മാർത്തോമാ തിയോളജിക്കൽ സെമിനാരി നൂറാംവർഷത്തിൽ

കോട്ടയം മാർത്തോമാ വൈദീക സെമിനാരി ശതാബ്ദി വർഷത്തിലേക്ക് പ്രവേശിച്ചു. ശതാബ്ദിയാഘോഷം ഉദ്ഘാടനം 24ന് പകൽ 3.30ന് കോട്ടയം ജെറുസലേം പള്ളിയിൽ നടക്കും. ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഉദ്‌ഘാടനംചെയ്യും. മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയാകുമെന്ന് സെമിനാരി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിയോൻ കുന്നിൽ 1895ൽ മാർത്തോമാ സെമിനാരി സ്കൂൾ സ്ഥാപിച്ചു. കോട്ടയം നഗരത്തെ അക്ഷരനഗരിയായി ഉയർത്തുന്നതിൽ സ്കൂളും സെമിനാരിയും പങ്കുവഹിച്ചു. 1926-ൽ സെമിനാരി ഔദ്യോഗികമായി ശുശ്രൂഷകരെ പരിശീലിപ്പിക്കാൻ ആരംഭിച്ചു. ബംഗളുരുവിലെ യുനൈറ്റഡ് തിയോളജിക്കൽ കോളേജ് പ്രൊഫസർ ഡോ. കെ കെ കുരുവിളയാണ് ആദ്യ പ്രിൻസിപ്പൽ. 1970-ൽ ബാച്ചിലർ ഓഫ് തിയോളജിയും 1974-ൽ ബാച്ചിലർ ഓഫ് ഡിവിനിറ്റി(ബിഡി)യും ആരംഭിച്ചു. 1980ൽ ഫെഡറേറ്റഡ് ഫാക്കൽറ്റി ഫോർ റിസർച്ച് ഇൻ റിലിജിയൻ ആൻഡ് കൾച്ചർ മുഖേന പോസ്റ്റ് ഗ്രാജുവേറ്റ്, ഡോക്ടറൽ പഠനങ്ങൾ തുടങ്ങിയവയും ആരംഭിച്ചു. ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ച് ശതാബ്ദി സ്മരണിക പ്രസിദ്ധീകരണം, 1000 തൈകൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ പരിപാടികൾ നടത്തുമെന്ന് പ്രിൻസിപ്പൽ റവ. എം സി തോമസ്, റവ. എ ജോൺ ഫിലിപ്പ്, റവ. വി എം മാത്യു എന്നിവർ അറിയിച്ചു.









0 comments