print edition ഗാസയിൽ വീണ്ടും ചോരപ്പുഴ ; വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേല്‍

ഗാസ സിറ്റി
വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കി. ബുധനാഴ്‌ചയും വ്യാഴാഴ്‌ചയുമായി 29 പലസ്‌തീൻകാരെ കൊന്നൊടുക്കി. വ്യാഴാഴ്‌ച ഖാൻ യൂനിസിൽ നാലുപേർ കൊല്ലപ്പെട്ടു. പതിനെട്ടുപേർക്ക് പരിക്കേറ്റു. അബാസൻ നഗരത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു.
ഖാൻ യൂനിസിന് കിഴക്കുള്ള ബാനി സുഹൈല പട്ടണത്തിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പെൺകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ബുധനാഴ്‌ച ആക്രമണങ്ങളിൽ 25 പലസ്‌തീൻകാരാണ് കൊല്ലപ്പെട്ടത്. ഗാസ നഗരത്തിലെ സെയ്‌തൂണിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങൾ താമസിച്ച കെട്ടിടത്തിലാണ് ആക്രമണമുണ്ടായത്. ഇസ്രയേൽ ആക്രമണങ്ങൾ കൂടിയ സാഹചര്യത്തിൽ സമാധാന കരാറിലെത്താൻ മധ്യസ്ഥരായ അറബ് രാജ്യങ്ങളും തുർക്കിയയും അമേരിക്കയും ഇടപെടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
രണ്ടുവർഷമായി തുടരുന്ന ഇസ്രയേൽ ആക്രമണത്തിന് അറുതിവരുത്താന്‍ ഒക്‌ടോബർ 10-ന് വെടിനിർത്തൽ കരാര്‍ നിലവില്‍ വന്നെങ്കിലും ഇസ്രയേൽ കൂട്ടക്കൊല തുടരുകയാണ്. വെടിനിർത്തൽ കരാറിനുശേഷം ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 312 പേർ കൊല്ലപ്പെട്ടു.








0 comments