നേട്ടങ്ങൾക്ക് കാരണം തുടർഭരണം; തിരുവനന്തപുരത്തിന്റെ വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും വരണം: മുഖ്യമന്ത്രി

എൽഡിഎഫ് തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി പ്രമോദ്
തിരുവനന്തപുരം: അതിദാരിദ്ര്യമുക്തമാകുന്നത് ഉൾപ്പെടെയുള്ള നേട്ടങ്ങൾ നേടിയെടുക്കാൻ കേരളത്തിനായത് 2021ൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധാരണയായി എൽഡിഎഫ് ഭരണത്തിൽ നാട്ടിൽ നല്ലനിലയിലുള്ള വികസനം നടക്കും. പക്ഷേ, തൊട്ടുപിന്നാലെ യുഡിഎഫ് സർക്കാർ വരുമ്പോൾ കേരളത്തെ അധോഗതിയിലേക്കാണ് നയിച്ചിരുന്നത്. 2021ൽ പതിവുപോലെ യുഡിഎഫ് ആണ് അധികാരത്തിൽ വന്നിരുന്നതെങ്കിൽ, നേടിയെടുത്ത നേട്ടങ്ങൾ എല്ലാം പുറകോട്ടു പോകുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ൽ അധികാരത്തിലെത്തിയപ്പോൾ എൽഡിഎഫ് സർക്കാർ ആദ്യം പരിശോധിച്ചത് ക്ഷേമപെൻഷൻ എത്ര കുടിശിക ഉണ്ടെന്നായിരുന്നു. 18 മാസമാണ് യുഡിഎഫ് സർക്കാർ കുടിശികവരുത്തിയത്. 600 രൂപ മാത്രമായിരുന്ന പെൻഷൻ തുക കൊടുത്തുപോലുമില്ല. ആ കുടിശിക തീർത്തത് എൽഡിഎഫ് സർക്കാരാണ്. യുഡിഎഫ് ഭരണത്തിൽ തകർന്ന എല്ലാ മേഖലകളെയും പുരോഗതിയിലേക്ക് കൊണ്ടുപോകാനാണ് അഞ്ച് വർഷം ശ്രമിച്ചത്.
2021ലും ജനങ്ങൾ എൽഡിഎഫ് സർക്കാരിനെ തന്നെ തെരഞ്ഞെടുത്തു. കൂട്ടായ പ്രവർത്തനത്തിലൂടെ ലോകത്താകെയുള്ള മലയാളികൾക്കും ഇടതുപക്ഷ- പുരോഗമന ചിന്താഗതിക്കാർക്കും അഭിമാനിക്കാനുള്ള നേട്ടമായി അതിദാരിദ്ര്യ മുക്താവസ്ഥ കേരളത്തിന് നേടാനായി. ഈസ് ഓഫ് ഡൂയിങ് ബിസിനസിലും ഉണ്ടായ നേട്ടം 2016 മുതൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്. 2016ൽ അധികാരത്തിൽ എത്തുമ്പോൾ ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം ഒന്നാമതെത്തുക എന്നത് ആലോചിക്കാൻപോലുമാകാത്ത അവസ്ഥയിലായിരുന്നു. അസാധ്യമെന്നത് സാധ്യമാക്കാൻ സർക്കാർ പ്രവർത്തിച്ചു. എവിടെയാണോ അവസാനിപ്പിച്ചത് അത് മുന്നോട്ടുകൊണ്ടുപോകാൻ 2021ൽ തുടർഭരണം ലഭിച്ചപ്പോൾ എൽഡിഎഫിന് സാധിച്ചു. അങ്ങനെയാണ് രാജ്യത്ത് ഒന്നാംസ്ഥാനം കേരളത്തിന് നേടാനായത്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും വലിയതോതിൽ മാറ്റങ്ങൾ വന്നു.
തിരുവനന്തപുരത്തെ വികസനപദ്ധതികളിൽ വലിയമാറ്റങ്ങളാണ് വന്നത്. രാജ്യത്ത് ഏറ്റവും ദൈർഘ്യമേറിയ സ്മാർട്ട്റോഡ് പൂർത്തിയാക്കിയത് തിരുവനന്തപുരം നഗരസഭയാണ്. 3000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനങ്ങൾ തിരുവനന്തപുരം നഗരത്തിൽ നഗരസഭ മുഖേന മാത്രം നടപ്പാക്കി. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് 12,380 വീടുകളാണ് നിർമിച്ചത്. അനവധി ഭവനങ്ങളും ഭവനസമുച്ചയങ്ങളും ഒരുക്കി. തിരുവനന്തപുരത്തിന്റെ വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും ഭരണത്തിലെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments