ് 5,000 ആയി നിജപ്പെടുത്തിയിരുന്നു. തിരക്ക് കൂടിയെങ്കിലും സർക്കാരും ദേവസ്വം ബോർഡും മികച്ച രീതിയിലുള്ള ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക് സുഗമമായി ദർശനം നടത്താനായി. രാവിലെ മുതൽ നടപ്പന്തലിലെ മുഴുവൻ വരികളും നിറഞ്ഞെത്തിയ തീർഥാടകർക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല. നിലയ്‌ക്കലൊഴികെ തീർഥാടകരെ ഒരിടത്തും തടയുന്നില്ല. ക്യൂ കോംപ്ലക്‌സുകൾ പരമാവധി ഉപയോഗിച്ച് തിരക്ക് ക്രമീകരിക്കാനാണ് ശ്രമിക്കുന്നത്. സ്‌പോട്ട് ബുക്കിങ്ങിനായി എത്തുന്ന തീർഥാടകരെ നിലയ്‌ക്കലിൽ ക്രമീകരിച്ചാണ് പമ്പയിലേക്ക് അയക്കുന്നത്.
ശബരിമലയിൽ പുതിയ പൊലീസ് ബാച്ച് ചുമതലയേറ്റു
ശബരിമലയിൽ പൊലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു. 1543 പേരാണ് രണ്ടാം ബാച്ചിൽ ഉള്ളത്. അസി. സ്‌പെഷ്യൽ ഓഫീസറും (എഎസ്ഒ) 10 ഡിവൈഎസ്പിമാരും 34 സിഐമാരും സംഘത്തിൽ ഉൾപ്പെടുന്നു. സന്നിധാനത്തെ വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ സ്‌പെഷ്യൽ ഓഫീസർ എം എൽ സുനിൽ ഉദ്യോഗസ്ഥർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി. തിരക്ക് എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നും അതിനാൽ സദാസമയവും ജാഗ്രത വേണമെന്നും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. എഎസ്ഒമാരായ ജെ കെ ദിനിൽ കുമാർ, എസ് അജയ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പത്തുദിവസമാണ് ഒരു ബാച്ചിന്റെ സേവനം.
ശബരിമലയിൽ ഇന്ന്
പുലർച്ചെ മൂന്നിന് നട തുറക്കും
നിർമാല്യം, അഭിഷേകം മൂന്നുമുതൽ 3.30 വരെ
ഗണപതിഹോമം 3.20 മുതൽ
നെയ്യഭിഷേകം 3.30 മുതൽ ഏഴുവരെ
ഉഷ പൂജ 7.30ന്
നെയ്യഭിഷേകം എട്ട് മുതൽ 11 വരെ
കലശം, കളഭം 11.30ന്
ഉച്ചപൂജ 12ന്
പകൽ ഒന്നിന് നടയടയ്‌ക്കും
പകൽ മൂന്നിന് നട തുറക്കും
ദീപാരാധന 6.30ന്
പുഷ്പാഭിഷേകം 6.45 മുതൽ 9 വരെ
അത്താഴപൂജ 9.15ന്
ഹരിവരാസനം 10.50ന്
നട അടയ്‌ക്കൽ 11ന്








0 comments