തൊഴിലാളി കർഷക ഐക്യത്തിന്‌ അഭിവാദ്യം

All India General Strike
വെബ് ഡെസ്ക്

Published on Jul 10, 2025, 12:00 AM | 2 min read


ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ഐതിഹാസികമായ സമരചരിത്രത്തിൽ അഭിമാനകരമായ പുതിയ അധ്യായം എഴുതിച്ചേർക്കപ്പെടുന്നതിനാണ്‌ ബുധനാഴ്‌ച രാജ്യം സാക്ഷ്യം വഹിച്ചത്‌. സമസ്‌ത ജനവിഭാഗങ്ങളും പങ്കെടുത്ത ജൂലൈ ഒമ്പതിലെ അഖിലേന്ത്യ പണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ പങ്കെടുത്തതായാണ്‌ ഏകദേശ കണക്ക്‌. തൊഴിലാളികൾ പരാതിപ്പെടുന്നതുപോലും കുറ്റകരമാക്കുന്ന, സംഘടിക്കാനുള്ള അവകാശം കവർന്നെടുക്കുന്ന പ്രതിലോമകരമായ പുതിയ തൊഴിൽചട്ടങ്ങൾ റദ്ദാക്കുക എന്നതടക്കം 17 ആവശ്യമുയർത്തിയാണ്‌ 10 കേന്ദ്ര ട്രേഡ്‌ യൂണിയനും ജീവനക്കാരുടെ ഫെഡറേഷനുകളും പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌. ട്രേഡ്‌ യൂണിയനുകളുടെ സംയുക്തവേദി കഴിഞ്ഞവർഷം ആഗസ്‌ത്‌ 28ന്‌ തൊഴിൽ മന്ത്രാലയവുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, പത്തരമാസം പിന്നിട്ടിട്ടും കേന്ദ്രസർക്കാർ നിഷേധാത്മകമായ അവഗണന തുടരുന്ന സാഹചര്യത്തിലാണ്‌ തൊഴിലാളി സംഘടനകൾ പണിമുടക്കിന്‌ നിർബന്ധിതമായത്‌. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള ബജറ്റ്‌വിഹിതം വർധിപ്പിക്കണം എന്നതടക്കം ട്രേഡ്‌ യൂണിയനുകൾ ഉന്നയിച്ച പല ആവശ്യങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ളവയാണ്‌. നവഉദാര നയങ്ങൾ നടപ്പാക്കാൻ ആരംഭിച്ചശേഷമുള്ള മൂന്നര പതിറ്റാണ്ടിലെ 22–-ാം പണിമുടക്ക്‌ ആ വിനാശനയങ്ങളുടെ കെടുതി അനുഭവിക്കുന്ന ഇന്ത്യൻ ജനത ഏറ്റെടുക്കുന്നതാണ്‌ കണ്ടത്‌.


ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിലെ ഭൂരഹിത കർഷകത്തൊഴിലാളികൾമുതൽ ഇന്ത്യയുടെ ഐടി തലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന ബംഗളൂരുവിലെ ഹൈടെക്‌ ജീവനക്കാർവരെ പണിമുടക്കിന്റെ ഭാഗമായപ്പോൾ അത്‌ രാജ്യത്തിന്റെ പ്രതിഷേധശബ്ദമായി. ഖനികൾ, പാടശേഖരങ്ങൾ, വ്യവസായശാലകൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, ധനസ്ഥാപനങ്ങൾ, ഇൻഷുറൻസ്‌ സ്ഥാപനങ്ങൾ, റെയിൽവേ, മറ്റ്‌ പൊതുഗതാഗത സംവിധാനങ്ങൾ, സ്വകാര്യ കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം തൊഴിലാളികൾ പണിമുടക്കി. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യത്തെ കർഷകസംഘടനകൾ പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കർഷകത്തൊഴിലാളികളുടെയും മറ്റ്‌ ഗ്രാമീണ തൊഴിലാളികളുടെയും സംഘടനകളും പണിമുടക്കിനൊപ്പം ചേർന്നത്‌ ആവേശകരമായ അനുഭവമാണ്‌. സ്വയം തൊഴിൽ കണ്ടെത്തിയ സ്‌ത്രീകളുടെ സംഘടനയായ ‘സേവ’യാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌ത കേന്ദ്ര ട്രേഡ്‌ യൂണിയനുകളിലൊന്ന്‌.


തൊഴിലാളികൾ സംഘടന രൂപീകരിക്കുന്നതടക്കം തടഞ്ഞ്‌ അവകാശപ്പോരാട്ടങ്ങളെ ഇല്ലാതാക്കാനും ജോലിസമയം വർധിപ്പിച്ച്‌ ചൂഷണം ശക്തമാക്കുന്നതിനും വഴിവയ്‌ക്കുന്നതാണ്‌ പുതിയ തൊഴിൽചട്ടങ്ങൾ. മേൽനോട്ടച്ചുമതലയിൽ ഏതെങ്കിലും സ്ഥാപനത്തിൽ 18,000 രൂപമാത്രം ശമ്പളമുള്ളയാൾപോലും തൊഴിലാളി എന്ന നിർവചനത്തിന്‌ പുറത്താവുന്നതാണ്‌ പരിഷ്‌കാരങ്ങളിലൊന്ന്‌. സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കി താൽക്കാലികവൽക്കരിക്കലാണ്‌ തൊഴിലാളികളെ അടിമകളാക്കുന്നതിന്‌ സർക്കാർ കണ്ടെത്തിയ ഒരു മാർഗം. അഗ്നിവീർ എന്നപേരിൽ സുപ്രധാനമായ സൈന്യത്തിൽപ്പോലും കരാർവൽക്കരണം നടപ്പാക്കി. താൽക്കാലികക്കാർക്ക്‌ 12 മണിക്കൂറിലധികം തുച്ഛമായ കൂലിക്ക്‌ പണിയെടുക്കേണ്ടിവരുമ്പോൾ തൊഴിലാളിവർഗം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ‘എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം’ എന്ന അവകാശമാണ്‌ കവർന്നെടുക്കപ്പെടുന്നത്‌. കഴിഞ്ഞ 25 വർഷത്തിനിടെ വ്യവസായമേഖലയിൽ സ്ഥിരം തൊഴിലാളികളുടെ എണ്ണം 75 ശതമാനത്തോളംമാത്രം വർധിച്ചപ്പോൾ കരാർ തൊഴിലാളികളുടെ എണ്ണം കൂടിയത്‌ 300 ശതമാനം വരുമെന്ന്‌ ഒരു പഠനം കാണിക്കുന്നു. പ്രതികരിക്കാൻപോലും അവകാശമില്ലാത്തവരാണിവർ. ഇതിനെതിരെ ഉയരുന്ന പ്രതിഷേധത്തെ കൂടുതൽ വ്യാപിപ്പിക്കുന്നതായി ബുധനാഴ്‌ചത്തെ പണിമുടക്ക്‌.


വളരുന്ന വർഗബോധത്തെയും ശക്തിപ്പെടുന്ന വർഗ ഐക്യത്തെയും വർഗീയവികാരം പടർത്തി ദുർബലമാക്കാനാണ്‌ ബിജെപി സർക്കാരുകൾ എക്കാലവും ശ്രമിച്ചിട്ടുള്ളത്‌. ആ നീക്കങ്ങളെ അതിജീവിച്ചാണ്‌ കർഷകസംഘടനകളും ട്രേഡ്‌ യൂണിയനുകളും അവകാശപ്പോരാട്ടങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ്‌ ലക്ഷ്യംവച്ച ബിജെപിക്ക്‌ ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷം നേടാൻപോലും സാധിക്കാതിരുന്നത്‌ ആ പോരാട്ടങ്ങളുടെ വിജയഫലമാണ്‌. ആ ദിശയിൽ രാജ്യത്തെ പണിയെടുക്കുന്ന എല്ലാ മനുഷ്യരുടെയും ഐക്യത്തിനും അവകാശസ്ഥാപനത്തിനും വേണ്ടിയുള്ള മുന്നേറ്റത്തിൽ മറ്റൊരു നാഴികക്കല്ലായി അഖിലേന്ത്യ പണിമുടക്ക്‌. തൊഴിലാളികളും കർഷകരുമടക്കം രാജ്യത്തെ അധ്വാനിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിഷേധിക്കാനും അവകാശപ്പോരാട്ടങ്ങളെ അടിച്ചമർത്താനുമാണ്‌ കേന്ദ്രസർക്കാർ തുടർന്നും മുതിരുന്നതെങ്കിൽ ഈ സർക്കാരിനെ താഴെയിറക്കുന്ന പുതിയ സ്വാതന്ത്ര്യസമരത്തിന്‌ തയ്യാറാണെന്ന്‌ തൊഴിലാളി സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്‌. ബിജെപി സർക്കാരിന്റെയും അതിനെ താങ്ങിനിർത്തുന്ന വർഗീയ, മൂലധന ശക്തികളുടെയും പ്രചണ്ഡമായ നുണപ്രചാരണങ്ങളെ പരാജയപ്പെടുത്തി പണിമുടക്ക്‌ വൻ വിജയമാക്കിയ മുഴുവൻ തൊഴിൽവിഭാഗങ്ങളെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home