ഘടകകക്ഷികൾ നേർക്കുനേർ; നെഞ്ചിടിപ്പിൽ കോൺഗ്രസ്

തിരുവനന്തപുരം: സ്വന്തം പാർടിയിൽനിന്നുള്ള വിമതർക്കുപുറമെ ഘടകകക്ഷികളും എതിർസ്ഥാനാർഥികളായി രംഗത്തുവന്നതോടെ കോൺഗ്രസ് അങ്കലാപ്പിൽ. ജില്ലയിൽ പതിനഞ്ചിലധികം വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്നു. മുസ്ലിംലീഗ്, ആർഎസ്‌പി, സിഎംപി സ്ഥാനാർഥികളും കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ രംഗത്തുണ്ട്.
തിരുവനന്തപുരം കോർപറേഷനിൽ അഞ്ച് വാർഡിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾ കോൺഗ്രസിനെതിരെ മത്സരിക്കുന്നു. വിഴിഞ്ഞത്ത് വിജയമൂർത്തിയും പോർട്ടിൽ ബേബി പെരേരയും പാളയത്ത് നിർമല തോമസും കഴക്കൂട്ടത്ത് എ എം ഹുസൈനും സൈനിക സ്‌കൂളിൽ തെക്കേവീട്ടിൽ സുജിത്തും ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥികളായി കോൺഗ്രസിനെതിരെ മത്സരിക്കുന്നു. പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഡിവിഷനിലും വെള്ളനാട്, വിതുര, കല്ലിയൂർ, പാറശാല, കഠിനംകുളം, കാഞ്ഞിരംകുളം, അമ്പൂരി പഞ്ചായത്തുകളിലെ ഓരോ വാർഡിലും ജോസഫ് വിഭാഗവും സ്ഥാനാർഥികളെ നിർത്തി.
നെടുമങ്ങാട് നഗരസഭയിൽ മൂന്ന് വാർഡിൽ കോൺഗ്രസിനെതിരെ ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്നു. മാർക്കറ്റ് വാർഡിൽ നിലവിലെ കൗൺസിലറും കോൺഗ്രസ് വനിതാ നേതാവുമായ ഫാത്തിമയ്‌ക്കെതിരെ അതേ പേരുള്ള എസ് എസ് ഫാത്തിമയെയാണ് ലീഗ് രംഗത്തിറക്കിയത്. അരശുപറമ്പിൽ കോൺഗ്രസ് നേതാവ് നൗഷാദ്ഖാനെതിരെ പ്രമുഖ ലീഗ് നേതാവ് തറവാട്ടിൽ സാബുവും പറമുട്ടത്ത് കോൺഗ്രസ് യുവനേതാവ് അഫ്‌സലിനെതിരെ ലീഗ് നേതാവ് പുലിപ്പാറ യൂസഫുമാണ് മത്സരിക്കുന്നത്. ആറ്റിങ്ങൽ നഗരസഭയിലെ ടൗൺ, വലിയകുന്ന് വാർഡുകളിൽ ആർഎസ്‌പിയും വെങ്ങാനൂർ പഞ്ചായത്തിലെ ഒന്നാംവാർഡിൽ സിഎംപിയും കോൺഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
കുറ്റിച്ചലിൽ കോൺഗ്രസിനെതിരെ ആർഎസ്‌പി
കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനെതിരെ കുറ്റിച്ചലിൽ യുഡിഎഫിൽ പൊട്ടിത്തെറി. കോൺഗ്രസിനെ വെല്ലുവിളിച്ച് ആറ് വാർഡുകളിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തി ആർഎസ്‌പി. എലിമല, കള്ളിയൽ, തച്ചൻകോട്, മേലെമുക്ക്, പരുത്തിപ്പള്ളി, ഹൈസ്കൂൾ എന്നീ വാർഡുകളിൽ പാർടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
കള്ളിയൽ വാർഡിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കോൺഗ്രസിനുവേണ്ടിയും കൺവീനർ ആർഎസ്‌പിക്കുവേണ്ടിയും പരസ്പരം മത്സരിക്കുന്നതിനാൽ പഞ്ചായത്ത് കമ്മിറ്റി യോഗംപോലും ചേരാനായിട്ടില്ല.
ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയും യുഡിഎഫ് ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടിട്ടും കുറ്റിച്ചലിലെ കോൺഗ്രസ് നേതൃത്വം വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായില്ല. തുടർന്നാണ് ആർഎസ്‌പി സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്തിയത്.
കോൺഗ്രസിനുള്ളിലും സ്ഥാനാർഥിനിർണയം സംബന്ധിച്ച തർക്കം അവസാനിച്ചിട്ടില്ല. സ്ഥാനാർഥിനിർണയത്തിന് ചേർന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾ തമ്മിലടിച്ചിരുന്നു. ഓഫീസ് വാർഡിൽ കോൺഗ്രസ് നേതാവ് റിബലായി നിൽക്കുന്നുണ്ട്.







0 comments