നീലേശ്വരത്ത് ലീഗിനെ ഒതുക്കി, സിഎംപിയെ തുടച്ചുനീക്കി

നീലേശ്വരം നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ നീലേശ്വരം നഗരസഭയിൽ ലീഗും കോണ്‍ഗ്രസും തമ്മിലുണ്ടായ സീറ്റ് തര്‍ക്കം യുഡിഎഫ് ജില്ലാകമ്മറ്റി ഒതുക്കിതീര്‍ത്തപ്പോള്‍ ഇഷ്ടമില്ലാത്ത സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് സിഎംപി (സി പി ജോൺ വിഭാഗം) തെരഞ്ഞെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാൻ തീരുമാനിച്ചു. ലീഗുമായി സീറ്റ് ധാരണയുണ്ടാക്കിയിട്ടും കോൺഗ്രസ് ചതിക്കുകയാണെന്ന് പറഞ്ഞാണ് സിഎംപി മുന്നണിയിൽനിന്നും വിട്ടുനിൽക്കുന്നത്. ചിറപ്പുറം വാര്‍ഡിലായിരുന്നു കഴിഞ്ഞ രണ്ടുതവണയും സിഎംപി മത്സരിച്ചത്. ഇത്തവണ ലീഗിന്റെ താല്‍പര്യത്താൽ സിഎംപിയും ലീഗും സീറ്റുകള്‍ വച്ചുമാറാന്‍ ധാരണയായിരുന്നു. ചിറപ്പുറം ലീഗിനും ലീഗ് മത്സരിച്ച കണിച്ചിറ സിഎംപിക്കും നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ കണിച്ചിറയിൽ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും പകരം പാലാത്തടം വാര്‍ഡ് സിഎംപിക്ക് നല്‍കുമെന്ന് അറിയിക്കുകയായിരുന്നു. ലീഗുമായുണ്ടാക്കിയ ധാരണപ്രകാരം കണിച്ചിറ തന്നെ വേണമെന്ന് സിഎംപി ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് അംഗീകരിച്ചില്ല. ഇതോടെയാണ് നഗരസഭയില്‍ മത്സരിക്കേണ്ടതില്ലെന്ന് സിഎംപി തീരുമാനിച്ചത്. നീലേശ്വരത്തെ സിഎംപി പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്തില്‍ സിഎംപി സ്ഥാനാര്‍ഥി മത്സരിക്കുന്ന മടിക്കൈ വാര്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തും. 32-ാം വാര്‍ഡായ കൊട്രച്ചാലില്‍ ലീഗ് അവകാശവാദം ഉന്നയിച്ചിരുന്നു. അവസാനനിമിഷം വരെ കൊട്രച്ചാല്‍ വേണമെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചുനിന്നു. യുഡിഎഫ് മുനിസിപ്പല്‍ കമ്മറ്റിയും മണ്ഡലം കമ്മറ്റിയും ചര്‍ച്ചചെയ്തിട്ടും ധാരണയിലെത്താനായി. ഒടുവില്‍ യുഡിഎഫ് ജില്ലാ യോഗത്തിൽ കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ തീരുമാനമെടുത്തത്. ഇവിടെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും സീറ്റ് ലീഗിന് നൽകണമെന്ന ആവശ്യമുയിച്ചിരുന്നു. പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തുമെന്നാണ് ഈ വിഭാഗം പറയുന്നത്.








0 comments