യുഎസ് തെമ്മാടിത്തം

ഇറാനുമായി ഇസ്രയേൽ ദീർഘയുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി യുഎസ് യുദ്ധവെറിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. ഫോർദോയിലെയും നഥാൻസിലെയും എസ്‌ഫാനിലെയും ആണവകേന്ദ്രങ്ങളിൽ യുഎസിന്റെ ബി 2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ നടത്തിയ ആക്രമണം ലോകത്തെ മുൾമുനയിലാക്കിയിരിക്കുന്നു. ആക്രമണം നടന്ന ആണവകേന്ദ്രങ്ങളിൽനിന്ന് അണുവികിരണമുണ്ടാകാമെന്ന ഭീഷണിയുൾപ്പെടെ നിലനിൽക്കുന്നു. ഫോർദോ തകർന്നുവെന്ന് വീമ്പുപറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇനി സമാധാനത്തിന്റെ നാളുകളാണെന്ന് പറയുമ്പോൾ അത് പൊള്ളവാക്കുകളാണെന്ന് ലോകം തിരിച്ചറിയുന്നുണ്ട്.
ഇസ്രയേൽ–-ഇറാൻ സംഘർഷത്തിൽ യുഎസ് കൂടി നേരിട്ട് പങ്കുചേർന്നതോടെ ഇറാന്റെ സമ്പൂർണ തകർച്ചയിലേ യുദ്ധം അവസാനിക്കൂ എന്ന ഭീതിയും ഉയരുന്നുണ്ട്. 1960കളുടെ അവസാനത്തോടെതന്നെ ആണവായുധം വികസിപ്പിച്ചുവെന്ന് കരുതപ്പെടുന്ന ഇസ്രയേൽ ആണവ പദ്ധതിയുടെ പേരിൽ ഇറാനെ ആക്രമിച്ചതിലും വലിയ ഇരട്ടത്താപ്പ് വേറെയില്ല. ആണവായുധ നിർവ്യാപന കരാറിൽ ( Nuclear Non Proliferation Treaty NPT ) ഒപ്പിടാത്ത, ആണവ പദ്ധതി സംബന്ധിച്ച അന്താരാഷ്ട്ര നേതൃത്വത്തിന്റെ ഒരു ചോദ്യങ്ങൾക്കും മറുപടി പറയാത്ത ഇസ്രയേൽ, ആണവ പദ്ധതിയുടെ പേരിൽ മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിലെ അന്യായം ചൂണ്ടിക്കാട്ടാൻ പക്ഷേ അന്താരാഷ്ട്ര നേതൃത്വത്തിന് കരുത്തുണ്ടായില്ല. യുഎന്നിന്റെ ആ ദൗർബല്യമാണ് യുഎസിന്റെ നേരിട്ടുള്ള ഇടപെടലിലേക്കും ഇപ്പോൾ വഴിതെളിച്ചിരിക്കുന്നത്. യുഎൻ രക്ഷാസമിതിയിലെ സ്ഥിരം അംഗമായ അമേരിക്ക യുഎൻ ചാർട്ടറും (സമാധാന ഉടമ്പടി ) അന്താരാഷ്ട്ര നിയമവും ആണവ നിർവ്യാപന കരാറും ലംഘിച്ചിരിക്കുകയാണെന്ന ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ പ്രസ്താവന സൂചിപ്പിക്കുന്നതും ഇതുതന്നെ. ലക്ഷ്യം നേടുംവരെ ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വ്യക്തമാക്കിയതിനു പിന്നാലെ ദീർഘ യുദ്ധത്തിന് തയ്യാറെടുക്കാൻ ഇസ്രയേൽ സൈന്യത്തിന്റെ ചീഫ് ഓഫ് സ്‌റ്റാഫ് ഇയാൽ സമീർ സൈന്യത്തിന് നിർദേശവും നൽകിയിരുന്നു. ഇതിന്റെ സൂചനയായി ഇറാനിലെ എസ്‌ഫാനിലുള്ള ആണവ ഗവേഷണ കേന്ദ്രം ഇസ്രയേൽ ആക്രമിക്കുകയും ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നഥാൻസ്, ഫോർദോ, എസ്‌ഫാൻ, അരാക് എന്നിവിടങ്ങളിൽ ഇസ്രയേൽ മുന്നേ ആക്രമണം നടത്തിയിരുന്നു. എസ്‌ഫാനിൽ രണ്ടാം തവണയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ഫോർദോയിലെ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം തകർക്കാൻ അമേരിക്കയുടെ ഭൂഗർഭവേധ ബോംബുകൾക്ക് മാത്രമേ കഴിയൂ എന്നതിനാൽ യുഎസ് ഉടനെ ആക്രമണത്തിൽ പങ്കുചേരുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ആഗോള സമാധാനത്തിന് ഗൗരവ ഭീഷണി ഉയർത്തുന്ന ഇസ്രയേലിനും ഇസ്രയേലിന്റെ ശക്തിസ്രോതസ്സായ യുഎസിനും താക്കീത് നൽകാൻപോലും കഴിയാത്ത വിധം ദുർബലമായിരിക്കുന്നു യുഎൻ എന്നതാണ് ലോകം ഇന്നു നേരിടുന്ന പ്രധാന പ്രതിസന്ധി. ഇസ്രയേൽ–- ഇറാൻ സംഘർഷത്തിൽ അയവുവരുത്താൻ ലക്ഷ്യമിട്ട് തുടങ്ങിയ നയതന്ത്ര ചർച്ചകൾ എങ്ങുമെത്തിയില്ല.
രക്ഷാസമിതി വീണ്ടും ചേരാമെന്ന് തീരുമാനിച്ച് പിരിഞ്ഞു. നയതന്ത്രമല്ല, മുട്ടാളത്തവും മുട്ടാപ്പോക്കുമാണ് ഇന്ന് അന്താരാഷ്ട്ര രംഗത്ത് മേൽക്കെെ നേടിയിരിക്കുന്നത്. ഗാസയിൽനിന്ന് നിരപരാധികളായ തദ്ദേശീയരെ പൂർണമായും ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ നടത്തുന്ന നിഷ്ഠുരവംശഹത്യ ഒരറുതിയുമില്ലാതെ തുടരുന്നതിനിടെയാണ് ഇറാനെതിരെ പുതിയ യുദ്ധമുഖം തുറന്നത്. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്ന, ആശുപത്രികളും സ്‌കൂളുകളും ബോംബിട്ടു തകർക്കുന്ന ഇസ്രയേൽ, യുദ്ധക്കുറ്റവാളിയെന്ന് വ്യക്തമായിട്ടും അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ വാറന്റ് പുറപ്പെടുവിച്ചിട്ടും യുഎന്നിന് ശക്തമായ നിലപാടെടുക്കാൻ സാധിച്ചില്ല. ഇറാൻ–-ഇസ്രയേൽ സംഘർഷത്തിലും ഈ നിസ്സഹായത തുടരുന്നു. തങ്ങൾക്കും തങ്ങളുടെ കൂട്ടാളികൾക്കും മാത്രം ആണവായുധം ആകാമെന്നതാണ് ആണവ നിർവ്യാപനത്തിൽ യുഎസ് നിലപാട്. ആഭ്യന്തരമായ വെല്ലുവിളികൾ നേരിടുന്ന ബെന്യമിൻ നെതന്യാഹു സർക്കാർ, അതിനെ അതിജീവിക്കാനുള്ള തന്ത്രമായി ഗാസയിലെ അധിനിവേശത്തെയും പിന്നാലെ ഇറാനെതിരായ സൈനിക നടപടിയെയും ഉപയോഗിക്കുകയാണെന്ന നിരീക്ഷണം ശക്തമാണ്. അതിദീർഘ പ്രവാസ ജീവിതത്തിന്റെ അരക്ഷിതബോധം അനുഭവിച്ചിട്ടുള്ള യഹൂദജനതയ്‌ക്കുമുന്നിൽ സുരക്ഷാഭീഷണി ഉയർത്തി പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് നെതന്യാഹു നടത്തുന്നതെന്നും കരുതപ്പെടുന്നു. ഇറാനെതിരായ സൈനികനടപടി അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള നീക്കവും അതിന്റെ സൂചനയാണ്. യുദ്ധവെറിക്കെതിരെ യുഎസിൽ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രതിഷേധവും ആഗോളജനതയുടെ മനോഭാവം വെളിവാക്കുന്നു. അതു ചെവിക്കൊള്ളാത്ത ലോകനേതാക്കൾ ഖേദിക്കേണ്ടിവരും.









0 comments