ബംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട: 14 വിദേശികൾ ഉൾപ്പെടെ 19 പേർ അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. 7.7 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. 14 വിദേശികൾ ഉൾപ്പെടെ 19 പേർ അറസ്റ്റിലായി. ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. 2.804 കിലോഗ്രാം നിരോധിത എംഡിഎംഎ ക്രിസ്റ്റലുകളും 2.1 കിലോഗ്രാം ഹൈഡ്രോ-കഞ്ചാവും പിടിച്ചെടുത്തതായി ബംഗളൂരു പൊലീസ് അറിയിച്ചു.
സുദ്ദഗുണ്ടെയിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിൽപ്പനയിൽ പങ്കാളിയാണെന്ന് കരുതുന്ന ഒരു നൈജീരിയൻ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഏകദേശം 1.52 കോടി രൂപ വിലമതിക്കുന്ന 760 ഗ്രാം നിരോധിത എംഡിഎംഎ ക്രിസ്റ്റലുകളും, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു ഇരുചക്ര വാഹനവും മൊബൈൽ ഫോണും അവരിൽ നിന്ന് പിടിച്ചെടുത്തു.
മഹാദേവപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ റെയ്ഡിൽ, അഞ്ച് മയക്കുമരുന്ന് വിൽപ്പനക്കാരെ അറസ്റ്റ് ചെയ്യുകയും ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന 600 ഗ്രാം ഹൈഡ്രോ കഞ്ചാവും മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. വർത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പ്രദേശത്ത് നടത്തിയ പരിശോധനയിൽ കെനിയൻ വനിതയെ അറസ്റ്റ് ചെയ്തു. 4.08 കോടി രൂപ വിലമതിക്കുന്ന 2 കിലോ എംഡിഎംഎ ക്രിസ്റ്റലുകൾ പിടിച്ചെടുത്തു.
കെ ജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ സംശയാസ്പദമായ പാഴ്സലുകളിൽ നിന്ന് ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന 1.5 കിലോ ഹൈഡ്രോ കഞ്ചാവ് പിടിച്ചെടുത്തു. തായ്‌ലൻഡിൽ നിന്നും ഫ്രാൻസിൽ നിന്നും കടത്തിയ മയക്കുമരുന്ന് വിദേശ ബ്രാൻഡ് ബിസ്‌ക്കറ്റ്, ചോക്ലേറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
ഹെബ്ബഗോഡിയിൽ അനധികൃതമായി താമസിക്കുന്ന 11 വിദേശ പൗരന്മാരെ കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കും കൂടുതൽ നിയമനടപടികൾക്കുമായി അവരെ എഫ്‌ആർആർഒയിൽ (ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ്) ഹാജരാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിലാണ് മയക്കുമരുന്നുകളും വിൽപ്പനയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തത്.








0 comments