തങ്കശ്ശേരിയില്‍ തീപിടിത്തം: 4 വീട് കത്തിനശിച്ചു

കൊല്ലം
തങ്കശ്ശേരിയിലെ വീട്ടിൽ ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ച് അപകടം. വാടിക്ക് സമീപം ആല്‍ത്തറമൂടില്‍ രാത്രി എട്ടിനായിരുന്നു സംഭവം. ആളപായമില്ല. അടഞ്ഞുകിടന്ന വീട്ടിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇത് സമീപ വീടുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ആല്‍ത്തറമൂട് വടക്കേതൊടിയില്‍ സത്യന്‍, കൃഷ്ണന്‍കുട്ടി, ശാന്തി, വിജി സതീശന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. വീടുകള്‍ അടുത്തടുത്തായതിനാല്‍ തീ പെട്ടെന്ന് പടരുകയായിരുന്നു. തകര ഷീറ്റ് കൊണ്ട് നിര്‍മിച്ച വീടുകളായതിനാല്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. തീ വ്യാപിക്കുന്നതുകണ്ട് ആളുകള്‍ സമീപ പ്രദേശങ്ങളിലേക്ക് മാറി. രണ്ട് ഗ്യാസ് സിലണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍നിന്ന് നാലു യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയുമായി സഹകരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ആംബുലന്‍സ് സേവനവും ലഭ്യമാക്കി. സംഭവസ്ഥലത്ത് താമസിച്ചിരുന്ന ആളുകളെ പൂര്‍ണമായും മാറ്റി. മറ്റ് സ്ഥലങ്ങളിലേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും എടുത്തു. 32 വീട്ടിലായി ഇരുന്നോറോളം പേരാണ് പ്രദേശത്ത് താമസിക്കുന്നത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ എം ഇക്ബാല്‍, മേയര്‍ ഹണി, കലക്ടര്‍ എന്‍ ദേവിദാസ്, ഏരിയ സെക്രട്ടറി എച്ച് ബേയ്സില്‍ ലാല്‍, ഏരിയ കമ്മിറ്റി അംഗം ജി ആനന്ദന്‍, ലോക്കല്‍ സെക്രട്ടറിമാരായ എസ് അശോക് കുമാര്‍, ജെ ബിജു, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ മിന്നു റോബിന്‍, സബീന സ്റ്റാന്‍ലി, മീനു ഗിരീഷ്, ലക്ഷ്മി മോഹന്‍ എന്നിവരും സ്ഥലത്തെത്തി.







0 comments