ജനസംഖ്യാ ശാസ്ത്രം പഠിക്കാം; കേരളത്തിലടക്കം അവസരം

population
വെബ് ഡെസ്ക്

Published on Nov 26, 2025, 08:21 AM | 2 min read

ജനസംഖ്യാ ശാസ്ത്രം (population studies) ജനസംഖ്യയെക്കുറിച്ചുള്ള സമഗ്രപഠനമാണ്. ജനാവലിയുടെയും ഉപജനാവലിയുടെയും എണ്ണം, ലിംഗാനുപാതം, പ്രായഘട്ടം, ജനന നിരക്ക്, മരണ നിരക്ക്, ദേശാടനം തുടങ്ങിയവ ഈ വിഷയം പ്രതിപാദിക്കുന്നു. ഭൂമിശാസ്ത്രം, നരവംശശാസ്ത്രം, സാമൂഹിക ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, പൊതുജനാരോഗ്യം, സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഒത്തുചേരുന്ന ഒരു ഇന്റർഡിസിപ്ലിനറി മേഖല കൂടിയാണ് ഇത്. ജനങ്ങളെ സംബന്ധിക്കുന്ന വിശദാംശങ്ങളടങ്ങുന്ന ഒരു ശാസ്ത്രശാഖ എന്നതിനാൽ ഈ വിഷയത്തിനുള്ള പ്രാധാന്യവും വർധിച്ചിരിക്കുന്നു. തൊഴിൽ സാധ്യതയും. കേരളത്തിലടക്കം പഠനാവസരങ്ങളുണ്ട്.


തൊഴിലവസരങ്ങൾ


​ജനസംഖ്യാ ശാസ്ത്ര വിദഗ്ധൻ, റിസർച്ച് അനലിസ്റ്റ്, റിസർച്ച് അസോസിയറ്റ്, കോളേജിലും സർവകലാശാലയിലും അധ്യാപകർ എന്നിങ്ങനെ ജനസംഖ്യാശാസ്ത്രം പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ സാധ്യതകൾ ഏറെയാണ്. സർക്കാർ ഏജൻസികൾ, നയരൂപീകരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, രാജ്യാന്തര സംഘടനകളായ ഐക്യരാഷ്ട്ര ജനസംഖ്യാ ഫണ്ട് (UNPF) , ലോക ബാങ്ക് എന്നിവിടങ്ങളിലും അവസരം ലഭിക്കും. പ്രോഗ്രാം മാനേജർ, കമ്യൂണിറ്റി പ്ലാനർമാർ, സ്റ്റാറ്റിസ്റ്റിക്കൽ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്മാർ തുടങ്ങിയ ജോലികളിലും പ്രവേശിക്കാം.


​സ്ഥാപനങ്ങൾ, കോഴ്സുകൾ


ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസ് മുംബൈ: ജനസംഖ്യാ പഠന കോഴ്സുകൾക്ക് പ്രശസ്തി നേടിയ ഈ സ്ഥാപനത്തിൽ പോപ്പുലേഷൻ സ്റ്റഡീസിൽ എംഎ , എംഎസ്‌സി, എംഫിൽ, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകൾ ഉണ്ട്. കൂടാതെ ബയോ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡെമോഗ്രഫിയിൽ എംഎസ്‌സി, എംഫിൽ, ഒരു വർഷത്തെ മാസ്റ്റർ ഓഫ് പോപ്പുലേഷൻ സ്റ്റഡീസ് എന്നീ കോഴ്സുകളിലും ചേരാം. 55 ശതമാനം മാർക്കോടെ ബിരുദം (ബികോം/ മാനേജ്മെന്റ്‌ സ്റ്റഡീസ് വിഷയങ്ങൾ ഒഴികെ) ഉള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് അഞ്ചുശതമാനം മാർക്കിളവുണ്ട്. അതത് അക്കാദമിക് വർഷം ജൂൺ 30ന് 25 വയസ്സ്‌ കവിയരുത്. പ്രവേശനത്തിന് എഴുത്തുപരീക്ഷ ഉണ്ടാകും. വിദ്യാർഥികൾക്ക് 5000 രൂപ മാസത്തിൽ ഫെലോഷിപ് ലഭിക്കും. വിദൂര വിദ്യാഭ്യാസം വഴി പോപ്പുലേഷൻ സ്റ്റഡീസിൽ എംഎക്കും ഇവിടെ പഠിക്കാം. വിവരങ്ങൾക്ക്: https://iipsindia.org ​ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് പുണെ: ഇവിടെയുള്ള എംഎസ്‌സി -പോപ്പുലേഷൻ സ്റ്റഡീസ് ആൻഡ് ഹെൽത്ത് ഇക്കണോമിക്സ് കോഴ്സ്, ഡിജിറ്റൽ ഡെമോഗ്രാഫിക് ഡേറ്റ വിശകലനത്തിന് പ്രാധാന്യം നൽകുന്നതാണ്. ഇതിനായി സോഫ്റ്റ്‌വെയറിൽ പ്രത്യേക പരിശീലനവും ലഭിക്കും. വിവരങ്ങൾക്ക്: www. gipe.ac.in


​മറ്റ്‌ സ്ഥാപനങ്ങൾ


കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ പോപ്പുലേഷൻ സ്റ്റഡീസിൽ എംഎ , എംഎഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകൾ ഉണ്ട് (www.bu.ac.in). ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് ബംഗളൂരു, ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഡൽഹി, പോപ്പുലേഷൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത എന്നിവിടങ്ങളിൽ ഈ വിഷയത്തിൽ പിഎച്ച്ഡി പ്രോഗ്രാമിന് ചേരാം. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുണ്ട്. പോണ്ടിച്ചേരി സർവകലാശാലയിൽ എംഎ ഇക്കണോമിക്സിനും ബിഎ സോഷ്യോളജിക്കും പോപ്പുലേഷൻ സ്റ്റഡീസ് പേപ്പറുകൾ പഠിക്കാം. ഡൽഹി ഇഗ്നോവിൽ എംഎ പോപ്പുലേഷൻ ആൻഡ് ഫാമിലി ഹെൽത്ത് സ്റ്റഡീസ് കോഴ്സ് വിദൂര വിദ്യാഭ്യാസം വഴി പഠിക്കാവുന്നതാണ് (www. ignou.ac.in).


​പഠനം കേരളത്തിൽ


കേരള സർവകലാശാലയിൽ പോപ്പുലേഷൻ സ്റ്റഡീസ് വിഷയങ്ങൾ എംഎസ്‌സി ഡെമോഗ്രഫി ആൻഡ് ബയോ സ്റ്റാറ്റിസ്റ്റിക്സ് എന്ന കോഴ്സിൽ പഠിക്കാൻ അവസരമുണ്ട്. ഇവിടെ ഡെമോഗ്രഫി/അനുബന്ധ മേഖലയിൽ ഗവേഷണത്തിനും ചേരാം. (www.keralauniversity.ac.in). കോട്ടയം എംജി സർവകലാശാലയിൽ എംഎസ്‌സി (സ്റ്റാറ്റിസ്റ്റിക്സ്)ക്ക് ഡെമോഗ്രഫി, ബയോ സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ പേപ്പറുകൾ ഉണ്ട്. കേരള വെറ്ററിനറി സർവകലാശാലയിൽ എംഎസ്‌സി ബയോ സ്റ്റാറ്റിസ്റ്റിക്സിന് ഡെമോഗ്രഫി വിഷയം ഉൾപ്പെട്ടിട്ടുണ്ട്. കാസർകോടുള്ള കേരള കേന്ദ്ര സർവകലാശാലയിൽ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സിൽ ഡെമോഗ്രഫി വിഷയങ്ങൾ പഠിക്കാം.(www.cukerala.ac.in)




deshabhimani section

Related News

View More
0 comments
Sort by

Home