ശബരിമല സ്വർണപാളി മോഷണ കേസ്; തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്ഐടി

sabarimala gold
വെബ് ഡെസ്ക്

Published on Nov 26, 2025, 07:50 AM | 1 min read

തിരുവനന്തപുരം: ശബരിമല സ്വർണപാളി മോഷണ കേസുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്ഐടി. തന്ത്രിമാരായ രാജീവര്, മോഹനര് എന്നിവരുടെ മൊഴിയാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും മറ്റ് ബന്ധങ്ങളൊന്നും തന്നെ ഇല്ലെന്നും തന്ത്രിമാർ പൊലീസിനോട് പറഞ്ഞു.


ഹൈക്കോടതി ഉത്തരവിറക്കിയ പ്രകാരം രൂപീകരിച്ച എസ്ഐടി അന്വേഷണമാണ് പുരോഗമിക്കുന്നത്. എസ് പി എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായ എച്ച് വെങ്കിടേഷിനാണ് മേൽനോട്ടം.


സൈബർ വിഭാഗത്തിൽ നിന്നുള്ള വിദഗ്‌ദനും സംഘത്തിലുണ്ട്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇക്കാര്യം ഹൈക്കോടതി തന്നെ സമ്മതിച്ചതുമാണ്. പലഘട്ടത്തിലും കോടതിയുടെ അനുമതിയോടെ അന്വേഷക സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുമുണ്ട്. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി (സ്പോൺസർ), മുരാരി ബാബു (ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ), ഡി സുധീഷ് കുമാർ (ശബരിമലയിലെ മുൻ എക്സിക്യുട്ടീവ് ഓഫിസർ), കെ എസ് ബൈജു (മുൻ തിരുവാഭരണം കമ്മിഷണർ), എൻ വാസു (ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമീഷണറും), എ പത്മകുമാർ (ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.


കേസിൽ മുഖംനോക്കാതെ നടപടിയെടുക്കുമ്പോഴും എൽഡിഎഫിനെയും സർക്കാരിനേയും ഇകഴ്‌ത്തിക്കാണിക്കാനാണ് ബിജെപിയുടെയും പ്രതിപക്ഷത്തിന്റെയും ശ്രമം. ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണെന്നും പൂർണമായി പിന്തുണയ്ക്കുന്നുവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞിരുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയതെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home