അടിത്തറയിട്ട് കോൺക്ലേവ് മലയാള സിനിമ കുതിക്കട്ടെ

ഒട്ടേറെ മേഖലകളിൽ അഭിമാനകരമായി വേറിട്ട് നിൽക്കുന്ന കേരളത്തിന്റെ തിളക്കങ്ങളിൽ ഒന്നാണ് മലയാള സിനിമ. നൂറ് വർഷത്തോളം നീളുന്ന പ്രൗഢമായ ചരിത്രമുള്ള മലയാള സിനിമാ മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ദ്വിദിന കോൺക്ലേവ് പ്രതീക്ഷാനിർഭരമായ സന്ദേശമാണ് നൽകുന്നത്. എല്ലാവരെയും ഉൾക്കൊള്ളുകയെന്ന ശരിയായ രാഷ്‌ട്രീയബോധത്തിന്റെ അടിസ്ഥാനത്തിൽ ലൈറ്റ്‌ബോയ്‌മുതൽ സംവിധായകൻവരെയുള്ളവരെ പങ്കെടുപ്പിച്ച് കോൺക്ലേവ് നടത്തിയപ്പോൾത്തന്നെ പകുതി വിജയമായി. ഏതു രംഗത്തും കടന്നുവരാവുന്ന തെറ്റായ പ്രവണതകളും ആശാസ്യമല്ലാത്ത സ്വാധീനങ്ങളും മലയാള സിനിമയിൽ പടർത്തിയ കരിനിഴൽ നീക്കുകയെന്ന ലക്ഷ്യത്തിന്റെകൂടി അടിസ്ഥാനത്തിലാണ് ഈ ഒത്തുചേരൽ ഒരുക്കിയത്. ‘‘നല്ല സിനിമ, നല്ല നാളെ’’ എന്ന ആശയം മുന്നോട്ടുവച്ച സംഗമം അർഥപൂർണമായ സംവാദങ്ങളാലും പ്രതിഭകളുടെ സാന്നിധ്യത്താലും മികച്ചതായി.
ഇന്ന് കാണുന്ന കേരളം സൃഷ്ടിച്ചെടുത്തതിൽ നിർണായക പങ്ക് വഹിച്ച സാംസ്‌കാരികമേഖലയിൽ സിനിമയും അതിന്റേതായ സംഭാവന നൽകിയിട്ടുണ്ട്. രാജ്യത്തെ പല ഭാഷകളിലെയും സിനിമകൾ പ്രാരംഭകാലത്ത് പുരാണകഥകളിൽ കുടുങ്ങിക്കിടന്നപ്പോൾ മലയാളത്തിലെ ആദ്യസിനിമയായ ‘വിഗതകുമാരനി’ലും ആദ്യശബ്ദ സിനിമയായ ‘ബാലനി’ലും സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളാണ് പ്രമേയമായത്. തുടർന്നിങ്ങോട്ട് എക്കാലത്തും മണ്ണിലുറച്ചുനിന്ന് മനുഷ്യന്റെ ഭാഷയിൽ സംസാരിച്ചാണ് മലയാളസിനിമ മുന്നേറിയത്; ചില്ലറ അപഭ്രംശങ്ങൾ ചൂണ്ടിക്കാണിക്കാമെങ്കിലും. കലാമൂല്യം മാത്രമല്ല, വാണിജ്യവിജയവും മലയാള സിനിമയ്‌ക്ക് തിളക്കമേകി. ഡിജിറ്റൽ സാങ്കേതികവിദ്യാരംഗത്തെ വിസ്‌മയാവഹമായ കുതിപ്പ് സിനിമയ്‌ക്ക് മുന്നിൽ അപാരമായ സാധ്യതകൾ തുറന്നിട്ടപ്പോൾത്തന്നെ പ്രതിസന്ധികളും സൃഷ്ടിച്ചിട്ടുണ്ട്. വർഗീയശക്തികൾ കോർപറേറ്റ് പിന്തുണയോടെ മലയാളസിനിമാ മേഖലയിലും കടന്നാക്രമണം ആരംഭിച്ചത് ആശങ്കാജനകമായ മറ്റൊരു സംഭവവികാസമാണ്. സാമൂഹ്യ–-സാമ്പത്തിക തലങ്ങളിൽ ഇഴചേർന്നിരിക്കുന്ന സിനിമയെ നിലനിർത്താനും മനുഷ്യത്വപരമായ പാതയിൽ മുന്നോട്ടുനയിക്കാനും ഇടതുപക്ഷ സർക്കാർ മുന്നിട്ടിറങ്ങിയത് ഈ സാഹചര്യത്തിലാണ്.
പലവിധ താൽപ്പര്യമുള്ള പങ്കാളികൾ വ്യാപരിക്കുന്ന ഇത്തരമൊരു മേഖലയിൽ സർക്കാർ ഇടപെടുന്നതിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവരെയടക്കം ആകർഷിച്ച പരിപാടിയായി കോൺക്ലേവ് മാറി. നൂതനമായ ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കിടാനുള്ള തുറന്നവേദിയായി കോൺക്ലേവ് മാറുമെന്ന് പ്രത്യാശിക്കുന്നതായി ഉദ്‌ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. മലയാള സിനിമാ മേഖലയുടെ വളർച്ചയ്‌ക്കായി 1967ലെ ഇ എം എസ് സർക്കാർ മുതൽ നടത്തിയ ഇടപെടലുകളും അദ്ദേഹം ഓർമിപ്പിച്ചു. ദുരഭിമാനം മാറ്റിവച്ച്, ഈ വ്യവസായം നിലനിന്നാലേ സിനിമാപ്രവർത്തകർക്ക് നിലനിൽപ്പുള്ളൂ എന്ന ധാരണയോടെ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ക്ലോൺക്ലേവിന്റെ ഭാഗമായി നടന്ന ഒമ്പത് പാനൽ ചർച്ചകളിലും മൂന്ന് ഉപചർച്ചകളിലും ക്രിയാത്മക ആശയങ്ങളും അഭിപ്രായങ്ങളും ഉയർന്നു. വിദേശപ്രതിനിധികളും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരും പങ്കെടുത്തു. ഷൂട്ടിങ് കേന്ദ്രങ്ങളിൽ ലിംഗസമത്വം, പൂർണ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഗൗരവപൂർണമായ ചർച്ചകളുണ്ടായി. ഷൂട്ടിങ് കേന്ദ്രങ്ങളിൽ ആഭ്യന്തരപരാതി പരിഹാര സെല്ലുകൾ നിർബന്ധമായും രൂപീകരിക്കണമെന്ന് ആവശ്യമുയർന്നു. പ്രസവാവധി നൽകുന്നത് പരിഗണനയിലാണെന്ന് വിവിധ സിനിമാസംഘടനകൾ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമാമേഖലയിൽ ഉണ്ടാകുന്ന സ്വാഗതാർഹമായ മാറ്റങ്ങൾക്ക് ഉദാഹരണമാണിത്.
കോൺക്ലേവ് തുടക്കമോ ഒടുക്കമോ അല്ല. ഇവിടെ ഉയർന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ഉടൻ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെയും ചലച്ചിത്ര അക്കാദമിയുടെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പൊതുജനങ്ങളിൽനിന്നുള്ള പ്രതികരണത്തിന്റെകൂടി അടിസ്ഥാനത്തിൽ മൂന്ന് മാസത്തിനകം സർക്കാർ നയം പ്രഖ്യാപിക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷപാതരഹിതമായ, തെറ്റുകൾക്കെതിരെ നടപടി ഉറപ്പാക്കുന്ന, തൊഴിൽസുരക്ഷയും ലിംഗസമത്വവും ഉറപ്പാക്കുന്നതാകും നയമെന്നും അദ്ദേഹം വിശദീകരിക്കുന്നു. അരികുവൽക്കരിക്കപ്പെട്ടവർക്കും സിനിമാലോകത്ത് ചുവടുറപ്പിക്കാൻ ഉതകുന്ന നയസമീപനമാണ് എൽഡിഎഫ് സർക്കാർ ഇതിനകം സ്വീകരിച്ചുവരുന്നത്. സംസ്‌കാരങ്ങൾക്കും ജനകീയമുന്നേറ്റങ്ങൾക്കും വഴിതുറക്കുന്നത് ഫലപ്രദമായ ആശയപ്രചാരണമാണ് എന്നതിനാൽ പ്രായഭേദമന്യേ എല്ലാവരെയും സ്വാധീനിക്കുന്ന സിനിമ എന്ന കലയെ, അതിന്റെ നന്മകൾ കഴിയുന്നത്ര സംരക്ഷിച്ച് നിലനിർത്തേണ്ടത് കാലം ആവശ്യപ്പെടുന്ന കടമയാണ്. ഈ ദൗത്യം ഏറ്റെടുത്ത എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.









0 comments