നിയമവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിച്ചത്; ഹിന്ദു വിരുദ്ധനാക്കാനുള്ള ശ്രമം അനാവശ്യമാണ്: ബി ആര്‍ ഗവായ്

ന്യൂഡല്‍ഹി: താന്‍ ഹിന്ദു വിരുദ്ധനാണെന്ന ആരോപണം അനാവശ്യമാണെന്നും ചീഫ് ജസ്റ്റിസായിരുന്ന സമയത്ത് നിയമത്തിന്റെയും മതേതരത്വത്തിന്റെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ബി ആര്‍ ഗവായ്.
'സുപ്രീംകോടതിയില്‍ ഷൂ എറിഞ്ഞ സംഭവം തന്നെ ഒട്ടും ബാധിച്ചിട്ടില്ല. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നയാളാണ് ഞാന്‍. എന്റെ പിതാവ് വളരെ മതേതരനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഗുണങ്ങള്‍ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തിയിട്ടില്ല. ഞാൻ ഹിന്ദു വിരുദ്ധനാണെന്ന ആരോപണം അനാവശ്യമാണ്. ക്ഷേത്രങ്ങളിലും ദര്‍ഗയിലും പളളിയിലും ഗുരുദ്വാരകളിലും ക്രിസ്ത്യന്‍ പളളികളിലും പോകാറുളളയാളാണ് ഞാന്‍'- ഗവായ് പറഞ്ഞു.
സുപ്രീംകോടതിക്കുള്ളിൽ ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ എറിയാൻ ശ്രമമുണ്ടായതിനു പിന്നാലെ കൊലവിളിയുമായി സംഘപരിവാറുകാർ രംഗത്തെത്തിയിരുന്നു. ദളിത് വിഭാഗത്തിൽ നിന്നുള്ള ചീഫ് ജസ്റ്റിസിനെ ലക്ഷ്യമിട്ട് എല്ലാ പരിധിയും ലംഘിച്ചുള്ള അധിക്ഷേപമാണ് നടത്തിയത്. ‘ഷൂവിനേക്കാൾ നല്ലത് തോക്കാണ്, ഷൂ എറിഞ്ഞ രാകേഷ് കിഷോറിന് ഭാരതരത്ന നൽകണം’– എന്നായിരുന്നു ആഹ്വാനം. അയഞ്ഞ നാവുള്ള അഹങ്കാരിയാണ് ഗവായ് എന്നും രാജ്യത്തോട് മാപ്പുപറയണമെന്നും ബിജെപി പ്രചാരണ മാധ്യമമായ ‘ഓപ് ഇന്ത്യ’ ആവശ്യപ്പെട്ടിരുന്നു.
കാർ തടഞ്ഞ് ചീഫ് ജസ്റ്റിസിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്‌ത തീവ്രവലതുപക്ഷ യൂട്യൂബര്‍ അജിത് ഭാരതി ‘സർക്കാരും സിസ്റ്റവും ഞങ്ങളുടേതാണ്’ എന്നും ഭീഷണി മുഴക്കി. ചീഫ് ജസ്റ്റിസിന്റെ മുഖത്ത് തുപ്പണമെന്നും വാഹനം തടയണമെന്നുമുള്ള ആഹ്വാനമാണ് കേരളത്തിലെ ബിജെപി ‘ഇന്റലക്ച്വൽ സെൽ’ മുൻ മേധാവി ടി ജി മോഹൻദാസ് നടത്തിയത്.
ഒക്ടോബര്‍ ആറിനാണ് ചീഫ് ജസ്റ്റിസായിരുന്ന ബി ആര്‍ ഗവായ്ക്കുനേരെ സുപ്രീം കോടതിയ്ക്കുളളില്‍ വെച്ച് ഷൂ എറിയാന്‍ ശ്രമമുണ്ടായത്.
ചെയ്തതിൽ കുറ്റബോധമില്ലെന്നും ആരെയും ഭയമില്ലെന്നും തീവ്രഹിന്ദുത്വവാദിയും പ്രതിയുമായ അഭിഭാഷകൻ രാകേഷ് കിഷോർ വ്യക്തമാക്കിയിരുന്നു. ഖേദം പ്രകടിപ്പിക്കുകയോ മാപ്പുപറയുകയോ ചെയ്യില്ല. ചീഫ് ജസ്‌റ്റിസ് മുസ്ലിം വിഭാഗത്തിന് അനുകൂല ഉത്തരവുകൾ നൽകുകയും സതാതന ധർമത്തെ അപമാനിക്കുകയുമാണെന്നും അക്രമി അന്ന് ആരോപിച്ചത്.








0 comments