രാജ്യത്തെ നടുക്കിയ വിമാനദുരന്തം

അഹമ്മദാബാദ് വിമാനത്താവളത്തിനുസമീപം എയർ ഇന്ത്യ വിമാനം പൊട്ടിത്തകർന്നുവീണ് 241 പേർ മരിച്ച സംഭവം രാജ്യത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാളൊഴികെ മറ്റെല്ലാവരും മരിച്ചതായാണ് പ്രാഥമിക വിവരം. എയർ ഇന്ത്യ പുറത്തുവിട്ട പട്ടികപ്രകാരം 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഒരു മലയാളിയും മരിച്ചവരിൽ ഉൾപ്പെടും. പത്തനംതിട്ട സ്വദേശിനി രഞ്ജിതയാണ് അപകടത്തിൽ മരിച്ച മലയാളി. മൂന്ന് പതിറ്റാണ്ടിനിടയിൽ ഇന്ത്യയിലുണ്ടായ ഏറ്റവും വലുതും രാജ്യചരിത്രത്തിലെ രണ്ടാമത്തെ വലിയ ആകാശദുരന്തവുമാണിത്. ഡൽഹിയിൽനിന്ന് അഹമ്മദാബാദിലെത്തി ലണ്ടനിലേക്ക് പോകാനായി പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിങ് 787-–-8 വിമാനമാണ് മേഘാനിനഗറിനു സമീപം ജനവാസമേഖലയിൽ തകർന്നു വീണ് പൊട്ടിത്തെറിച്ച് കത്തിയമർന്നത്. സമീപത്തെ ബി ജെ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിലും വിമാനത്തിന്റെ ഭാഗം ഇടിച്ചുകയറിയതിനാൽ അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മെഡിക്കൽ വിദ്യാർഥികളും മരിച്ചിട്ടുണ്ട്.
സർദാർ വല്ലഭ്‌ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വ്യാഴം പകൽ 1.38ന് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കുള്ളിൽത്തന്നെ തകർന്നു. 625 അടി ഉയരത്തിലേക്ക് ഉയർന്ന വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ച് പൊട്ടിത്തെറിച്ച് കത്തുകയായിരുന്നു. അപകടകാരണം കണ്ടെത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ സംഘം അഹമ്മദാബാദിലെത്തി. സാങ്കേതികത്തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും വിവിധ ഏജൻസികളുടെ സംയോജിതമായ അന്വേഷണത്തിലൂടെ മാത്രമേ യഥാർഥ കാരണം കണ്ടെത്താനാകൂ. ഏറെ ദൂരം പറക്കുന്നതിനാവശ്യമായ ഇന്ധനം നിറച്ചിരുന്നതിനാൽ അപകടത്തിനുശേഷമുള്ള തീപിടിത്തത്തിന്റെ വ്യാപ്‌തി ഏറെ വലുതായി. പറന്നുയർന്ന് നിമിഷങ്ങൾക്കകംതന്നെ പൈലറ്റ് അപകടാവസ്ഥയിലാണെന്ന അടിയന്തരസന്ദേശം എയർ ട്രാഫിക് കൺട്രോളിലേക്ക് അയച്ചിരുന്നു. ഇതിനു പിന്നാലെ ആശയവിനിമയം നഷ്ടപ്പെട്ടതായി എടിസി അറിയിച്ചു. പ്രതികൂല കാലാവസ്ഥമൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാർ, തെറ്റായി പ്രവർത്തിക്കുന്ന ഘടനാപരമായ വിഷയം, മെഡിക്കൽ എമർജൻസി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് ഇത്തരം സന്ദേശമയക്കാറുള്ളത്. 625 അടി ഉയരത്തിൽവച്ചാണ് സിഗ്നൽ നഷ്ടമായതെന്ന് ഫ്ലൈറ്റ് റഡാർ വിവരങ്ങളും വ്യക്തമാക്കുന്നു.
ദീർഘദൂര യാത്രയ്‌ക്ക് സജ്ജമായ ബോയിങ്ങിന്റെ 787 ഡ്രീം ലൈനർ വിമാനം പറത്തിയത് പരിചയസമ്പന്നരായ പൈലറ്റുമാരായിരുന്നു. അത്യാധുനികമായ ഈ വിമാനം 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ്. 2014ൽ ആണ് എയർഇന്ത്യയുടെ ഭാഗമായത്. ആറുമാസം മുമ്പും ഈ വിമാനത്തിൽ വലിയ സാങ്കേതികത്തകരാർ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. 300 യാത്രക്കാരുമായി പറന്നുയർന്നപ്പോഴാണ് അന്ന് തകരാർ കണ്ടെത്തിയത്. സാങ്കേതികത്തകരാർ പൂർണമായി പരിഹരിച്ചതായി സാക്ഷ്യപ്പെടുത്തിയശേഷമാണ് വീണ്ടും പറക്കാൻ ഡിജിസിഎ അനുമതി നൽകിയത്. എയർ ഇന്ത്യയുടെയും സർക്കാർ ഏജൻസികളുടെയും ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഗുരുതരവീഴ്‌ച ഉണ്ടായിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള എല്ലാവശങ്ങളും ഗൗരവമായി അന്വേഷിക്കേണ്ടതാണ്. മറ്റ് കാരണങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതാണ്.
വിമാനത്താവളങ്ങൾ ഉൾപ്പെടെ വ്യോമമേഖലയെയാകെ സ്വകാര്യവൽക്കരിക്കുമ്പോൾ യാത്രക്കാരുടെ സുരക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സർക്കാർ മേഖലയിൽ സ്വന്തമായി വിമാനക്കമ്പനി ഇല്ലാത്ത രാജ്യമാണ് ഇപ്പോൾ ഇന്ത്യ. ഇത് മുതലെടുത്ത് സ്വകാര്യകമ്പനികൾ തമ്മിലുള്ള മത്സരം രൂക്ഷമാണ്. സർക്കാരിന്റെ ഒരുവിധ നിയന്ത്രണവുമില്ലാതെ യാത്രക്കൂലി വർധിപ്പിക്കുന്നെന്ന് മാത്രമല്ല, ലാഭംമാത്രം ലക്ഷ്യമിടുന്ന വിമാനക്കമ്പനികൾ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകുന്നതിലും ഗുരുതര വീഴ്‌ച വരുത്തുന്നതായി ആക്ഷേപം നിലനിൽക്കുന്നു. വിമാനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തി സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത വിമാനക്കമ്പനികൾക്കും സർക്കാരിനുമുണ്ട്. രാജ്യത്തെ നടുക്കത്തിലാഴ്‌ത്തിയ അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇടയാക്കിയ എല്ലാ കാരണങ്ങളും കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവരണം.









0 comments