ഇത്യോപ്യയിൽ അഗ്നിപർവതം പൊട്ടിയുണ്ടായ ചാരപ്പുക ഇന്ത്യൻ ആകാശത്ത് നിന്ന് നീങ്ങി; വിമാന സർവീസുകൾ തുടരാം

ന്യൂഡൽഹി: ഇത്യോപ്യയിൽ അഗ്നിപർവതം പൊട്ടിയുണ്ടായ ചാരപ്പുക ഇന്ത്യൻ ആകാശത്തു നിന്ന് മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ താൽക്കാലികമായി പ്രതിസന്ധി നേരിട്ട വിമാന സർവീസുകൾക്ക് തടസമില്ലാതെ തുടരാം. ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങിയതായാണ് റിപ്പോർട്ട്.
ചാരപ്പുകകൂടി എത്തിയതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായിരുന്നു. ആകാശം പൂർണമായും കറുത്തിരുണ്ട അവസ്ഥയിലായിരുന്നു. പാറപ്പൊടി, സൾഫർ ഡയോക്‌സൈഡ് എന്നിവ കലർന്നതാണ് ചാരപ്പുക. ഗുജറാത്തിലൂടെ ഇന്ത്യയിലേക്ക് കടന്ന ചാരപ്പുക രാജസ്ഥാൻ, ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിലായി വ്യാപിച്ചു. 15000–45000 അടി ഉയരത്തിൽ ഹിമാലയ മലനിരകളിലേക്കായിരുന്നു സഞ്ചാരം.
അഗ്‌നിപർവത ചാരമുള്ള റൂട്ടുകളിലൂടെ യാത്ര ഒഴിവാക്കണമെന്നും അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ വരുത്തണമെന്നും ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ (ഡിജിസിഎ) എയർലൈൻസ് കന്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, ഡൽഹിയിൽ വായു മലിനീകരണത്തിനെതിരായി പ്രക്ഷോഭം സംഘടിപ്പിച്ചവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാൻ ബിജെപി ശ്രമം അരങ്ങേറി. ഞായറാഴ്‌ച ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിച്ചവരിൽ ഒരാൾ ആന്ധ്ര–ഛത്തിസ്‌ഗഡ് അതിർത്തിയിൽ കൊല്ലപ്പെട്ട മാവോയിസ്‌റ്റ് നേതാവ് മാദ്‌വി ഹിദ്‌മയുടെ ചിത്രമുള്ള പോസ്‌റ്റർ ഉയർത്തിയതിലാണ് പൊലീസ് വേട്ടയാടൽ തുടങ്ങിയത്.
രാജ്യത്തിന്റെ ഐക്യത്തിനെതിരായി പ്രവർത്തിച്ചെന്ന കുറ്റം ചുമത്തി23പേർക്കെതിരെ കേസെടുത്തു. ഇതിൽ 22 പേരെ മൂന്നുദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിലും അഞ്ചുപേരെ രണ്ടു ദിവസത്തെ കസ്‌റ്റഡിയിലും വിട്ടും. പ്രായപൂർത്തിയാകാത്ത ഒരാളെ വീട്ടിലേക്ക് വിട്ടു.








0 comments