print edition ‘ഇടിക്കൂട്ടിൽ’ അത്‌ലീറ്റുകൾ ; ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കം

ദേശീയ സീനിയർ സ്--കൂൾ അത്ലറ്റിക് മീറ്റിനായി ഹരിയാനയിലെ ഭീം സ്--റ്റേഡിയത്തിൽ എത്തിയ കേരള താരങ്ങൾ വായുമലിനീകരണം കാരണം മാസ്--ക്‍ ധരിച്ച് പരിശീലനം നടത്തുന്നു /ഫോട്ടോ: പി വി സുജിത്

AKSHAY K P
Published on Nov 26, 2025, 04:03 AM | 2 min read
ഭിവാനി (ഹരിയാന)
ഇന്ത്യയുടെ ഇടിക്കൂടാണ് ഭിവാനി. മുൻ ഒളിമ്പിക് മെഡൽ ജേതാവ് വിജേന്ദർ സിങ് ഉൾപ്പെടെ ലോക ബോക്‌സിങ് ഭൂപടത്തിൽ സ്ഥാനം പിടിച്ച പലരും ഇടിച്ചു തെളിഞ്ഞ മണ്ണ്. രാജ്യത്തെ കൗമാര കായിക താരങ്ങളുടെ കുതിപ്പിന് ഹരിയാനയിലെ ഭിവാനി വേദിയാകുന്നു. ദേശീയ സീനിയർ(അണ്ടർ 19) സ്‌കൂൾ അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കം. ഭീം സ്‌റ്റേഡിയത്തിൽ 30വരെ നീളുന്ന മീറ്റിൽ 40 ഇനങ്ങളിലാണ് മത്സരം.
കഴിഞ്ഞ രണ്ടുതവണയും കേരളമാണ് ജേതാക്കൾ. ഇക്കുറി 71 അംഗസംഘമാണ്. 39 ആൺകുട്ടികളും 32 പെൺകുട്ടികളുമാണ് ടീമിലുള്ളത്. ആതിഥേയരായ ഹരിയാന, മഹാരാഷ്‌ട്ര, തമിഴ്‌നാട് ടീമുകളാണ് വെല്ലുവിളി.
കഴിഞ്ഞതവണ റാഞ്ചിയിൽ ആറ് വീതം സ്വർണവും വെള്ളിയും നാല് വെങ്കലവുമടക്കം 138 പോയിന്റുമായാണ് കേരളം കിരീടം നിലനിർത്തിയത്. ഇത്തവണ 40 ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. ആതിഥേയരായ ഹരിയാനയ്‌ക്ക് സ്വന്തം തട്ടകത്തിന്റേയും കാലാവസ്ഥയുടെയും ആനുകൂല്യമുണ്ട്. 2024ൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ മഹാരാഷ്ട്ര, തമിഴ്നാട് ടീമുകൾ മികച്ചതാണ്. ഭുവനേശ്വറിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ ചാമ്പ്യന്മാരായ തമിഴ്നാട് സ്‌കൂൾ മീറ്റിലും മികച്ച പ്രകടനത്തിനാണ് എത്തിയിട്ടുള്ളത്.
ആദ്യദിനം രണ്ട് ഫൈനലുണ്ട്. പെൺകുട്ടികളുടെ ഹാമർ ത്രോയും ആൺകുട്ടികളുടെ ട്രിപ്പിള്‍ ജമ്പും. പാലക്കാട് വടവന്നൂർ വിഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയായ പല്ലവി സന്തോഷ് ഹാമർ ത്രോയിലെ മെഡൽ പ്രതീക്ഷയാണ്. മലപ്പുറം ആലത്തിയൂർ കെഎച്ച്എംഎച്ച്എസിലെ എം റിഥയാണ് മറ്റൊരു മത്സരാർത്ഥി. ട്രിപ്പിൽ ജമ്പിൽ മലപ്പുറം ഐഡിയൽ കടകശേരിയിലെ കെ മുഷ്‌താഖും മലപ്പുറം തവനൂർ കെഎൻജിവിഎച്ച്എസ്എസിലെ അക്ഷയ് ജിത്തും കേരളത്തിനായി ഇറങ്ങും. നൂറു മീറ്റർ ഓട്ടത്തിന്റെ പ്രാഥമിക റൗണ്ടുകൾ ഇന്നുണ്ട്. മെഡൽ പ്രതീക്ഷിക്കുന്ന ആദിത്യ അജി, ജെ നിവേദ് കൃഷ്ണ എന്നിവരുണ്ട്.
മൂടിക്കെട്ടിയ ഭിവാനി
വായുമലിനീകരണം മൂലം മൂടിക്കെട്ടിയ ഭിവാനിയാണ് മീറ്റിൽ പങ്കെടുക്കാനെത്തിയ കായികതാരങ്ങളെ സ്വാഗതം ചെയ്തത്. പ്രദേശത്തെ വായു ഗുണനിലവാരസൂചിക (എക്യുഐ) മോശം നിലയിലാണ്. 295 ആണ് ഭിവാനിയിൽ ഇന്നലെ രേഖപ്പെടുത്തിയ എക്യുഐ. വായു മലിനീകരണം രൂക്ഷമായ രീതിയിൽ തുടരുന്നതിനാൽ ഇൗ മേഖലയിൽ നടക്കുന്ന രാജ്യാന്തര കായിക മത്സരങ്ങൾ ഉൾപ്പെടെ റദ്ദാക്കണമെന് സുപ്രീംകോടതി നിർദ്ദേശം ഉണ്ടായിരുന്നു. ഇതു മറികടന്നാണ് 19 വയസിന് താഴെയുള്ള സ്‌കൂൾ കുട്ടികളുടെ ദേശീയ മീറ്റ് നടത്തുന്നത്.
ദീർഘദൂര ഓട്ടമത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങളുടെ പ്രകടനത്തെ മലിനീകരണം സാരമായി ബാധിക്കുമോയെന്ന ആശങ്കയുണ്ട്. ഹരിയാനയിൽ ശൈത്യകാലത്തിന്റെ ആരംഭമായതിനാൽ തണുപ്പും അത്‌ലീറ്റുകൾക്ക് തിരിച്ചടിയാകും.








0 comments