മുഖ്യമന്ത്രിക്കെതിരായ കൊലവിളിയിൽ പിടിവീണു; ടീന ജോസിനെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിൽ നടത്തിയ കൊലവിളി പരാമർശത്തിൽ കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസ് എടുത്തു.
രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണമെന്ന് സിസ്‌റ്റർ ടീന ജോസ് (മേരി ട്രീസ പി ജെ) എന്ന പ്രൊഫൈലിൽനിന്ന് ഫെയ്‌സ്‌ബുക്ക് കമന്റിട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വൈകിട്ട് ഉദ്‌ഘാടനം ചെയ്യുന്നു എന്ന് ഒരാൾ ഫെയ്‌സ്‌ബുക്കിൽ ഇട്ട പോസ്‌റ്റിന് താഴെയാണ് "അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’ എന്ന് ടീന കമന്റിട്ടത്. ഇതിനെതിരെ സമൂഹമാധ്യമത്തിലടക്കം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ട്വന്റി 20യുടെ തുടക്കംമുതൽ സാബു ജേക്കബുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇവർ, അഭിഭാഷകയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ല. ട്വന്റി 20ക്കുവേണ്ടി മറ്റു ജില്ലകളിൽ യോഗങ്ങൾ സംഘടിപ്പിക്കുന്നത് ഇവരാണ്. യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിനെയും അറയ്‌ക്കുന്ന ഭാഷയിലാണ് ആക്ഷേപിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിൽ ട്വന്റി 20ക്കെതിരെ ഉയരുന്ന ജനരോഷമാകാം ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം.
ടീന ജോസ് കത്തോലിക്കാസഭയ്‌ക്കും ബിഷപ്പുമാർക്കുമെതിരെ ചാനൽചർച്ചകളിലും നീചമായ ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്. ഇവരുമായി സിഎംസി കോൺഗ്രിഗേഷന് ബന്ധമില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. 2009 മാര്‍ച്ച് 26ന് സിഎംസി കോണ്‍ഗ്രിഗേഷനില്‍നിന്ന് പുറത്തുപോകാൻ ഡിസ്പെന്‍സേഷന്‍ നൽകിയിരുന്നു. ഇതിനെതിരെ വത്തിക്കാനിലും ഹൈക്കോടതിയിലും മേരി ട്രീസ (ടീന ജോസ്) അപ്പീൽ പോയെങ്കിലും സിഎംസി സന്യാസിനീ സമൂഹത്തിന് അനുകൂലമായാണ് വിധിവന്നതെന്ന് സഭ വ്യക്തമാക്കിയിരുന്നു.








0 comments