പോക്സോ കേസ്: കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് സമൻസ്

ബംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയ്ക്ക് സമൻസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ യെദ്യൂരപ്പയ്ക്ക് പുറമെ മൂന്ന് കൂട്ടുപ്രതികൾക്കും ബംഗളൂരുവിലെ ഫാസ്റ്റ് ട്രാക്ക് കോടതി നോട്ടീസ് അയച്ചു. അരുണ വൈ എം, രുദ്രേശ മരുളസിദ്ദയ്യ, മാരിസ്വാമി ജി എന്നിവരാണ് കേസിലെ മറ്റ് മൂന്ന് പ്രതികൾ. ഡിസംബർ 2 ന് നാല് പ്രതികളും നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.
കേസിൽ വിചാരണ തുടരാൻ കർണാടക ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് നോട്ടീസ് നൽകുന്നത്. പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് റദ്ദാക്കാൻ നവംബർ 13 ന് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള യെദ്യൂരപ്പയുടെ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു.
ഡോളർസ് കോളനിയിലെ വസതിയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യെദ്യൂരപ്പ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2024 മാർച്ചിൽ പതിനേഴുകാരിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് സദാശിവനഗർ പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സിഐഡിക്ക് കൈമാറി.
2024 ജൂണിൽ, ലൈംഗികാതിക്രമം, തെളിവ് നശിപ്പിക്കൽ, കേസ് ഒതുക്കിത്തീർക്കാൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി സിഐഡി യെദ്യൂരപ്പയ്ക്കും മൂന്ന് സഹായികൾക്കുമെതിരെ 750 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. അതിജീവിതയും അമ്മയും മജിസ്‌ട്രേറ്റിന് മുമ്പാകെ അവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ അമ്മ 2024 മെയ് 26 ന് മരിച്ചു. കേസിൽ വിചാരണയ്ക്ക് കഴിഞ്ഞദിവസം ഹൈക്കോടതി അനുമതി നൽകി.








0 comments