print edition രാഷ്‌ട്രപതിയുടെ ചോദ്യം, 
കോടതിയുടെ ഉത്തരം

Presidential Reference question and answers
വെബ് ഡെസ്ക്

Published on Nov 21, 2025, 04:45 AM | 2 min read


1. അനുച്ഛേദം 200 അനുസരിച്ച്‌ ബിൽ പരിഗണനയ്‌ക്ക്‌ വന്നാൽ ഗവർണറുടെ ഭരണഘടനാപരമായ മാർഗങ്ങൾ എന്തൊക്കെ?

​ഉത്തരം: ബില്ലിന് അംഗീകാരം നൽകാം, തടഞ്ഞുവയ്‌ക്കാം, അംഗീകാരത്തിനായി രാഷ്‌ട്രപതിക്ക് അയക്കാം. ബിൽ പിടിച്ചുവച്ചാൽ അത്‌ നിയമസഭയിലേക്ക്‌ തിരികെ അയക്കണം


2. അനുച്ഛേദം 200 പ്രകാരമുള്ള എല്ലാ മാർഗവും ഗവർണർ വിനിയോഗിക്കുമ്പോൾ മന്ത്രിസഭയുടെ ഉപദേശത്തിന്‌ അദ്ദേഹം ബാധ്യസ്ഥനാകുമോ?

​ഉത്തരം: സാധാരണയായി ഗവർണർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ച്‌ പ്രവർത്തിക്കണം. എന്നാൽ ബിൽ തിരിച്ചയക്കാനോ രാഷ്‌ട്രപതിക്ക്‌ വിടാനോ അനുച്ഛേദം 200 പ്രകാരം ഗവര്‍ണര്‍ക്ക് വിവേചനാധികാരമുണ്ട്‌.


3. ബില്ലുകളിൽ വിവേചനാധികാരം ഗവർണർ പ്രയോഗിക്കുന്നതിൽ കോടതിക്ക് ഇടപെടനാകുമോ

​ഉത്തരം: ഗവർണറുടെ പ്രവർത്തനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാനാകില്ല. എന്നിരുന്നാലും പ്രകടമായ നിഷ്‍ക്രിയത്വമുണ്ടാവുകയും അകാരണമായി ഒപ്പിടാൻ തയ്യാറാകാത്തുമായ ഘട്ടത്തിൽ ആ നടപടിയുടെ മെറിറ്റിലേക്ക്‌ കടക്കാതെ, യുക്തിസഹമായ സമയപരിമിതിക്കുള്ളിൽ തീരുമാനമെടുക്കാൻ കോടതിക്ക്‌ നിർദേശിക്കാം.​


4. അനുച്ഛേദം 200 അനുസരിച്ച്‌ ഗവർണർ ബില്ലിൽ സ്വീകരിക്കുന്ന നടപടികളിൽ ജുഡീഷ്യൽ റിവ്യൂ നടത്തുന്നതിന്‌ അനുച്ഛേദം 361 പ്രകാരം പൂർണനിരോധനമുണ്ടോ?​

ഉത്തരം: ഉണ്ട്‌. എന്നിരുന്നാലും നിഷ്‌ക്രിയത്വത്തിന്റെ ഘട്ടത്തിൽ പരിമിതമായി കോടതിക്ക് ഇടപെടാം. ഗവർണർക്ക് പരിരക്ഷയുണ്ടെങ്കിലും ഓ-ഫീസ്‌ ജുഡിഷ്യൽ റിവ്യൂവിന്റെ പരിധിയിലാണ്‌.


5. സമയപരിധിയും അധികാരങ്ങൾ പ്രയോഗിക്കുന്ന രീതിയും ഭരണഘടനാപരമായി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അനുച്ഛേദം 200 പ്രകാരമുള്ള നടപടികള്‍ക്ക് ജുഡീഷ്യൽ ഉത്തരവുകൾ വഴി ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിക്കാൻ സാധിക്കുമോ?


6. അനുച്ഛേദം 201 പ്രകാരം രാഷ്‌ട്രപതി വിവേചനാധികാരം പ്രയോഗിക്കുന്നതിൽ കോടതിക്ക് ഇടപെടാനാകുമോ?


7. സമയപരിധിയും അധികാരങ്ങൾ പ്രയോഗിക്കുന്ന രീതിയും ഭരണഘടനാപരമായി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ 201 പ്രകാരമുള്ള വിവേചനാധികാരം പ്രയോഗിക്കുന്നതിന്‌ രാഷ്‌ട്രപതിക്ക്‌ ജുഡീഷ്യൽ ഉത്തരവുകൾ വഴി സമയപരിധി നിശ്ചയിക്കാനാവുമോ?​
ഉത്തരം: (മൂന്നുചോദ്യങ്ങൾക്കും) –ഫെഡറൽ, ജനാധിപത്യ രാഷ്‌ട്രമെന്ന നിലയിൽ ഭരണഘടനാപദവി വഹിക്കുന്നവരുടെ പ്രവർത്തനങ്ങൾക്ക്‌ ഒരു ഇലാസ്‌തിക സ്വഭാവമുണ്ട്‌. ഇതിന്‌ വിരുദ്ധമായി ഗവർണർക്കും രാഷ്‌ട്രപതിക്കും സമയപരിധി ഏർപ്പെടുത്താനാകില്ല.


8. ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക്‌ ഗവർണർ വിടുമ്പോഴും അല്ലാതെയും റഫറൻസുവഴി സുപ്രീംകോടതിയുടെ അഭിപ്രായം രാഷ്‌ട്രപതി തേടേണ്ടതുണ്ടോ?​
ഉത്തരം: എപ്പോഴും കോടതി ഉപദേശം തേടേണ്ടതില്ല. അവ്യക്തതയുണ്ടെങ്കിൽ മാത്രം ഉപദേശം തേടാം.


9. ബിൽ നിയമമാകുംമുമ്പ്‌ ഘട്ടത്തിൽ ഗവർണറും രാഷ്‌ട്രപതിയും എടുക്കുന്ന തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാനാകമോ? ബിൽ നിയമാകുംമുമ്പ്‌ ബില്ലിന്റെ ഉള്ളടക്കത്തിൽ കോടതികൾക്ക്‌ വിധിന്യായം നടത്താനാവുമോ?

ഉത്തരം: ഇല്ല, നിയമമായി മാറിയ ശേഷം മാത്രമേ ചോദ്യം ചെയ്യാനാകു.


10. വിവേചനാധികാരം പ്രയോഗിച്ച്‌ രാഷ്‌ട്രപതിയും ഗവർണറും എടുക്കുന്ന തീരുമാനത്തിൽ അനുച്ഛേദം 142 പ്രകാരം സുപ്രീംകോടതിക്ക്‌ മാറ്റം വരുത്താനാകുമോ?​

ഉത്തരം : ഇല്ല. അനുച്ഛേദം 142 പ്രകാരം ‘ഡീംഡ്‌ അസന്റ്‌ ’ ഭരണഘടന അനുവദിക്കുന്നില്ല.


11. ഗവർണറുടെ അനുമതിയില്ലാതെ നിയമസഭ പാസാക്കുന്ന നിയമം പ്രാബല്യത്തിൽ വരുന്ന നിയമമാണോ

ഉത്തരം: പത്താം ചോദ്യത്തിന്റെ ഭാഗമായി മറുപടി നൽകി. ഗവർണറുടെ അധികാരം പ്രയോഗിക്കാൻ മറ്റൊരു ഭരണഘടനാ കേന്ദ്രത്തിന്‌ ആകില്ല.


12. ഭരണഘടനയെ വ്യാഖ്യാനിക്കേണ്ട നിയമപരമായ ചോദ്യങ്ങളാണെന്ന്‌ തീരുമാനിക്കപ്പെട്ടാൽ അവ കുറഞ്ഞത്‌ അഞ്ചംഗ ബെഞ്ചിലേക്ക്‌ വിടേണ്ടത്‌ നിർബന്ധമല്ലേ

ഉത്തരം: റഫറൻസുമായി ബന്ധമില്ലാത്തതിനാൽ ഉത്തരം നൽകാതെ മടക്കുന്നു


13. 142 പ്രകാരമുള്ള സുപ്രീം കോടതിയുടെ അധികാരങ്ങൾ നടപടിക്രമ നിയമത്തിലെയോ ഭരണഘടനയുടെ ആർട്ടിക്കിൾ 142 ലെയോ കാര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ? അതോ നിലവിലുള്ള നിയമങ്ങൾക്കോ ​​ഭരണഘടനയ്‌ക്കോ എതിരായ ഉത്തരവുകൾ നൽകാൻ കോടതിക്ക് കഴിയുമോ?"

ഉത്തരം: പത്താം ചോദ്യത്തിന്റെ ഭാഗമായി മറുപടി നൽകി


14. അനുച്ഛേദം 131 പ്രകാരമുള്ള കേസ്‌ വഴിയല്ലാതെ കേന്ദ്ര-–-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന്‌ മറ്റൊരു അധികാരപരിധി ഉപയോഗിക്കാൻ സുപ്രീംകോടതിക്ക്‌ ഭരണഘടനാപരമായ വിലക്കുണ്ടോ

ഉത്തരം: ചോദ്യം അപ്രസക്തം.



deshabhimani section

Related News

View More
0 comments
Sort by

Home