ഗർഭിണിയെ ചവിട്ടിവീഴ്‌ത്തിയ സംഭവം
പ്രതികളായ ആർഎസ്എസ് പ്രവർത്തകർ ഒളിവിൽ

പേരൂർക്കട
തലസ്ഥാനത്ത് ഗർഭിണിയെ ചവിട്ടിവീഴ്‌ത്തിയ സംഭവത്തിൽ ആർഎസ്എസ്–ബിജെപി ക്രിമിനലുകളായ പ്രതികൾ ഒളിവിൽ. ആർഎസ്എസ് പ്രവർത്തകരായ ലാൽ പ്രവീൺ, അനന്തു അനിൽകുമാർ, ഗോകുൽ, പ്രശാന്ത്, മഹേഷ് എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് കേസിലെ പ്രതികൾ. ഇവരെ ജില്ലയിലെ ബിജെപി – ആർഎസ്എസ് നേതാക്കൾ സംരക്ഷിക്കുന്നതായാണ് വിവരം. പട്ടികജാതി–വർഗ നിയമപ്രകാരമുള്ള കേസായതിനാൽ കന്റോൺമെന്റ് എസിപി സ്റ്റുവർട്ട് കീലറിനാണ് അന്വേഷണച്ചുമതല. കഴിഞ്ഞ വ്യാഴം രാത്രി ഏഴോടെയാണ് വട്ടിയൂർക്കാവ് മലമുകളിലെ ദളിത് കുടുംബത്തെ പ്രതികൾ ആക്രമിച്ചത്. യുവതിയുടെ സഹോദരങ്ങളെ കുറുവടികൊണ്ട് ക്രൂരമായി തല്ലിച്ചതച്ച് താടിയെല്ല് ഇടിച്ചുതകർത്തു. മലമുകൾ മുളകുകാട് അജിത് ഭവനിൽ അജയൻ – -ബിന്ദു ദമ്പതികളുടെ മക്കളായ അഞ്ജലി (21), സഹോദരന്മാരായ അജിത് (23), അഭിജിത് (20) എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ജലി വീടിനുസമീപത്തെ സഹോദരിയുടെ വീട് വൃത്തിയാക്കുന്നതിനിടെ സമീപവാസിയായ അനിലും പ്ലസ്ടു വിദ്യാർഥിയായ മകനും ചേർന്ന് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതറിഞ്ഞ അജിത്തും അഭിജിത്തും അനിലിനെ ചോദ്യംചെയ്യുന്നതിനിടെ അനിലിനൊപ്പമുണ്ടായിരുന്ന ആർഎസ്എസ് – ബിജെപി സംഘം ആക്രമിക്കുകയായിരുന്നു. സഹോദരന്മാരെ മർദിക്കുന്നത് കണ്ട് തടയാനെത്തിയ അഞ്ജലിയെ ലാൽ പ്രവീണും അനന്തുവും ചേർന്ന് വയറ്റിൽ ചവിട്ടുകയായിരുന്നു. നിലത്തുവീണപ്പോൾ മർദിക്കുകയും ചെയ്തു.
അഞ്ജലിയോട് അശ്ലീല ഭാഷയിൽ സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ആർഎസ്എസുകാർ ക്രൂരമായി മർദിച്ചതെന്ന് അഞ്ജലിയുടെ അമ്മ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മക്കളെ ആക്രമിച്ചത് തടയാൻ ശ്രമിച്ച തന്നെയും സംഘം ചവിട്ടിയെന്നും അവർ പറഞ്ഞു. മൂന്നിടങ്ങളിലായി വീട്ടുജോലി ചെയ്താണ് ബിന്ദു കുടുംബം പോറ്റുന്നത്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരുമ്പോൾ പ്രതികൾ സ്ഥിരം വഴിയിൽ തടഞ്ഞുനിർത്തി അശ്ലീല ഭാഷയിൽ സംസാരിക്കാറുണ്ട്. മകന്റെ നാവിനടക്കം ഗുരുതര പരിക്കേറ്റതോടെ ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഗർഭിണിയായ മകൾക്ക് പരിക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. വഴിനടക്കാനും പൊതുടാപ്പിൽ നിന്ന് വെള്ളമെടുക്കാൻ പോലും അനുവദിക്കാത്ത സാഹചര്യമാണുള്ളതെന്നും അവർ പറഞ്ഞു.









0 comments